കോഴിക്കോട്: വിവരമളക്കുന്നവരുടെ വിവരക്കേടിനാൽ കേരള പൊലീസിന്റെ എസ്‌ഐ പരീക്ഷയിലെ ചോദ്യവും ഉത്തരവും വിചിത്രമാകുന്നു. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും കേരളത്തിലെ സാമൂഹിക പരിഷ്‌കരണരംഗത്ത് ശ്രീനാരായണ ഗുരുവിന്റെ സമശീർഷനുമായ വക്കം മൗലവിയെ അധിക്ഷേപിക്കുന്ന ചോദ്യോത്തരത്തിലൂടെയാണ് കേരള പിഎസ്‌സി തങ്ങളുടെ വിവരക്കേടിന്റെ ആഴം വ്യക്തമാക്കുന്നത്.

ഒപ്പം കേരള നവോത്ഥാന നായകരിൽ ഒരാളും നാടകകൃത്തുമായ വി ടി ഭട്ടതിരിപ്പാടിന്റെ നാടകത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരങ്ങളുടെ ഓപ്ഷനിൽ ശരിയുത്തരം (അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്) നൽകാനും പിഎസ്‌സി മറന്നു.

കഴിഞ്ഞദിവസം നടന്ന എസ്‌ഐ/എക്‌സൈസ് പരീക്ഷയിലാണ് സംഭവം. കാഫിർ എന്ന് അറിയപ്പെട്ടത് ആരായിരുന്നു എന്നതാണ് 66-ാമത്തെ ചോദ്യം. അതിൽ വക്കം മൗലവി ഉൾപ്പെടെ നാലു പേരുകൾ ഓപ്ഷനായി നല്കിയ പിഎസ്‌സി പിന്നീട് ഉത്തരസൂചികയിൽ വക്കം മൗലവി എന്നു ശരിയുത്തരവും നൽകി. മുസ്‌ലിം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഒരു മഹത്‌വ്യക്തിയെ മൂടിവെക്കുന്നവൻ/നിഷേധി എന്നർത്ഥമുള്ള കാഫിർ എന്ന പദത്തിലേക്ക് ന്യൂനീകരിച്ച നടപടി അങ്ങേയറ്റം ആക്ഷേപാർഹമാണെന്നാണ് വിമർശം. വക്കം അബ്ദുൽഖാദർ മൗലവിയെക്കുറിച്ചോ വി ടി ഭട്ടതിരിപ്പാടിനെക്കുറിച്ചോ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുപോലുമുള്ള വിവരമോ വിവേകമോ ഇല്ലാത്തവരാണ് പിഎസ്‌സിയുടെ ചോദ്യം തയ്യാറാക്കിയതെന്നു വ്യക്തം. കേരള ചരിത്രത്തെക്കുറിച്ചോ കേരളീയ നവോത്ഥാന ശില്പികളെ കുറിച്ചോ സാമാന്യധാരണ പോലുമില്ലാത്തവരാണ് ഉദ്യോഗപരീക്ഷകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്.

ബലാത്സംഗത്തിന് വധശിക്ഷ നല്കിയും പ്രവാചകനിന്ദയ്ക്കു കൈവെട്ടിയും കലിപ്പുതീർക്കുന്ന തീവ്രവികാരജീവികളോട് മത്സരിക്കുകയാണോ പിഎസ്‌സി എന്നുപോലും സംശയിച്ചുപോകുംവിധമാണ് കാര്യങ്ങൾ. സബ് ഇൻസ്‌പെക്ടർ പോലുള്ള ഒരു ഉയർന്ന പോസ്റ്റിലേക്കുള്ള പരീക്ഷക്കു ചോദിക്കേണ്ട ചോദ്യങ്ങളെക്കുറിച്ചും ഉത്തരത്തെക്കുറിച്ചും ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ- സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക നവോത്ഥാന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ശ്രീനാരായണ ഗുരു, വക്കം അബ്ദുൽഖാദർ മൗലവി, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവർക്കെല്ലാം സ്വന്തം സമുദായത്തിനകത്തും പുറത്തുമുള്ള യാഥാസ്ഥിതിക വിഭാഗങ്ങളുടെ എമ്പാടും ആക്ഷേപങ്ങളും കൂരമ്പുകളും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നത് ചരിത്രമാണ്. പരിഷ്‌കരണ പ്രവർത്തനങ്ങൾക്കു മുന്നിൽനിന്ന അവരെ ചരിത്രം എക്കാലവും സ്മരിക്കുന്നത് നവോത്ഥാന നായകർ എന്ന നിലയിലാണ്. എന്നാൽ പിഎസ്‌സിക്കു അത് മനസ്സിലാക്കാനാകാതെ പോയത് വലിയ വീഴ്ചയും സൂക്ഷ്മതക്കുറവുമാണ്.

കാലഹരണപ്പെട്ട വിഗ്രഹങ്ങൾ തച്ചുടച്ച്, ഒഴുക്കിനെതിരെ നീന്തിയവരാണ് എല്ലാ പരിഷ്‌കർത്താക്കളും. സമൂഹത്തിൽ കൊടുകുത്തി വാണ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുദ്ധകാഹളം മുഴക്കിയ ഇവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും പിഎസ്‌സിക്കു കഴിയേണ്ടിയിരുന്നു. എന്നാൽ വിവരദോഷികളുടെ അബദ്ധങ്ങളെ ചില്ലിട്ടു പൂജിക്കേണ്ട ഗതികേടിലേക്കാണ് പിഎസ്‌സി എത്തിയത് എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. മുമ്പ് ചില മതതീവ്രവാദികൾ, മതനിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളെജിലെ പ്രൊഫസറുടെ കൈ വെട്ടിമാറ്റി പ്രാകൃത ശിക്ഷ നടപ്പാക്കിയിരുന്നു. അത്തരം തീവ്രവാദ കേന്ദ്രങ്ങൾക്കു വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നതോടൊപ്പം ചരിത്രത്തോടുള്ള പുഛവും തിരസ്‌കാരവും കൂടിയാണ് പിഎസ്‌സി അടിവരയിടുന്നത്.

എസ്‌ഐ, എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു സംസ്ഥാനത്തെ 882 കേന്ദ്രങ്ങളിൽ വച്ച് നടത്തിയ പരീക്ഷയിൽ ഏഴായിരത്തോളം വനിതകളടക്കം രണ്ടു ലക്ഷത്തിൽപരം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. യൂണിഫോം സേനകളിലേക്കുള്ള വാർഷിക തെരഞ്ഞെടുപ്പ് ഏകീകൃത സ്വഭാവത്തിൽ നടത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണാർത്ഥമുള്ള ആദ്യത്തെ ഒരുമിച്ചുള്ള പരീക്ഷ കൂടിയായിരുന്നു ഇത്. 2012-ലെ അസിസ്റ്റന്റ് ജയിലർ/സബ്ജയിൽ സൂപ്രണ്ട്, 2013-ലെ അംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ, 2014-ലെ സിവിൽ-ആംഡ് പൊലീസ് കേഡറിലെ സബ് ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ എന്നീ തസ്തികകളിലേക്കായാണ് ഒറ്റപ്പരീക്ഷ നടത്തിയത്.