തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരുടെ പ്രതീക്ഷാകേന്ദ്രമായ പി എസ് സിയുടെ പേരിൽ അംഗങ്ങൾ നടത്തുന്ന കൊള്ളരുതായ്മകൾ അങ്ങാടിപ്പാട്ടാണ്. അതിൽ പലകഥകളും മറുനാടൻ മലയാളിതന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മാസം ഒരു ലക്ഷം ശമ്പളം വാങ്ങിയിട്ടും മതിയാകാതെ യുവാക്കളുടെ ആശ്രയകേന്ദ്രത്തെ വിഴുങ്ങാൻ ശ്രമിക്കുന്ന അംഗങ്ങളുടെ പണക്കൊതിയുടെ കഥയാണ് ഇപ്പോൾ പുറത്തുവിടുന്നത്.

ഇരുപതംഗങ്ങളും ചെയർമാനും സെക്രട്ടറിയും അടങ്ങുന്നതാണ് നമ്മുടെ പി എസ് സി. ഇക്കാലമത്രയും പി എസ് സി അംഗങ്ങളുടെ യാത്രാബത്ത (ടി എ) കിലോമീറ്ററിന് ആറു രൂപയായിരുന്നു. എന്നാൽ ഈ മാസം ആദ്യത്തെ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം സർക്കാരിന്റെ അനുമതിയില്ലാതെ തങ്ങളുടെ യാത്രാബത്ത ആറിൽനിന്നും പതിനഞ്ച് ആക്കി ഉയർത്തി. പി എസ് സി അംഗങ്ങളുടേയും ഭരണസമിതിയുടേയും എല്ലാ തോന്ന്യവാസങ്ങൾക്കും കുടപിടിച്ച സർക്കാർ ഇക്കാര്യത്തിൽ ആ നയം അംഗീകരിച്ചില്ല.

യാത്രാബത്ത ഇരട്ടിയിലേറെ വർധിപ്പിക്കാൻ പി എസ് സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ധനവകുപ്പ് സെക്രട്ടറി ഫയൽ തിരിച്ചയച്ചതോടെ കൂടുതൽ പണം അടിച്ചെടുക്കാമെന്ന പി എസ് സി അംഗങ്ങളുടെ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.എന്നാൽ പി എസ് സി യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ച യാത്രാബത്ത വർധന തടയാൻ സർക്കാരിന് അധികാരമില്ലെന്നാണ് അംഗങ്ങളുടെ വാദം.

കിലോമീറ്ററിന് ആറുരൂപ എന്ന നിരക്കിൽ തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള പി എസ് സി അഭിമുഖങ്ങൾക്കും യോഗത്തിനും പോകുമ്പോൾ ഒരു ദിവസം 3200 രൂപവരെ അംഗങ്ങൾക്ക് എഴുതിയെടുക്കാം. കിലോമീറ്ററിന് 15 രൂപയാക്കുമ്പോൾ ഇത് 8000 വരെയായി ഉയരും. ഇത്രയേറെ എളുപ്പത്തിൽ സർക്കാരിന്റെ പണം അടിച്ചുമാറ്റാനുള്ള പി എസ് സി അംഗങ്ങളുടെ ശ്രമം തുടരുമെന്നാണ് സൂചന.

വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ, പ്രൊഫസർമാർ, സാഹിത്യകാരൻ എന്നിങ്ങനെ സമൂഹത്തിൽ ഉന്നതപദവിയുള്ളവരാണ് ഈ വെട്ടിപ്പിനുവേണ്ടി മുറവിളികൂട്ടുന്നത്. പഠിച്ചുപോയെന്ന ഒരു തെറ്റിന്റെ പേരിൽ ഒരു സർക്കാർ ജോലിയെന്ന സ്വപ്നവുംപേറി പി എസ് സിയെ നോക്കി പ്രാർത്ഥിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി മറന്നുകൊണ്ടാണ് ഇവരുടെ കളി.

ചെയർമാൻ ഉൾപ്പെടെ ആറ് അംഗങ്ങളാണ് മുമ്പ് പി എസ് സി യിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 21 ആക്കി. തിങ്കളാഴ്ചതോറുമുള്ള പി എസ് സി യോഗങ്ങൾ ക്വാറം തികയാത്തതുകൊണ്ട് തീരുമാനമെടുക്കാതെ പിരിച്ചുവിടുകയാണ് പതിവ്. വന്നാൽത്തന്നെ പരസ്പരം തെറിവിളിച്ചു പിരിയും. മറ്റു സംസ്ഥാനങ്ങളിൽ ആറ് അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ ഓരോ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ ആളുകളെ കുത്തിനിറച്ചാണ് 21 അംഗങ്ങൾ ആക്കിയത്. പി എസ് സി യോഗങ്ങളുടെ ഹാജർനില പരിശോധിച്ചാൽ അറിയാം, അംഗങ്ങൾക്ക് സർക്കാരിനോടും സമൂഹത്തോടുമുള്ള പ്രതിജ്ഞാബദ്ധത.