- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സർവ്വീസിൽ 1,17,267 താൽകാലികക്കാർ; യുഡിഎഫ് കാലത്ത് കയറിയവരെ എല്ലാം പിരിച്ചുവിട്ടതിനാൽ ബാക്കിയുള്ളതിൽ ബഹുഭൂരിഭാഗവും സഖാക്കൾ; നാലു വർഷം കൊണ്ട് നിയമിച്ചത് പി എസ് സി നിയമനങ്ങളിലെ ഇരട്ടിയിലേറെ പേരെ; ഉമാദേവി കേസിനെ തെറ്റായി വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തൽ മമാങ്കം
കൊച്ചി: പിൻവാതിലിലൂടെ സഖാക്കളെല്ലാം സർക്കാർ ജീവനക്കാരാകും. സപ്ലൈകോയിലും കൺസ്യൂമർഫെഡിലും ആരോഗ്യ വകുപ്പിന്റെ കീഴിലും ഇതിനുള്ള ചരടുവലികൾ സജീവമാണ്. പിൻവാതിൽ വഴിയെത്തുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ കൂട്ടുപിടിക്കുന്നത് ഉമാദേവി കേസിലെ വിധിയെയാണെങ്കിലും സ്ഥിരപ്പെടുത്തലിന് അനുകൂലമല്ല ഈ വിധിയെന്നതാണ് വസ്തുത.
2006 ഏപ്രിൽ 10ന് മുൻപു 10 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയവരെ മാത്രമേ സ്ഥിരപ്പെടുത്താവൂ എന്നതാണ് ഈ കേസിലെ വിധി. എന്നാൽ അതിന് ശേഷം ജോലിക്ക് കയറിയവരെയാണ് ഇപ്പോൾ സ്ഥിരപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വിധിയുടെ പ്രധാന നിർദ്ദേശ പ്രകാരം തന്നെ സർക്കാർ നീക്കം നിയമവിരുദ്ധമാണ്. മറ്റൊരിടത്തും ഈ വിധിയുടെ ചുവടുപിടിച്ചു സ്ഥിരപ്പെടുത്തൽ നടത്തരുതെന്ന സൂചനയും വിധിയിലുണ്ട്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. ഏതായാലും വലിയ നിയമപോരാട്ടങ്ങളിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് സൂചന.
താൽക്കാലിക ജീവനക്കാരെ ചട്ടം മറികടന്നു സ്ഥിരപ്പെടുത്താൻ മത്സ്യഫെഡും നടപടികൾ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ മാർച്ച് 31ന് 10 വർഷം പൂർത്തിയാക്കിയ 90 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണു മത്സ്യഫെഡ് എംഡി സർക്കാരിനോടു ശുപാർശ ചെയ്തത്. ധനകാര്യ സെക്രട്ടറിയുടെ അനുമതിയോടെ ഈ ഫയൽ ഇപ്പോൾ വകുപ്പു മന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇതിലും അനുകൂല തീരുമാനം എടുക്കാനാണ് സാധ്യത. ചലച്ചിത്ര അക്കാഡമിയിലെ ഇടതുപക്ഷക്കാരെ നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. ഇങ്ങനെ നിയമിക്കപ്പെടുന്നവരെല്ലാം സഖാക്കളാണെന്ന് സർക്കാർ ഉറപ്പാക്കും.
സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലായി കേരളത്തിൽ രണ്ടു ലക്ഷത്തോളം താൽകാലിക ജീവനക്കാർ ഉണ്ട്. സംസ്ഥാനത്തു സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്യുന്നത് 1,17, 267 താൽക്കാലിക ജീവനക്കാരാണ്. ഇവരെയെല്ലാം സ്ഥിരപ്പെടുത്താനാണ് നീക്കം. യുഡിഎഫ് ഭരണകാലത്ത് 2012-13 ൽ 25,136 താൽക്കാലിക ജീവനക്കാരാണു സർക്കാർ ജോലികളിൽ ഉണ്ടായിരുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഇവരിൽ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. പിന്നീടാണ് ഇത്രയും പേരെ നിയമിച്ചത്. 4 വർഷം കൊണ്ട് പിഎസ്സി വഴി നടത്തിയ നിയമനങ്ങളുടെ ഇരട്ടിയിലേറെയാണു താൽക്കാലികമായി നിയമിച്ചത്.
2020 ഏപ്രിൽ 30 വരെ പിഎസ്സി വഴി 1,33,132 പേർക്കാണു നിയമന ശുപാർശ നൽകിയത്. അതായത് പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ നിരാശരാക്കുന്നതാണ് സർക്കാർ ഇടപെടൽ. മത്സ്യഫെ#ിൽ 13 തസ്തികകളിലായാണു 90 പേരുടെ പട്ടിക സ്ഥിരപ്പെടുത്തലിനായി നൽകിയത്. ഇതിൽ നിയമനച്ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട 12 തസ്തികകളിൽ 88 ജീവനക്കാരും അംഗീകാരമില്ലാത്ത തസ്തികയിൽ 2 പേരുമാണുള്ളത്. അംഗീകാരമില്ലാത്ത എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരനിയമനം നൽകാനാണു ശുപാർശ.
സ്ഥിരപ്പെടുത്തൽ നടത്താൻ ശ്രമിക്കുന്ന പല തസ്തികകളിലെയും ഒഴിവുകളിലേക്കു പിഎസ്സി വിജ്ഞാപനം വന്നിട്ടുണ്ട്. ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്സി നിയമനത്തിനു ശ്രമിക്കുന്ന ഉദ്യോഗാർഥികളുടെ അവസരം കുറയുമെങ്കിലും വിചിത്രമായ ന്യായമാണു മത്സ്യഫെഡ് നിരത്തുന്നത്. സ്ഥിരപ്പെടുത്തൽ ശുപാർശ സർക്കാരിനു സമർപ്പിച്ച 2020 ഒക്ടോബർ 20 വരെ പിഎസ്സി വിജ്ഞാപനം വന്നിരുന്നില്ലെന്നും നവംബർ 16നാണു പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നുമാണു പ്രധാന വാദം.
നൂറ് ദിവസം കൊണ്ട് ഇനിയും പതിനായിരങ്ങൾക്ക് തൊഴിൽ നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതും താൽകാലിക നിയമനങ്ങളാകുമോ എന്ന സംശയം ശക്തമാണ്. പാർട്ടി അനുഭാവികൾക്കും കുടുംബാഗങ്ങൾക്കുമാണ് താൽകാലിക ജോലിയിൽ ഏറെയും കിട്ടിയതെന്ന വാദവും സജീവമാണ്. ഇപ്പോൾ പുറത്തു വന്നത് 1,17, 267 താൽക്കാലിക ജീവനക്കാർ സർക്കാർ സർവ്വീസിൽ നേരിട്ടുണ്ടെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് ഇനിയും പുറത്തു വന്നിട്ടില്ല. ഇത് കൂടി കൂട്ടിയാൽ കണക്ക് രണ്ട് ലക്ഷം കവിയും.
സ്പാർക്ക് സോഫ്റ്റ് വെയർ വഴി ശമ്പളം വാങ്ങുന്നവരുടെ മാത്രം കണക്കാണിത്. 2020 ജനുവരിയിൽ സ്പാർക്ക് വഴി ശമ്പളം വാങ്ങിയ താൽക്കാലിക, കരാർ, ദിവസ വേതനക്കാരെ സംബന്ധിച്ചു കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിനു ധനവകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ കണക്ക്. ഇത്രയും ജീവനക്കാർക്കായി ശമ്പളയിനത്തിൽ എത്ര തുകയാണു ചെലവാക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. കോടികൾ ഇവർക്കായി സർക്കാർ നൽകുന്നുണ്ട്. സ്പാർക്ക് വഴി അല്ലാതെ ശമ്പളം നൽകുന്ന പൊതുമേഖലഅർധസർക്കാർ സ്ഥാപനങ്ങൾ, തനതു ഫണ്ടിൽ പ്രവർത്തിക്കുന്ന ബോർഡ്കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ പോലെയുള്ള സ്ഥാപനങ്ങൾ, സിഡിറ്റ്, കിൻഫ്ര, സ്പേസ് പാർക്ക്, വിവിധ കൺസൽറ്റൻസികൾ തുടങ്ങിയവയിലെ കരാർ, ദിവസ വേതന നിയമനങ്ങൾ കൂടി പരിഗണിക്കുമ്പോൾ താൽക്കാലിക ജീവനക്കാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപു കൂടുതൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമാണ്. പല റാങ്ക് പട്ടികകളുടെയും കാലാവധി തീർന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പുതിയ റാങ്ക് പട്ടിക നിലവിൽ വന്നിട്ടില്ല. ഇതു മുതലെടുത്തും പിൻവാതിൽ നിയമന നീക്കം സജീവമാണ്.
സിഡ്കോയിലും നിയമവിരുദ്ധ നിയമനം
നിയമപരമായ എതിർപ്പുകൾ നിലനിൽക്കെ സിഡ്കോയിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനു വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. മറ്റു വകുപ്പുകളിൽ 10 വർഷം താൽക്കാലികമായി ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയതെങ്കിൽ ഇവിടെ 7 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. ഇതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിക്കാൻ ഡയറക്ടർ ബോർഡ് ജനുവരി 6നു തീരുമാനിച്ചിരുന്നു. തുടർ നടപടികൾക്കായി വിവരങ്ങൾ ഇന്നലെ സർക്കാരിനു സമർപ്പിക്കാനാണ് യൂണിറ്റ് മാനേജർമാരോടു നിർദ്ദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ താൽക്കാലികക്കാരുടെ വിവരശേഖരണം തദ്ദേശവകുപ്പും തുടങ്ങിയിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ ചോദിച്ച് പഞ്ചായത്ത് ഡയറക്ടർ കത്തയച്ചിട്ടുണ്ട്. 10 വർഷത്തിൽ കൂടുതൽ ജോലി ചെയ്ത താൽക്കാലികക്കാരുടെ വിവരങ്ങൾ എത്രയും പെട്ടെന്നു കൈമാറണമെന്നാണ് എല്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
10 വർഷം താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തവർക്കു മാനുഷിക പരിഗണന എന്ന പേരിലാണ് വിവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്തൽ തുടരുന്നത്.
മറുനാടന് മലയാളി ബ്യൂറോ