- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.എസ്.സി വിഷയത്തിൽ സർക്കാറിനെ തിരുത്തി സിപിഎം; ഉദ്യോഗാർഥികളെ മുൻനിർത്തിയുള്ള പ്രതിപക്ഷ നീക്കം കരുതലോടെ കാണണം; ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണം; സർക്കാറിന് നിർദ്ദേശം നൽകി പാർട്ടി; മുഖ്യമന്ത്രി ചർച്ച നയിക്കില്ല; ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയേക്കും; സ്വാഗതം ചെയ്തു ഉദ്യോഗാർഥികളും; പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയാൻ സിപിഎം
തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിൽ ചർച്ചയേ വേണ്ടെന്ന സർക്കാർ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശ്നം പരിഹരിക്കാൻ ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന് സർക്കാറിനോട് സിപിഎം നിർദ്ദേശിച്ചു. ചർച്ച നടത്താൻ സർക്കാർ തയ്യാറാകാത്ത സാഹചര്യം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയുടെ പുതിയ നീക്കം.
സർക്കാർ ഇതുവരെ കൈകൊണ്ടിട്ടുള്ള നടപടികൾ ഉദ്യോഗാർത്ഥികളെ ബോദ്ധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സാദ്ധ്യമായതെല്ലാം ചെയ്തുവെന്നും ഇനിയൊരു ചർച്ചയില്ലെന്നും മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സി പി എം നിർദ്ദേശം പുറത്തുവരുന്നത്. കേന്ദ്രത്തിലെ കർഷക സമരവുമായി ഉദ്യോഗാർത്ഥികളുടെ സമരത്തെ പ്രതിപക്ഷം താരതമ്യം ചെയ്യുന്നത് കരുതലോടെ വേണം കാണേണ്ടതെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. പാർട്ടി നിർദ്ദേശത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
അതേസമയം മന്ത്രിതല ചർച്ചയിൽ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നതടക്കം തീരുമാനിക്കേണ്ടതുണ്ട്. സർക്കാർ തീരുമാനത്തെ ഉദ്യോഗാർത്ഥികൾ സ്വാഗതം ചെയ്തിട്ടുമുണ്ട്. അതേസമയം സർക്കാറിന് ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തു കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ചർച്ച നടത്താൻ സർക്കാരിനോട് നിർദ്ദേശിച്ച സിപിഎം നിർദ്ദേശത്തെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ സ്വാഗതം ചെയ്തു. ഞങ്ങൾ ഒരുപാട് നാളായി ആഗ്രഹിക്കുന്ന കാര്യമാണ്. വളരെയധികം സന്തോഷമുണ്ട്. ചർച്ച നടത്തുന്നതിലൂടെ പോസിറ്റീവായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലയ രാജേഷ് പറഞ്ഞു.
അതിനിടെ പിഎസ് സി സമരക്കാരുമായി ചർച്ച നടത്താനില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു. ചെയ്യാൻ കഴിയാത്ത കാര്യത്തിന്റെ പേരിൽ സമരം നടത്തുന്നവരെ ചർച്ചയ്ക്ക് വിളിച്ചിട്ട് നമുക്ക് പരിഹാരം കാണാൻ കഴിയുമോ അദ്ദേഹം ചോദിച്ചു. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം.
അല്ലാതെ ഉമ്മൻ ചാണ്ടിയെപ്പോലെ എല്ലാവരുമായും ചർച്ച നടത്തിയശേഷം ഒന്നും ചെയ്യാതെ പറ്റിക്കണോ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല. ആളുകളെപ്പറ്റിക്കുന്ന ഉമ്മൻ ചാണ്ടി ഫോർമുല പിണറായി വിജയൻ ചെയ്യില്ല. കേന്ദ്രത്തിൽ നിയമനനിരോധനം നിലനിൽക്കുമ്പോൾ, കേരളത്തിൽ നിയമന നിരോധനമില്ല. പ്രതിരോധ വകുപ്പിലും റെയിൽവേയിലുമെല്ലാം ആയിരക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുമ്പോൾ എന്തുകൊണ്ടാണ് ചെന്നിത്തലയും മറ്റും അതിനെതിരെ പ്രതികരിക്കാത്തതെന്നും വിജയരാഘവൻ ചോദിക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ