കാസർകോട്: ഷവർമ കഴിച്ചതിനെ തുടർന്ന് കാസർകോട് സ്വദേശിയായ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കെടുകാര്യസ്ഥത വ്യക്തമാണ്. ഈ കെടുകാര്യസ്ഥതയ്ക്ക് ഇരയായി മാറുകയായിരുന്നു പ്‌ളസ് ടു വിദ്യാർത്ഥിനിയായ ദേവനന്ദ. ഷാവർമ ദുരന്തം ആദ്യമായല്ല കേരളം കേൾക്കുന്നത്. പത്ത് വർഷം മുമ്പ് സമാനമായ സംഭവം തിരുവനന്തപുരത്ത് നടന്നപ്പോഴും ഇപ്പോൾ കാണുന്ന പ്രഹസനങ്ങൾ തന്നെയാണ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായത്.

2012 ജൂലായ് 13 നായിരുന്നു ആ സംഭവം. ഹോട്ടൽ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ റോയ് ബംഗളൂരുവിൽ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലായ് 10ന് രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നു വാങ്ങിയ ഷവർമ യാത്രയ്ക്കിടെ കഴിച്ചതിനെ തുടർന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി. പിന്നീട് സച്ചിനെ മരിച്ച നിലയിൽ കണ്ടെത്തിയ പൊലീസാണ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.

ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. അവിടെ കഴിഞ്ഞു കാര്യങ്ങൾ.ചരിത്രം ഓരോ തവണ ആവർത്തിക്കുമ്പോഴും ആരോഗ്യ - ഭക്ഷ്യസുരക്ഷ വകുപ്പുകൾക്ക് പാടാൻ സ്ഥിരം പല്ലവി മാത്രം. ദുരന്തം ഒരുതരത്തിലും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം.ഉയർന്ന താപനിലയിൽ പാകം ചെയ്യാൻ സാദ്ധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങൾ ആയതിനാലാണ് ഷവർമ, സാൻഡ്വിച്ച് എന്നിവ ഭക്ഷ്യവിഷബാധയ്ക്ക് കൂടുതലായും കാരണമാകുന്നത്. തമിഴ്‌നാട്ടിൽ നിന്നും മറ്റും ബ്രോയിലർ കോഴികളെ വണ്ടിയിൽ കൊണ്ടുവരുമ്പോൾ ചത്തുപോകുന്നവയെ പോലും ഷവർമയ്ക്കായി ഉപയോഗിക്കാറുണ്ടെന്ന വർത്തകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. 'സുനാമി ഇറച്ചി' എന്നാണ് ഇവ അറിയപ്പെടുന്നതത്രേ.

പഴകിയ മാംസത്തിൽ രൂപപ്പെടുന്ന ഇകോളി, സാൽമോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടർ പോലുള്ള ബാക്ടീരിയകൾ അത്യന്തം അപകടകാരികളാണ്. ഇതിന് പുറമെ ചുരുക്കം ചില വൈറസുകളും പരാദങ്ങളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.കൃത്യമായ ബോധവൽകരണവും പഴുതടച്ചുള്ള നിയമസംവിധാനങ്ങളും നടപ്പാക്കാതെ നമ്മുടെ നാട്ടിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാലമെത്ര കഴിഞ്ഞാലും കഴിയില്ല.

അതേസമയം ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ ഷവർമ്മ കഴിച്ച കൂൾബാറിനും പ്രവർത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂൾബാറിലെ ജീവനക്കാരെയും നേരത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

നേരത്തെ, കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടപ്പിച്ചിരുന്നു. കുട്ടികൾ ഭക്ഷണം കഴിച്ച ഐഡിയൽ കൂൾബാറിലേക്ക് ഇറച്ചി നൽകിയ കടയ്ക്ക് എതിരെയാണ് നടപടി. കോഴിക്കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചത്. ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിക്കാനിടയായ പശ്ചാത്തലത്തിൽ ആയിരുന്നു ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടന്നത്. ചെറുവത്തൂരിലെ മുഴുവൻ ഷവർമ്മ കടകളിലും കോഴിക്കടകളിലും വകുപ്പ് പരിശോധന നടത്തി.

അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ അനധിക്യത ഭക്ഷണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകി. ബേക്കറികൾ, ഹോട്ടലുകൾ, ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ലൈസൻസോടെയാണോ പ്രവർത്തിക്കുന്നതെന്നറിയാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും വകുപ്പ് നിർദ്ദേശം നൽകി.തട്ടുകടകളിലും പാതയോരങ്ങളിലെ കടകളിലും ആരോഗ്യവിഭാഗത്തെ വെച്ച് പരിശോധന നടത്തും. ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടോയെന്നും ഭക്ഷണത്തിന് പഴക്കമുണ്ടോയെന്നും ഉറപ്പാക്കും. സ്ഥാപനത്തിന്റെ ശുചിത്വവും പരിശോധിക്കും.