തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ ഭരണഘടനാ പദവി വഹിക്കുന്നവർ പങ്കെടുക്കുന്നത് ശരിയാണോ? ഇത്തരം ചർച്ചകൾ ഇടയ്ക്കിടെ നടക്കാറുണ്ട്. എന്നാൽ, രാഷ്ട്രീയ പാർട്ടിക്കാർ ആയതു കൊണ്ടാണ് ഇവർ ഈ ഭരണഘടനാ പദവിയിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹൈദരാബാദിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ കേരളത്തിലെ മന്ത്രിമാർ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ട്. മറ്റ് ഭരണഘടനാ പദവി വഹിക്കുന്നവരും പങ്കെടുക്കുന്നുണ്ട്.

എന്നാൽ, സിപിഎം പാർട്ടി കോൺഗ്രസിൽ പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി) അംഗം ആർ പാർവതീദേവി പങ്കെടുത്ത ചിത്രം പുറത്തുവന്നത് വിവാദങ്ങൾക്ക് വഴിവെച്ചു. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംഎൽഎയുമായ വി. ശിവൻകുട്ടിയുടെ ഭാര്യ ആർ. പാർവതീദേവിയാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് ചട്ടലംഘനം നടത്തിയെന്നാണ് ഇതോടെ ഒരു വിഭാഗത്തിന്റെ ആരോപണം.

പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സജീവമായി പങ്കെടുത്ത പാർവതി ദേവി, ശിവൻകുട്ടിക്കൊപ്പം സമ്മേളന ഹാളിലും സന്നിഹിതയായിരുന്നു. പിഎസ് സി അംഗം എന്ന നിലയിൽ ഈ പരിപാടിയിൽ പങ്കെടുത്തതിലെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഏഷ്യാനെറ്റ് വാർത്താതലവൻ എം ജി രാധാകൃഷ്ണന്റെ സഹോദരി കൂടിയാണ് പാർവതീ ദേവി.

പതാക ഉയർത്താൻ വിപ്ലവനായിക മല്ലു സ്വരാജ്യത്തിനൊപ്പം നിന്ന പാർവതി വളണ്ടിയറെപ്പോലെയാണ് ഉദ്ഘാടനച്ചടങ്ങിൽ ഇടപെട്ടത്. പി.എസ്.സി. അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയോ ജാതി-മത സംഘടനകളുടെയോ യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല എന്നാണ് ചട്ടമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അവർക്കെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ചട്ട ലഘനമുണ്ടായാൽ നടപടി എടുക്കേണ്ടത് ഗവർണറാണ്.

അതേസമയം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗമാണെങ്കിലും സ്പീക്കറായിരിക്കെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിലെ ധാർമികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാധാരണ ഗതിയിൽ സ്പീക്കർമാർ പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ നിഷ്പക്ഷത പാലിക്കാറാണ് പതിവ്. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ ബിജെപി എംപിമാരുടെ യോഗത്തിൽ പങ്കെടുക്കാറില്ല.