രിത്രപ്രധാനമായ ആ വിധി വന്നു. ഐ.പി.സി. 497 സുപ്രിം കോടതി റദ്ദാക്കി. ഇനി വിവാഹിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പരപുരുഷനെതിരെ കേസെടുക്കാൻ പറ്റില്ല. പക്ഷേ ഇണ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരമറിഞ്ഞ് മറ്റേയാൾ ആത്മഹത്യ ചെയ്താൽ ഇണക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കും.അതേ സമയം ഈ സംഗതി വിവാഹമോചനത്തിനുള്ള കാരണമായി ഉന്നയിക്കാനുള്ള അവകാശം സുപ്രിം കോടതി നിലനിർത്തിയിട്ടുമുണ്ട്.

ഇന്ത്യയിൽ ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരാത്ത രണ്ടുതരം ലൈംഗികതകളാണ്് കുറ്റകൃത്യങ്ങളായി ഉണ്ടായിരുന്നത്. ഇതിൽ ഒന്നാണ് ഇപ്പാ അസാധുവായത്. വിഷയം സെക്‌സ് ആയതുകൊണ്ട് പഠിക്കാൻ രസവും എളുപ്പവുമാണ്. അതുകൊണ്ട് ചുമ്മാ എടുത്തു ആ വകുപ്പുകളൊക്കെ ഒന്നു വായിച്ചാൽ മതി. ആരെങ്കിലും പഠിപ്പിച്ചു തരുമെന്നു വിചാരിച്ചു കാത്തിരിക്കേണ്ട കാര്യമില്ലെന്ന് അർഥം. വിവാഹ പൂർവ ലൈംഗികതയെ പിന്തുണച്ചു ചലച്ചിത്ര താരം ഖുഷ്ബു ഒരു പരാമർശം നടത്തിയപ്പോൾ 23 പരാതികളാണ് അതിനെതിരെ സുപ്രിം കോടതി മുമ്പാകെ എത്തിയത്. അവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടു പരമോന്നത നീതിപീഠം വ്യക്തമാക്കിയത് അഡൾട്ടറി അല്ലാത്ത, പരസ്പര സമ്മതത്തോടുകൂടിയുള്ള ലൈംഗികത കുറ്റമല്ലെന്നാണ്. ഇപ്പോൾ ഐ.പി.സി. 497തന്നെ റദ്ദാക്കപ്പെട്ടതോടെ ഒരു നൂറ്റാണ്ടുപിന്നിട്ട കരിനിയമമാണ് ഇല്ലാതാവുന്നത്.സ്വവർഗരതി നിയമ വിരുദ്ധമാക്കുന്ന നൂറ്റാണ്ടു പിന്നിട്ട മറ്റൊരു കരി നിയമം ഐപിസി 377 ഇന്ത്യയുടെ പരമോന്നത നീതിപീഠം നേരത്തെ റദ്ദാക്കിയിരുന്നു.ഒരു തുറന്ന പുരോഗമ സമൂഹത്തിലേക്കുള്ള നമ്മുടെ യാത്രയുടെ തുടക്കമാണിത്.

എന്താണ് അഡൾട്ടറി ?

അഡൾട്ടറി എന്ന വാക്കിനു മലയാളം പറഞ്ഞാൽ ആശയക്കുഴപ്പമാകും. നിഘണ്ടു തപ്പിയാൽ അതിനു പരസ്ത്രീ ഗമനം, പരപുരുഷ സംഗമം, വ്യഭിചാരം, ജാരവൃത്തി, പാതിവ്രത്യ ഭംഗം, വിശ്വാസ ലംഘനം എന്നൊക്കെ അർഥം കാണാം. ഇന്ത്യൻ ശിക്ഷാ നിയമം മനസ്സിൽ കണ്ട അർഥം കിട്ടണമെങ്കിൽ ആ വാക്കുകളൊന്നും മതിയാകില്ല. മാത്രമല്ല, മെക്കാളെ പ്രഭു 157 വർഷം മുമ്പ് എഴുതിവെച്ച നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് വായിക്കുകയും അതേക്കുറിച്ച് ആലോചിക്കുകയും ചെയ്താൽ ചിരിച്ചു മണ്ണു കപ്പിപ്പോകും.

ഐ.പി.സി സെക്ഷൻ 497 ആണ് ഇതുസംബന്ധിച്ച കുറ്റകൃത്യത്തിന്റെ നിർവചനവും അതിനുള്ള ശിക്ഷയും വ്യക്തമാക്കുന്നത്. അതിങ്ങനെയാണ്: മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങിനെ വിശ്വസിക്കാൻ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാൾ, ആ പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെ, ബലാത്സംഗക്കുറ്റമാകാത്ത വിധം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവോ, അയാൾ അഡൾട്ടറി എന്ന കുറ്റം ചെയ്തിരിക്കുന്നു. അത്തരം കുറ്റം ചെയ്ത വ്യക്തി അഞ്ചു വർഷം വരെയുള്ള തടവിനോ പിഴക്കോ അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കും. എന്നാൽ ഈ കൃത്യത്തിൽ ഏർപ്പെട്ട ഭാര്യ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചയാൾ എന്ന നിലയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടില്ല.

ഇതനുസരിച്ചു, പുരുഷൻ ശിക്ഷാർഹനാകണമെങ്കിൽ പല സംഗതികളുണ്ട്. 1. വിവാഹിതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കണം. 2. അത് ബലാത്സംഗത്തിന്റെ പരിധിയിൽ വരാൻ പാടില്ല. സ്ത്രീയുടെ സമ്മതമുണ്ടാകണം. പ്രായപൂർത്തിയായിരിക്കണം. 3. സ്ത്രീ വിവാഹിതയാണെന്ന് അറിഞ്ഞിരിക്കുകയോ അല്ലെങ്കിൽ അങ്ങിനെ വിശ്വസിക്കാനുള്ള കാരണമുണ്ടാകുകയോ വേണം. ഭർത്താവുണ്ടെന്ന് അറിഞ്ഞാൽ മതി, അയാൾ ആരാണെന്ന് അറിയേണ്ടതില്ല. 4െൈ.ലംഗിക ബന്ധം ഭർത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെയായിരിക്കണം.

എത്ര സൂക്ഷ്മതയുള്ള നിയമം! ഇനി അതിന്റെ-മറുവശം നോക്കുക. ഭർത്താവിനു ഭാര്യക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പറ്റില്ല. ഭാര്യയുമായി വേഴ്ചയിലേർപ്പെട്ട പുരുഷനെ മാത്രമേ ശിക്ഷിക്കാൻ പറ്റൂ. വിവാഹിതനായ പുരുഷൻ അവിവാഹിതയായ സ്ത്രീയുമായോ വിധവയോ വിവാഹമോചിതയോ ആയ സ്ത്രീയുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമല്ല. മാത്രമതല്ല, ഭർത്താവിന്റെ സമ്മതത്തോടെ വിവാഹിതയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമല്ല.

ആലോചിച്ചാൽ തമാശയല്ലേ. രസകരമല്ലേ?. ഒരു തരത്തിൽ ഈ വകുപ്പു സ്ത്രീവിരുദ്ധമാണെന്നു തോന്നാം. കാരണം സ്ത്രീക്ക് ലൈംഗികതയിൽ ഒരു പങ്കുമില്ല. എല്ലാം പുരുഷന്റെ മാത്രം ആവശ്യം. മറ്റൊരു തരത്തിൽ സ്ത്രീയ്ക്ക് ഭർത്താവിന്റെ സമ്മതമുണ്ടേലും ഇല്ലെങ്കിലും ആരുമായും കിടക്ക പങ്കിടാം. നിയമനടപടികൾ നേരിടേണ്ടി വരില്ല. പുരുഷനാണ് എല്ലാ പൊല്ലാപ്പും. അപ്പോൾ ഈ വകുപ്പ് പുരുഷ വിരുദ്ധമാണെന്നും തോന്നാം. ആകെയൊരു പ്രശ്‌നം വിവാഹ മോചനത്തിനുള്ള കാരണങ്ങളിലൊന്നായി ഈ അഡൾട്ടറി ചൂണ്ടിക്കാണിക്കാമെന്നതാണ്. അതു ചിലപ്പോൾ ഉപദ്രവമാകും. ചിലപ്പോൾ ഉപകാരവും.അപ്പോൾ ഇന്ത്യയിൽ പൊലീസ് പിടിക്കാവുന്ന ആദ്യത്തെ ലൈംഗിക കുറ്റം മനസ്സിലായില്ലേ? മറ്റേത് പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക് ആക്ടിൽ പറയുന്ന സംഗതിയാണ്. പണം നൽകിയുള്ള ലൈംഗിക ബന്ധം. ജീവിക്കാൻ വേണ്ടി ലൈംഗിത തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകളെ (സ്ത്രീകളെ മാത്രം) പൊലീസ് വേട്ടയാടുന്നത് ഈ നിയമം വച്ചാണ്. അതേക്കുറിച്ചു കൂടുതൽ പറയേണ്ടതില്ലല്ലോ.

നിർണായകമായി ഖുഷ്ബു കേസ്

ഖുഷ്ബുവിനെതിരായ ഹരജികൾ തള്ളിക്കളയുമ്പോൾ സുപ്രിം കോടതി കാര്യങ്ങൾ വ്യക്തമായി സദാചാരക്കാരെ പഠിപ്പിച്ചതാണ്. വ്യക്തികളുടെ സ്വയം നിർണയാവകാശത്തിനു പ്രാധാന്യം കൊടുക്കണമെന്നും സദാചാര ലംഘനം നടത്തുന്ന വ്യക്തിയെ നിയമത്തിന്റെ കണ്ണിൽ കുറ്റവാളിയാക്കേണ്ട ആവശ്യമില്ലെന്നും ആ വിധിയിൽ വ്യക്തമാക്കിയിരുന്നു. സദാചാരവും കുറ്റസങ്കൽപവും (Morality and Criminality) ഒത്തുപോകുകയില്ലെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ജസ്റ്റിസുമാരായ ദീപക് വർമയും ബി.എസ്. ചൗഹാനും അടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചതാണ്.

നാൽപ്പത്തൊന്നു പേജുള്ള അന്നത്തെ വിധിന്യായത്തിൽ ജസ്റ്റിസ് ചൗഹാൻ എഴുതിവെച്ച വാക്കുകൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നോട്ടിസ് ബോർഡുകളിൽ എഴുതിവെയ്ക്കണം. അത് ഇങ്ങിനെയായിരുന്നു.'നമ്മുടെ സമൂഹത്തിലെ മുഖ്യധാരാ കാഴ്ചപ്പാട് വിവാഹിതർ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂവെന്നാണ്. ഐ.പി.സി സെക്ഷൻ 497ൽ പറയുന്ന അഡൾട്ടറി അല്ലാത്ത, പ്രായപൂർത്തിയായവർ ദാമ്പത്യേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുന്നത് നിയമപ്രകാരം കുറ്റകൃത്യമൊന്നുമല്ല.'പൊലീസുകാർക്കു മാത്രമല്ല, ഒരു ആണിനേയും പെണ്ണിനേയും ഒന്നിച്ചു കണ്ടാൽ കുരുപൊട്ടുന്ന സകലർക്കും ബാധകമാണ് ഇതൊക്കെ. സദാചാരത്തിന്റെ പേരിൽ ഇനിയും ആരും കൊല്ലപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യാൻ പാടില്ല.

നിയമ പോരാട്ടത്തിന്റെ നാൾവഴികൾ ഇങ്ങനെ

അഡൾട്ടറിക്കു ആണുങ്ങൾക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കാൻ അനുശാസിക്കുന്ന സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. കാശീശ്വരം രാജ് മുഖേന സമർപ്പിച്ച റിട്ടാണ് സുപ്രിം കോടതി ഫയലിൽ സ്വീകരിച്ച് ബന്ധപ്പെട്ടവർക്കു നോട്ടീസ് അയച്ചത്.
അഡൾട്ടറി എന്ന കുറ്റം ചെയ്യുന്ന സ്ത്രീക്കെതിരെ പ്രേരണാകുറ്റത്തിനു പോലും നിയമ നടപടി അനുശാസിക്കുന്നില്ലെന്നതാണ് ഈ സെക്ഷൻ പ്രധാന പോരായ്മ. മാത്രമല്ല, ഭർത്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ മാത്രമാണ് ഐപിസി 497 പ്രകാരം കുറ്റക്കാരനാകുന്നത്.

1985ൽ സൗമിത്രി വിഷ്ണു കേസിൽ ഇതേ സെക്ഷന്റെ ഭരണഘടനാ വിരുദ്ധത ചർച്ചയായിരുന്നു. അന്നു സുപ്രിം കോടതി വിധിച്ചത് ഇക്കാര്യത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതു കൊണ്ട് ഭരണഘട ലംഘിക്കുന്നുവെന്ന് പറയാൻ പറ്റില്ലെന്നായിരുന്നു. മാത്രമല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നവനെന്ന് പരക്കെ അംഗീകരിക്കപ്പട്ട കാര്യവുമാണെന്നാണ് കോടതി അന്നു നിരീക്ഷിച്ചത്. കോടതിയുടെ ഈ നിരീക്ഷണം സ്വീകാര്യമല്ലെന്ന് അഡ്വ. കാളീശ്വരം രാജ് ബോധിപ്പിച്ചു.അതിനും മുമ്പ് 1954 ൽ യൂസുഫ് അബ്ദുൽ അസീസ് മാത്തർ കേസിലും സുപ്രിം കോടതി ഈ സെക്ഷൻ പരിശോധിച്ചിരുന്നു. അന്നു ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാലും (നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ്) ആർട്ടിക്കിൾ പതിനഞ്ച് ക്ലോസ് മൂന്നും (സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രത്യേക നിയമം) ഒന്നിച്ചു വായിച്ചാണ് സുപ്രിം കോടതി അഡൾട്ടറിയിൽ സ്ത്രീയെ ഒഴിവാക്കുന്നതിനെ ന്യായീകരിച്ചത്. ഈ നിരീക്ഷണവും അനുചിതമല്ലെന്ന് റിട്ടിൽ പറയുന്നുണ്ട്.

1988 ൽ രേവതി വേഴ്‌സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിൽ കുറേക്കൂടി രസകരമായിരുന്നു സുപ്രിം കോടതിയുടെ ന്യായീകരണം. ആ വിധിയിൽ പറഞ്ഞത് ഇങ്ങിനെയായിരുന്നു:അഡൾട്ടറി ചെയ്തു വൈവാഹിക ബന്ധത്തിന്റെ പവിത്ര നഷ്ടപ്പെടുത്തുന്ന ഭാര്യക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സാധിക്കാത്ത രീതിയിലാണ് ഐപിസി 497 വിഭാവന ചെയ്തിരിക്കുന്നത്. അഡൾട്ടറി ചെയ്യുന്ന ഭാര്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കാത്ത നിയമം അഡൾട്ടറി ചെയ്യുന്ന ഭർത്താവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഭാര്യയേയും അനുവദിക്കുന്നില്ല. അങ്ങിനെ വഞ്ചന ചെയ്യുന്ന ഭാര്യക്കു ഭർത്താവിനേയും ഭർത്താവിനു ഭാര്യയേയും പ്രോസിക്യൂട്ട് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.' -ഈ നിരീക്ഷണത്തേയും റിട്ട് ചോദ്യം ചെയ്യുന്നു.

2012 ൽ കല്യാണി വേഴ്‌സസ് സ്റ്റേറ്റ് കേസിലും ഐപിസിയിലെ അഡൾട്ടറി സംബന്ധിച്ച നിയമം പക്ഷപാതപരമാണെന്ന വിവാദം ഉന്നയിക്കപ്പെട്ടിരുന്നു. ഈ നിയമം അനുസരിച്ചു അഡൾട്ടറി കേസിൽ ഒരു സ്ത്രീക്ക് നിയമ ബാധ്യതകളില്ലാത്താ പോലെ പരാതിക്കാരിയാകാനും സാധിക്കില്ല. പുനർവിചിന്തനം ആവശ്യമുള്ള സങ്കീർണമായ ഒരു പ്രശ്‌നമാണിതെന്നും റിട്ടിൽ ഹാജരായ അഡ്വ. കാളീശ്വരം രാജ് കോടതിയെ ബോധിപ്പിച്ചു.മെക്കാളെ പ്രഭു ഈ വകുപ്പ് ഐപിസിയുടെആദ്യ കരടിൽ ഉൾപ്പെടുത്തിയിരുന്നില്ല. 1971ലെ ലോ കമ്മീഷൻ റിപ്പോർട്ടിൽ ഈ സെക്ഷൻ സംബന്ധിച്ച അതൃപ്തി രേഖപ്പെടുത്തപ്പെട്ടിരുന്നു. 2003ൽ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം നവീകരണത്തിനായി ശുപാർശ സമർപ്പിച്ച ജസ്റ്റിസ് മളീമഠ് കമ്മിറ്റിയും ഈ വിഷയത്തിൽ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നതാണ്.

( എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമാണ് ലേഖകൻ)