- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ അവകാശം സംരക്ഷിക്കാനും ശബരിമല ആചാരം സംരക്ഷിക്കാനുമുള്ള കരട് നിയമങ്ങൾ യുഡിഎഫിന്റെ സാധ്യത പെട്ടെന്നുയർത്തി; ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറി സിപിഎം; യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ഒഴുക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎം
തിരുവനന്തപുരം:പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം സർക്കാരിന് തലവേദനയാകും. ഇതിനൊപ്പം ശബരിമല ചർച്ചയും. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണയ്ക്കുന്നവരാണ് സിപിഎം. എന്നാൽ തിരുവനന്തപുരത്തെ പി എസ് സി സമരത്തെ കണ്ടില്ലെന്നും നടിക്കുന്നു. ഇതിനൊപ്പം സമരക്കാരെ വിമർശിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് കർഷക സമരത്തിൽ മോദി സർക്കാരും ചെയ്യുന്നത്. ഇതോടെ മുണ്ടുടുത്ത മോദിയാണ് കേരളം ഭരിക്കുന്നതെന്ന വാദം കോൺഗ്രസ് വീണ്ടും സജീവമാക്കും. ശബരിമലയ്ക്കൊപ്പം പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കൂടിയാകുമ്പോൾ സിപിഎം പ്രതിരോധത്തിലാണ്.
പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ അവകാശം സംരക്ഷിക്കാനും ശബരിമല ആചാരം സംരക്ഷിക്കാനുമുള്ള കരട് നിയമങ്ങൾ യുഡിഎഫിന്റെ സാധ്യത പെട്ടെന്നുയർത്തിയെന്ന വിലയിരുത്തൽ സജീവമാണ്. ശബരിമലയിൽ എം വി ഗോവിന്ദനും പിന്നീട് എംഎ ബേബിയും നടത്തിയ വിശ്വാസി അനുകൂല പ്രസ്താവനകളെ സിപിഎം തള്ളി പറഞ്ഞു. ഇത് വിശ്വാസികൾക്ക് സംശയമുണ്ടാക്കുകയും ചെയ്തു. ഇതിനൊപ്പമാണ് പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം. ഇതോടെ ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറുകയാണ് സിപിഎം. ഈ സാഹചര്യത്തിൽ യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ചർച്ചയാക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎമ്മും പ്രതിരോധത്തിന് വഴി തേടുകയാണ്.
പ്രതിപക്ഷം മുന്നോട്ടുവച്ച രണ്ടു കരടു നിയമങ്ങൾ എൽഡിഎഫിനെ വെട്ടിലാക്കി. ശബരിമല, പിൻവാതിൽ നിയമന വിവാദങ്ങളിൽ അതോടെ കൂടുതൽ വിശദീകരണത്തിനു സർക്കാരും മുന്നണിയും ബാധ്യതപ്പെട്ടവരും ആയി. അധികാരത്തിലേറിയാൽ ശബരിമലയിൽ ആചാര സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ സിപിഎമ്മും സർക്കാരും പരിഹസിച്ചപ്പോൾ നിയമത്തിന്റെ കരടു തന്നെ പുറത്തു വിട്ടാണു പ്രതിപക്ഷം മറുപടി നൽകിയത്. പിൻവാതിൽ നിയമനങ്ങളും സ്ഥിരപ്പെടുത്തലും മുറുകിയപ്പോൾ അതു നിയന്ത്രിക്കാനുള്ള നിയമത്തിന്റെ കരടും മുന്നോട്ടുവച്ചു. ഇതിൽ പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തെയാണ് സർക്കാർ കൂടുതൽ ഭയക്കുന്നത്. ഈ സാഹചര്യത്തിൽ യുഡിഎഫ് ഭരണകാലത്തെ സ്ഥിരപ്പെടുത്തലുകളുടെ കഥ ഇടതുപക്ഷം ചർച്ചയാക്കും.
സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഇതിന് വേണ്ട അജണ്ട സെറ്റു ചെയ്യും. സിപിഎം അണികളുടെ മനോവികാരം പിടിച്ചു നിർത്താനുള്ള നീക്കമാണ് ഇത്. എല്ലാ കാലത്തും താൽകാലികക്കാരെ എല്ലാ സർക്കാരും സ്ഥിരപ്പെടുത്തി എന്ന് വരുത്താനാകും ശ്രമിക്കുക. ഇതിന് വേണ്ടി ഡൽഹിയിലെ കേരളാ ഹൗസ് നിയമനങ്ങൾ ചർച്ചയാക്കി. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി എസ് അച്യൂതാനന്ദൻ നൽകിയ കത്തുയർത്തി ഉമ്മൻ ചാണ്ടി പ്രതിരോധം തീർത്തു. സെക്രട്ടറിയേറ്റിലെ സെക്യൂരിറ്റികളുടെ നിയമനവും സിപിഎം ചർച്ചകളിൽ നിറച്ചു. എല്ലാ സർക്കാരും ചെയ്യുന്നത് മാത്രമേ പിണറായിയും ചെയ്യുന്നുള്ളൂവെന്ന് സമർത്ഥിക്കാനാണ് നീക്കം.
ഒരു സർക്കാരും അധികാരം ഒഴിയും മുമ്പ് ഇത്രയും കൂടുതൽ നിയമനം നടത്തിയിട്ടില്ലെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ സ്ഥിര നിയമനങ്ങളുടെ കണക്ക് പിണറായി തേടിയിട്ടുണ്ട്. ഈ കണക്കുപയോഗിച്ച് പ്രതിരോധം തീർക്കാനാകും ശ്രമിക്കുക. നേരത്തെ പി എസ് സി നിയമനങ്ങളിൽ അഡൈ്വസ് മെമോയുടെ കണക്കുമായി തീർത്ത പ്രതിരോധം പാളിയിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ എടുത്ത് ന്യായീകരണത്തിന് മുഖ്യമന്ത്രി തന്നെ രംഗത്തു വരും. കർഷക സമരത്തെ തള്ളി പറയുന്ന മോദി മോഡൽ കേരളത്തിലും അവതരിപ്പിക്കും.
കേരളഹൗസിൽ യുഡിഎഫ് കാലത്ത് ചട്ടം മറികടന്ന് നടത്തിയ സ്ഥിരപ്പെടുത്തലിന് പിന്നിൽ നടന്നത് വൻ നാടകം എന്ന തരത്തിലായിരുന്നു അവതരിപ്പിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് ഒരാഴ്ചയ്ക്കിടെമാത്രം കൈമാറിയത് നാല് കത്ത്. സ്ഥിരപ്പെടുത്താൻ പാടില്ലെന്ന ചില സംഘടനകളുടെ കത്തുകളും ഉമ്മൻ ചാണ്ടിക്ക് ലഭിച്ചു. എന്നാൽ, കോൺഗ്രസ് നേതാക്കളുടെ കത്തിൽ അതിവേഗം ഫയൽ നീങ്ങി. പത്തുവർഷം സർവീസില്ലാത്തവരെ സ്ഥിരപ്പെടുത്തരുതെന്ന് ധന സെക്രട്ടറിയടക്കം നൽകിയ റിപ്പോർട്ട് തള്ളി രണ്ടുവർഷംമാത്രം സർവീസുള്ളവരെയും സ്ഥിരപ്പെടുത്തി. കേരളം കണ്ട ഏറ്റവും വലിയ സ്ഥിരപ്പെടുത്തൽ അട്ടിമറിക്ക് കാർമികത്വം വഹിച്ച ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ് എല്ലാ ചട്ടവും പാലിച്ച് പത്ത് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയ എൽഡിഎഫ് സർക്കാരിനെതിരെ ചില മാധ്യമങ്ങളുടെ പിന്തുണയോടെ കള്ളം പ്രചരിപ്പിക്കുന്നത് എന്നാണ് വിവാദങ്ങളോട് ദേശാഭിമാനി പ്രതികരിക്കുന്നത്.
സെക്രട്ടറിയറ്റിന് മുമ്പിൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർക്കിടയിൽ നുഴഞ്ഞുകയറി ആത്മഹത്യാശ്രമവും അക്രമവും നടത്താൻ ഗൂഢാലോചന നടന്നതായി പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടെന്നും സിപിഎം പറയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഏതുവിധേനെയും സംസ്ഥാനത്ത് പലയിടത്തും കലാപം സൃഷ്ടിക്കാനാണ് നീക്കം. ഇതിലേക്ക് യുഡിഎഫും ബിജെപിയും ചില പ്രവർത്തകരെ റിക്രൂട്ടുചെയ്ത് തലസ്ഥാനത്തിറക്കി. ഒരു കോൺഗ്രസ് നേതാവിന്റെ ഉന്നത വസതി, എംഎൽഎ ക്വാർട്ടേഴ്സ് പരിസരം എന്നിവ കേന്ദ്രീകരിച്ചാണ് ഗൂഢാലോചനയെന്നും ഇന്റലിജൻസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകിെയെന്ന ദേശാഭിമാനി വാർത്തയും ചർച്ചയാക്കും. കർഷക സമരത്തിനെതിരെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന ഖാലിസ്ഥാൻ വാദത്തിന് സമാനമാണ് ഇതും.
പിഎസ്സി വഴി ഇതുവരെയില്ലാത്തത്ര നിയമനം നടത്തിയ എൽഡിഎഫ് സർക്കാർ, റാങ്ക് ഹോൾഡർമാരുടെ ആവശ്യം പരിഗണിച്ച് പട്ടിക കാലാവധി ആറു മാസം നീട്ടി. എന്നാൽ, പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും വ്യാജപ്രചാരണത്തിൽ കുടുങ്ങി ചിലർ സെക്രട്ടറിയറ്റിന് മുമ്പിൽ സമരം ചെയ്യുകയാണ്. ഇവർക്കിടയിൽ നുഴഞ്ഞ് കയറി വിഷയം ആളിക്കത്തിച്ച് പ്രശ്നമുണ്ടാക്കാനാണ് ശ്രമം. മണ്ണെണ്ണയും പെട്രോളുമൊഴിച്ച് ആത്മഹത്യാശ്രമത്തിന് നീക്കമുള്ളതായി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയെന്നാണ് ദേശാഭിമാനി വാർത്ത. ഇത്തരം കാര്യങ്ങൾ സൈബർ സഖാക്കളും ചർച്ചയാക്കും. ഇതിലൂടെ ഗൂഢാലോചന ചർച്ച സജീവമാക്കാനാണ് ശ്രമം. ഇതിനെ നേരിടാൻ സമരക്കാരും എതിർ പ്രചരണ മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
സമരക്കാരെ ഇരയാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെ പൊലീസ് പാലിച്ച ജാഗ്രതയാണ് തിങ്കളാഴ്ചത്തെ യുഡിഎഫിന്റെ ആത്മഹത്യാനാടകം പൊളിച്ചത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മൂന്ന് കന്നാസ് മണ്ണെണ്ണ സമരക്കാർക്കിടയിലേക്ക് കൊണ്ടുവന്നു. ഇതിൽ ഒന്നിലെ മണ്ണെണ്ണ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിജു ദേഹത്ത് ഒഴിച്ചു. രണ്ട് കന്നാസ് നിലത്തൊഴിച്ചു. അതിലേക്ക് തീ പകർന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. പാലക്കാട് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്ണന്റെ മകനായ റിജു നിലവിൽ ഒരു റാങ്ക് പട്ടികയിലുമില്ല. തിങ്കളാഴ്ചത്തെ ആത്മഹത്യാനാടകം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനുള്ള ശ്രമത്തിന്റെ റിഹേഴ്സലാണെന്ന് ഇന്റലിജൻസ് മേധാവിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു മുമ്പ് നടത്തിയ ചാപ്പകുത്തൽ നാടകത്തിന് സമാനമായ അക്രമം ആവർത്തിക്കാനും ഇടയുണ്ട്. ചില അജ്ഞാതർ കുറച്ച് ദിവസമായി സമരവേദിക്കരികിൽ തമ്പടിക്കുന്നു. ഇവരുടെ വിശദവിവരം നഗരത്തിന്റെ ചുമതലയുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥർ പൊലീസ് മോധാവിക്ക് കൈമാറിയെന്നാണ് ദേശാഭിമാനി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ