- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവാതിൽ വഴി ഇഷ്ടക്കാരെയൊക്കെ തിരുകി കയറ്റിയപ്പോൾ പിഎസ് സി റാങ്കുലിസ്റ്റുകൾ നോക്കുകുത്തി; തൊഴിൽ നിഷേധിച്ച് എൽഡിഎഫ് സർക്കാറിനെതിരെ വോട്ടുചെയ്യാൻ പിഎസ് സി ഉദ്യോഗാർഥികൾ; നാനൂറിലേറെ റാങ്ക് പട്ടികകളിലായുള്ള രണ്ട് ലക്ഷം പേരുടെ ആഹ്വാനം സർക്കാറിന് വൻ വെല്ലുവിളി
കോഴിക്കോട്: മുൻസർക്കാറുകളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ പിഎസ് സി നിയമനങ്ങൾ നടത്തിയ സർക്കാറാണ് കേരളത്തിലേത്. എന്നാൽ, ഈ സർക്കാറിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനങ്ങളും വാർത്തകളിൽ നിറഞ്ഞതും ചർച്ച ആയതും. അതുകൊണ്ട് തന്നെ പരിധിവിട്ട ആശ്രിത നിയമനങ്ങൾ സർക്കാറിനെ തന്നെ വെട്ടിലാക്കി. ജോലി കിട്ടാത്തവരുടെ രോഷങ്ങൾ പല കോണുകളിലും ജ്വലിക്കുകയാണ്. ഇക്കുറി ജോലികിട്ടാത്തവർ രണ്ടും കൽപ്പിച്ചു സർക്കാറിനെ എതിർക്കാനുള്ള തീരുമാനത്തിലാണ്.
പരിധിവിട്ട ആശ്രിത നിയമനങ്ങളിലും പിൻവാതിൽ നിയമനങ്ങളിലും പ്രതിഷേധിച്ചു തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്യുമെന്നു പിഎസ്സി റാങ്ക് ഹോൾഡർമാരുടെ കൂട്ടായ്മ. ഔദ്യോഗിക ഫേസ്ബുക് പോസ്റ്റ് വഴിയാണു പ്രഖ്യാപനം. എൽഡിഎഫ് സ്ഥാനാർത്ഥികൾ ഒഴികെയുള്ളവർക്കു വോട്ട് ചെയ്യാനാണു പിഎസ്സിയുടെ വിവിധ റാങ്ക് പട്ടികകളിലുള്ളവരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് വേരിയസ് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നാനൂറിലേറെ റാങ്ക് പട്ടികകളിലായി രണ്ടു ലക്ഷത്തോളം പേരാണു കൂട്ടായ്മയിലുള്ളത്.
50 ലക്ഷത്തോളം വരുന്ന പിഎസ് സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 40 ലക്ഷത്തോളം തൊഴിലന്വേഷകരെയും വഞ്ചിക്കുകയായിരുന്നു സർക്കാരെന്ന് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.
നേതാക്കന്മാരുടെ കുടുംബത്തിലുള്ളവർക്ക് എല്ലാ നിയമങ്ങളും മറികടന്നു നിയമനങ്ങളും എന്നാൽ കാലാവധി തീരാറായ 46285 പേരുടെ റാങ്ക് ലിസ്റ്റിൽ 5000 നിയമനങ്ങൾ പോലുമില്ലാത്ത സാഹചര്യത്തിൽ പോലും ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ഒഴിവുകൾ തരാൻ സാധ്യമല്ല എന്ന ചില നേതാക്കന്മാരുടെ വാക്കുകൾക്ക് ഇതല്ലാതെ മറുപടിയില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ വിശദീകരണം.
100 ദിന കർമ്മപരിപാടിയിൽ 50000 നിയമനങ്ങൾ എന്ന് പറയുമ്പോഴും അതിലെ 10 ശതമാനം നിയമനം പോലും റാങ്ക് ലിസ്റ്റുകളിൽ നിന്നും നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിക്കുകയായിരുന്നു സർക്കാർ. വോട്ടു ചോദിക്കാൻ വരുന്ന ഇടതു സ്ഥാനാർത്ഥികളെ തങ്ങളുടെ ദുരിതം വിശദീകരിച്ച് തിരിച്ചയക്കുന്ന അനുഭവങ്ങളും പേജിലുണ്ട്.2018- 2021 കാലയളവിൽ നടന്നത് ആകെ 4942 നിയമന ശുപാർശകൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാന സർക്കാരിനെതിരെ സമരം നടത്താനു ഇവർ ഒരുങ്ങുന്നുണ്ട്. നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായെന്നാണ് ആരോപണം. റാങ്ക് പട്ടികയിലുള്ള ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പി.എസ്.സി ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് സംസ്ഥാനത്തെങ്ങും സമരത്തിനൊരുങ്ങുന്നത്. എട്ട് മാസം കാലാവധിയുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിൽപ്പെട്ട് അവസാനിക്കുമെന്നാണ് ആശങ്ക. നിയമനങ്ങൾ നടത്തുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്ന് ഉദ്യോഗാർഥികൾ. തിരഞ്ഞെടുപ്പ് ദിവസം ഉദ്യോഗാർഥികളുടെ സംഘനയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തും. സർക്കാരിനെതിരെയുള്ള ഉദ്യോഗാർഥികളുടെ പ്രതിഷേധ സ്വരം ഈ തിരഞ്ഞെടുപ്പിൽ സജീവ രാഷ്ട്രീയ ചർച്ചയാകുമെന്ന് വ്യക്തം.
നേരത്തെ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള പിഎസ്സി നീക്കത്തിനെതിരെ ഉദ്യോഗാർഥികൾ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. പിഎസ്സിയുടേതു ഭരണഘടനാ ലംഘനമാണെന്ന നിയമോപദേശത്തെ തുടർന്ന് ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കാനും !രുങ്ങിയിരിന്നു. പിഎസ്സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ ഉദ്യോഗാർഥികൾ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചാലേ വിലക്കാനാകൂ. അതിന് പിഎസ്സി ആദ്യം പൊലീസിൽ പരാതി നൽകണം. ഉദ്യോഗാർഥി തെറ്റായ ആരോപണം ഉന്നയിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാലേ ശിക്ഷാനടപടിക്കു പിഎസ്സിയെ ചട്ടം അനുവദിക്കുന്നുള്ളൂ. എന്നാൽ, ഇവിടെ പിഎസ്സിയുടെ നിയമന രീതികളെ ആരും വിമർശിച്ചിട്ടില്ല. ചെയർമാനെയോ അംഗങ്ങളെയോ കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുമില്ല.
കാസർകോട് ജില്ലയിലെ ഗ്രേഡ് 2 നഴ്സ് റാങ്ക്പട്ടികയുമായി ബന്ധപ്പെട്ടു വനിതാ ഉദ്യോഗാർഥികളുടെ പ്രതികരണമാണു പിഎസ്സിയെ ചൊടിപ്പിച്ചത്. സുപ്രീംകോടതിയിൽ കേസുള്ളതിനാലാണു നിയമനം നടക്കാത്തത് എന്നാണു പിഎസ്സി വാദം. എന്നാൽ കഴിഞ്ഞ 2 റാങ്ക്പട്ടികയിലെയും ഉദ്യോഗാർഥികൾക്കു നിയമനം ലഭിക്കാതെ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനു പ്രധാന കാരണക്കാർ പിഎസ്സി തന്നെയാണ്.
ശിക്ഷാനടപടി പ്രഖ്യാപിച്ചു പിഎസ്എസി പുറത്തിറക്കിയ പത്രക്കുറിപ്പിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടും. ഉദ്യോഗാർഥികളെ വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു എന്നാണു പത്രക്കുറിപ്പിലുള്ളത്; അന്വേഷണത്തിനു പിഎസ്സി വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും. വിലക്കാനുള്ള തീരുമാനത്തെച്ചൊല്ലി പിഎസ്സി അംഗങ്ങൾക്കിടയിൽതന്നെ ആശയക്കുഴപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ