- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് സമരം അവസാനിപ്പിക്കില്ല'; 'നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം'; 'പുതിയ തസ്തിക സൃഷ്ടിക്കാൻ വഴിയൊരുക്കണം'; സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്നും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റിലെ അഞ്ചിലൊന്ന് പേർക്കെങ്കിലും നിയമനം വേണമെന്നും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രി തലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണമെന്നും അത് വരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് പ്രതികരണം.
''നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് അഞ്ചിലൊന്ന് പേരെയെങ്കിലും നിയമിക്കണം. താത്കാലികക്കാരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്''. പുതിയ തസ്തിക സൃഷ്ടിക്കാൻ ഇതിലൂടെ വഴിയൊരുക്കണമെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
താൽക്കാലിക നിയമനങ്ങൾ വേണ്ടി വരുമെന്നതിൽ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അവരെ അനന്തമായി നീട്ടിക്കൊണ്ടുപോയി പത്തോ പതിഞ്ചോ വർഷത്തിനു ശേഷം സ്ഥിരപ്പെടുത്തുന്നതിലാണ് ഞങ്ങൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും കാലം നീണ്ടുനിൽക്കുന്ന സ്ഥാനങ്ങൾ സ്ഥിരം തസ്തികയാക്കി മാറ്റി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ എന്തുകൊണ്ടാണ് സർക്കാർ തയ്യാറാവാത്തതെന്നും ഉദ്യോഗാർഥികൾ ചോദിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ റെക്കോർഡ് വിരമിക്കൽ ഉണ്ടായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് അടുത്ത മൂന്ന് മാസത്തിനുള്ളിലും കാര്യമായ നിയമനങ്ങൾ ഞങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല.
സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂർവമായ നിലപാട് ഉണ്ടാവുമെങ്കിൽ ആ നിമിഷം സമരം അവസാനിപ്പിച്ചു പോവാൻ തയ്യാറാണ്. സമരത്തിൽ രാഷ്ട്രീയമില്ല, ഉദ്യോഗാർഥികളുടെ ജീവിത പ്രശ്നം മാത്രമാണ്. സർക്കാർ വിരുദ്ധസമരമല്ല ഇത്, ഞങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള സമരമാണെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ തീരുമാനമായത്. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകുന്നത്.
തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് നേരത്തേ ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയ പറഞ്ഞിരുന്നു. 'അധിക തസ്തികകൾ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയമനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാൽ ഒമ്പതിനായിരത്തിലധികം നിയമനം നടക്കും.എൽ ഡി പോലുള്ള ലിസ്റ്റുകളിൽ മാസങ്ങൾ ബാക്കി നിൽക്കുമ്പോഴും ഒരുപാട് നിയമനങ്ങൾ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങൾക്ക് അർഹതപ്പെട്ട പോസ്റ്റുകളാണ് ചോദിക്കുന്നതെന്നുമാണ് ലയ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ