- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവാതിൽ നിയമനങ്ങൾ കാരണം ഒഴിവുകൾ കൃത്യമായി റിപ്പോർട്ടു ചെയ്യാതെ പോയി; സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലും നിയമനങ്ങളിൽ മെല്ലേപ്പോക്ക്; കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്ന പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം സർക്കാർ കണ്ടില്ലെന്ന് നടിച്ചെങ്കിലും ഹൈക്കോടതി ഇടപെടൽ ആശ്വാസം; റാങ്കു ലിസ്റ്റുകൾക്ക് ഹൈക്കോടതി നിർദേശത്തിൽ മൂന്ന് മാസം കൂടി നീട്ടി കിട്ടും
കൊച്ചി: ഇടതു സർക്കാറുകൾ അധികാരത്തിലെത്തിയതിന് ശേഷം തുടർച്ചയായി ആരോപണം കേട്ടത് പിൻവാതിൽ നിയമനങ്ങളുടെ പേരിലാണ്. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കേ തന്നെ ഇത്തരം നിരവധി പിൻവാതിൽ നിയമനങ്ങൾ വിവിധ വകുപ്പുകളിൽ നടന്നു. നിയമനങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്യാതെ താൽക്കാലികമായി ജീവനക്കാരെ തിരുകി കയറ്റിയുള്ള ശ്രമങ്ങളാണ് നടന്നത്. അതേസമയം പി.എസ്.സി ഉദ്യോഗാർഥികൾ ഇപ്പോഴും സമരത്തിലാണ് താനും. സംസ്ഥാനത്ത് നിയമനങ്ങൾക്ക് മെല്ലേപ്പോക്ക് സമീപനമാണ് ഇപ്പോൾ സർക്കാർ കൈക്കൊള്ളുന്നത്. ആശ്വാസമായി ഹൈക്കോടതി ഇടപെടലും ഉണ്ടായിരിക്കുന്നത്.
കോവിഡ് കാലത്ത് പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസ്സം നേരിട്ടതു കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകൾ കുറഞ്ഞതു 3 മാസമെങ്കിലും നീട്ടേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയതാണ് സമരത്തിലുള്ള റാങ്ക് ഹോൾഡേഴ്‌സിന് ആശ്വാസമായിരിക്കുന്നത്. ബെഞ്ചിന്റെ പരിഗണനയ്ക്കു വന്ന കേസുകളിൽ ഉന്നയിക്കപ്പെട്ട റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെട്ട തീയതി മുതൽ 3 മാസത്തേക്കു നിലനിർത്തണമെന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിക്കണമെന്നും കോടതി പിഎസ്‌സിക്കു നിർദ്ദേശം നൽകി. 2 മാസത്തിനുള്ളിൽ പിഎസ്‌സി നടപടിയെടുക്കണം.
2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്കു കാലാവധി തീരുന്ന വിവിധ ലിസ്റ്റുകൾ സർക്കാർ 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നു. എന്നാൽ, ഏകീകൃത സ്വഭാവമില്ലാത്ത നടപടിയാണിതെന്നും ചില ലിസ്റ്റുകൾക്കു 2 മാസം മാത്രമാണു കിട്ടിയതെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെയും (കെഎടി) ഹൈക്കോടതിയെയും സമീപിച്ചു.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ കോൺസ്റ്റബിൾ, ഹെൽത്ത് സർവീസ് നഴ്‌സ് ഗ്രേഡ്2, എച്ച്എസ്എ അറബിക് (കാസർകോട്), എച്ച്എസ്എ സയൻസ് (മലപ്പുറം) തുടങ്ങി വിവിധ ലിസ്റ്റുകളിലുള്ളവർ ഹർജി നൽകിയെങ്കിലും കെഎടിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുവദിച്ചില്ല. തുടർന്നുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കെഎടിയുടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഉത്തരവുകൾ നിലനിൽക്കില്ലെന്നു പറഞ്ഞ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
അതേസമയം പിഎസ്‌സി നടപടിയിൽ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് റിപ്പോർട്ടിൽ പറയുന്നു. അത് ഇങ്ങനെയാണ്: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവാത്ത അസാധാരണ സാഹചര്യമെന്നു ബോധ്യപ്പെട്ടാൽ നടപടിച്ചട്ടം 13 (5) പ്രകാരം 3 മാസം മുതൽ ഒന്നര വർഷം വരെ ലിസ്റ്റ് നീട്ടാൻ പിഎസ്‌സിക്ക് അധികാരമുണ്ട്. ഇതനുസരിച്ച് കുറഞ്ഞതു 3 മാസം നീട്ടണമെന്നും ഈ കാലയളവിൽ വരുന്ന ഒഴിവുകളിൽ നിയമന ശുപാർശ നൽകണമെന്നും വ്യവസ്ഥയുണ്ട്.
2021 ഫെബ്രുവരി അഞ്ചിനും 2021 ഓഗസ്റ്റ് മൂന്നിനുമിടയ്ക്കു കാലഹരണപ്പെടുന്ന ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം പിഎസ്‌സിക്കു ബോധ്യപ്പെട്ട സാഹചര്യത്തിൽ കുറഞ്ഞത് 3 മാസമെങ്കിലും നീട്ടണമായിരുന്നു. റിപ്പോർട്ടിങ് തടസ്സപ്പെട്ട കാലയളവ് ലിസ്റ്റിന്റെ യഥാർഥ കാലാവധിയിൽനിന്ന് ഒഴിവാക്കുകയാണു വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ 6 മാസത്തോളം നീട്ടിക്കിട്ടുമായിരുന്നു. കുറഞ്ഞതു 3 മാസമെങ്കിലും കിട്ടുന്ന തരത്തിൽ ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം ന്യായമാണ്.
മറുനാടന് മലയാളി ബ്യൂറോ