തിരുവനന്തപുരം: മന്ത്രി എ കെ ബാലനുമായുള്ള ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തുടരും.

ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അനുകൂല സമീപനമാണുണ്ടായത്‌. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാൻ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നടപടിയുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ളവർ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സർക്കാരിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാൽ സമരം നിർത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ അറിയിച്ചു

ഞായറാഴ്ച രാവിലെയാണ് ഉദ്യോഗാർഥികളും മന്ത്രി എകെ ബാലനുമായി ചർച്ച നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നിയമമന്ത്രി എകെ ബാലനും ഉദ്യോഗാർഥികളും തമ്മിൽ ഞായറാഴ്ച രാവിലെ ചർച്ച നടന്നത്. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ വിശദമായ ചർച്ചയാണ് നടന്നത്. സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ തീരുമാനം. അതിനിടെ, യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ശംഖുമുഖത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവർക്ക് സ്വീകരണവും നൽകും.