കേൻസ്: അമ്മയുടെ കത്തിമുനയിൽ എട്ടു കുട്ടികളുടെ ജീവൻ പൊലിഞ്ഞ വീട് സ്മാരകമാക്കാൻ തീരുമാനം. മുറിവേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയുടെ മനോനില സൈക്കാട്രിസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേൻസ് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ്  റെയ്‌ന മെർസേൻ ഇനാ തായ്‌ഡേ എന്ന മുപ്പത്തേഴുകാരിയുടെ കുത്തേറ്റ് രണ്ടു മുതൽ 14 വയസുവരെയുള്ള എട്ടു കുട്ടികൾ മരിച്ചത്. കേസിൽ റെയ്‌നയെ അറസ്റ്റ് ചെയ്യുകയും ഇവരുടെ മേൽ കേസ് ചാർജ് ചെയ്യുകയും ചെയ്തു.

സ്വന്തം ഏഴു കുട്ടികളേയും സഹോദരിയുടെ ഒരു കുട്ടിയേയുമാണ് റെയ്‌ന കത്തിമുനയ്ക്ക് ഇരയാക്കിയത്. നാലു പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ഇവരുടെ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും റെയ്‌നയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ മാനസികാരോഗ്യം സൈക്കാട്രിസ്റ്റുകൾ ഉടൻ തന്നെ പരിശോധിക്കും. പരിശോധന പൂർത്തിയായൽ മെന്റൽ ഹെൽത്ത് കോർട്ടിൽ വിചാരണ നടത്തണമെന്നുള്ള റെയ്‌നയുടെ അഭിഭാഷകയുടെ അഭ്യർത്ഥന കേൻസ് കോടതി മജിസ്‌ട്രേറ്റ് തള്ളി. ഈയവസ്ഥയിൽ റെയ്‌നയ്ക്ക് ജാമ്യം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മാരക മുറിവേറ്റ് കേൻസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റെയ്‌ന  പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസ് സംബന്ധിച്ച് അന്വേഷണം പൂർത്തിയായാൽ കൊലപാതകം നടന്ന വീട് നശിപ്പിച്ച് അവിടെ പകരം സ്മാരകം നിർമ്മിക്കുമെന്ന് ആക്ടിങ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പോൾ ടെയ്‌ലർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും കേൻസിനെ ഇതുപോലെ ഞെട്ടിച്ച മറ്റൊരു സംഭവവും അരങ്ങേറിയിട്ടില്ലെന്ന് പോൾ ടെയ്‌ലർ പറഞ്ഞു.