കോഴിക്കോട്: കഴിഞ്ഞ 5 വർഷത്തിനിടെ ഒന്നര ലക്ഷം പേർക്കു നിയമനം നൽകിയെന്ന സർക്കാർ വാദം പച്ചക്കള്ളം. വിവരാവകാശ രേഖകൾ പ്രകാരം തൊഴിൽ നൽകലിലെ സർക്കാർ നിലപാടുകൾ എല്ലാം തെറ്റായിരുന്നു.. വിവിധ സർക്കാർ വകുപ്പുകളിൽ ഒരു ലക്ഷം പേർക്കു പോലും നിയമനം ലഭിച്ചിട്ടില്ലെന്നു രേഖകൾ വ്യക്തമാക്കുന്നു.

5 വർഷം കൊണ്ട് 1,51,513 പേർക്ക് നിയമന ശുപാർശ നൽകിയെന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെട്ടത്. ഒരാൾക്ക് ഒന്നിലേറെ ജോലികൾക്കു നിയമന ശുപാർശ ലഭിക്കാമെന്നിരിക്കെ ഇതൊരിക്കലും യഥാർഥത്തിൽ ജോലി കിട്ടിയവരുടെ കണക്ക് ആവണമെന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത് ശരിയാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ജോലി നൽകലിലെ കള്ളം പുറത്തു വരാതിരിക്കാനാണ് നിയമന ശുപാർശ അഥവാ അഡൈ്വസ് മെമോയെ സർക്കാർ ചർച്ചയാക്കിയത്.

യഥാർഥത്തിൽ ജോലി കിട്ടിയവരുടെ എണ്ണം പുറത്തു വിടാൻ സർക്കാർ തയാറായില്ല. ഇതു സംബന്ധിച്ചു പല തവണ നിയമസഭയിലടക്കം ചോദ്യം ഉയർന്നെങ്കിലും 'വിവരം ശേഖരിച്ചു വരുന്നു' എന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണു സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ, ശമ്പള സോഫ്റ്റ്‌വെയർ വഴിയുള്ള വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ നിന്ന് പുതിയ നിയമനങ്ങളിൽ വ്യക്തമായ കണക്ക് പുറത്തു വന്നു. തന്ത്രപരമായി നൽകിയ വിവരാവകാശമാണ് പുറത്തു വരുന്നത്.

2016 ജൂൺ മുതൽ 2021 ഫെബ്രുവരി വരെ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം നൽകിയതും 1,09,585 പേർക്കാണ്. ഇതിൽ14,389 പേർ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരാണ്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരെ മാനേജ്‌മെന്റുകളാണു നിയമിക്കുന്നത്. ബാക്കി 95,196 പേർക്കു മാത്രമാണു പിഎസ്‌സി വഴി നിയമനം ലഭിച്ചത്. ഇതോടെ ഇത്രയും പുതിയ നിയമനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും വ്യക്തമായി.

5 വർഷത്തിനിടെയുണ്ടായ വിരമിക്കൽ ഒഴിവുകൾ പോലും പൂർണമായും നികത്തപ്പെട്ടിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ വർഷവും ശരാശരി 20,000 പേരെങ്കിലും വിരമിച്ചിട്ടുണ്ട്. ഈ തസ്തികകളും പുതുതായി സൃഷ്ടിച്ച തസ്തികകളും ഉൾപ്പെടുത്തിയാൽ ഇതിന്റെ ഇരട്ടിയെങ്കിലും നിയമനം നടക്കേണ്ടതാണ്. അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ വിവരാവകാശം വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. യുഡിഎഫ് സർക്കാരിനെകാൽ കൂടുതൽ ജോലി നൽകിയെന്ന ഇടത് വാദവും പൊളിയുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി എസ് സി വഴിയുള്ള നിയമനവും ചർച്ചാ വിഷയമാണ്. ഇതിനെ എല്ലാം അഡൈ്വസ് മെമോയിലെ കണക്കുകള് ചൂണ്ടിയാണ് സർക്കാർ പ്രതിരോധിച്ചിരുന്നത്. ഇതാണ് പുതിയ വിവരാവകാശം പൊളിക്കുന്നത്. റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ സമരവും താൽകാലിക നിയമനങ്ങളും എല്ലാം വലിയ വിവാദമായിരുന്നു. ഇതെല്ലാം വീണ്ടും ചർച്ചകളിലേക്ക് എത്തുമെന്നാണ് പുതിയ വിവരാവകാശവും വെളിപ്പെടുത്തുന്നത്.