മലപ്പുറം: ജിന്നിനെ ഒഴിപ്പിക്കാനെന്നു പറഞ്ഞ് ' ദിവ്യജലം' നൽകിയ ശേഷം ചികിത്സക്കെത്തിയ സ്ത്രീകളെ പീഡിപ്പിച്ച വ്യാജ സിദ്ധൻ കുടുങ്ങി. കൊണ്ടോട്ടി പൊലീസിന്റെ വലയിലായ വണ്ടൂർ മുതുക്കോടൻ അബ്ദുൽ സലാം ബാഖവി(37)യെയാണ് മലപ്പുറം കോടതി റിമാൻഡ് ചെയ്തത്. മന്ത്രവാദത്തിന്റെ മറവിൽ ഇയാൾ സഹോദരിമാരായ സ്ത്രീകളെ പീഡനത്തിനിരയാക്കുകയായിരുന്നു.

ഒരാളെ വിവാഹ വാഗ്ദാനം നൽകിയും മറ്റൊരാളെ ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചിരുന്നത്. പീഡനത്തിനിരയായ യുവതികളിലൊരാൾ അബ്ദുൽ സലാം തന്നെ വിവാഹം കഴിക്കാമെന്നുള്ള വിവരം സഹോദരിയോടു പറഞ്ഞതോടെയാണ് ഇരുവരും ഇയാളുടെ ചതി തിരിച്ചറിയുന്നത്. തുടർന്ന് ബന്ധുക്കളെ ബന്ധുക്കളെ വിവരമറിയിക്കുകായിരുന്നു. ബന്ധുക്കൾ ഇടപെട്ട് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കൊണ്ടോട്ടി സി.ഐ പി.കെ സന്തോഷ് അബ്ദുൽ സലാം ബാഖവിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ബാഖവിയെ റിമാൻഡ് ചെയ്തു.

2013ലാണ് മന്ത്രവാദിയായ അബ്ദുൽ സലാം ബാഖവിയെ യുവതികൾ പരിചയപ്പെടുന്നത്. ചികിത്സ നടത്താനെന്ന പേരിൽ ഇയാൾ പതിവായി വീടുകളിൽ പോവാറുണ്ടായിരുന്നു. ചികിത്സക്കെത്തുന്ന സ്ത്രീകളോട് ശരീരത്തിൽ ജിന്ന് കൂടിയിട്ടുണ്ടെന്നും ഇത് തുടർന്നുള്ള ജീവിതത്തെ പ്രയാസത്തിലാക്കുമെന്നും തെറ്റിദ്ധരിപ്പിക്കും. എത്രയും പെട്ടെന്ന് ജിന്നിനെ ഒഴിപ്പിച്ചില്ലെങ്കിൽ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് ചികിത്സക്കെത്തുന്നവരോടു പറയും. ഇതോടെ ഉസ്താദിന്റെ വാക്കുകളിൽ വീണ് എന്തു ത്യാഗവും സഹിച്ച് ജിന്നിനെ ഒഴിപ്പിക്കാൻ സ്ത്രീകൾ തയ്യാറാവുകയായിരുന്നു. ഇങ്ങനെ തയ്യാറാകുന്നവരെ വീട്ടിൽ എത്തിയായിരുന്നു ഒഴിപ്പിക്കൽ കർമ്മങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ ജിന്നിനെ ഒഴിപ്പിക്കാനെന്ന് ധരിപ്പിച്ച് വീട്ടിലെത്തി പീഡനം നടത്തിയ സംഭവത്തിലാണ് ഇയാൾക്കെതിരെ രണ്ട് കൊണ്ടോട്ടി സ്വദേശിനികളായ യുവതികൾ പരാതി നൽകിയത്.

പരാതിക്കാരായ സ്ത്രീകളുടെ വീട്ടിൽ ജിന്നിനെ ഒഴിപ്പിക്കാനെന്നു പറഞ്ഞ് രണ്ട് വർഷം മുമ്പ് ചികിത്സക്കെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി ആദ്യം ' ദിവ്യജലം' കുടിക്കാൻ യുവതികളോട് ആവശ്യപ്പെട്ടു. നേരത്തെ സൂക്ഷിച്ച മയക്കു മരുന്ന് കലർത്തിയ വെള്ളമാണെന്നറിയാതെ യുവതികൾ ഇതു കുടിച്ചു. പിന്നീട് ബോധരഹിതരായ സ്ത്രീകളുടെ ശരീരം ചൂഷണം ചെയ്യുകയായിരുന്നു. തുടർന്ന് പല തവണ സ്ത്രീകളുടെ നഗ്ന ഫോട്ടോ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പീഡനം നടത്തിയതായി പൊലീസ് പറയുന്നു. അന്നു മുതൽ പലതവണ അബ്ദുൽ സലാം യുവതികളെ തേടി വീട്ടിലെത്തിയിരുന്നു. യുവതികളിലൊരാളെ വിവാഹം കഴിക്കാമെന്നും ഉറപ്പ് കൊടുത്തിരുന്നു.

പരാതിക്കാരിൽ ഒരാൾ വിവാഹിതയാണ്. സഹോദരിമാർ പരസ്പരം അറിയാതെയായിരുന്നു ഇയാൾ പീഡനത്തിന് വഴിയൊരുക്കിയിരുന്നത്. ചികിത്സയുടെ പേരിൽ ബന്ധം സ്ഥാപിച്ച ഇരുവരെയും വ്യത്യസ്ത സമയങ്ങളിലായിരുന്നു ഇയാൾ സമീപിച്ചിരുന്നത്. ഇത്തരത്തിൽ സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ ഇയാൾ ചികിത്സക്കെത്താറുള്ളതായി നാട്ടുകാർ പറയുന്നു. കൂടുതൽ സ്ത്രീകൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ രണ്ട് പരാതികൾ മാത്രമാണ് ലഭിച്ചതെന്നും കൊണ്ടോട്ടി സിഐ പറഞ്ഞു.പലരും മാനഹാനി ഭയന്നാണ് പരാതിയുമായി രംഗത്ത് വരാത്തത്. നഗ്ന ചിത്രങ്ങൾ പകർത്തിയ മൊബൈൽ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.