- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മാങ്കോസ്റ്റീൻ ചോട്ടിൽ അന്ത്യവിശ്രമമെന്ന ബഷീറിന്റെയും ദഹിപ്പിക്കണമെന്ന പുനത്തിലിന്റെയും ആഗ്രഹം നടപ്പായില്ല; ഇരുവരെയും അടക്കിയത് പള്ളികളിൽ; ആ ഗതി വരുത്താതെ അന്ത്യാഭിലാഷം നടപ്പാക്കി കോൺഗ്രസ്; ഇത് കമ്യൂണിസ്റ്റ് നേതാക്കൾക്കു പോലും കാണാത്ത ധൈര്യം; മരണത്തിൽപോലും മതത്തെ മാറ്റിനിർത്തി പിടിയുടെ വിപ്ലവം; 'ചന്ദ്രകളഭം' ഒരു രാഷ്ട്രീയ ഗാനമാവുമ്പോൾ!
'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം, ഈ മനോഹരതീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി''- മലയാളി എക്കാലവും സ്നേഹിച്ചിരുന്ന ഈ വയലാർ ഗാനം ഇപ്പോൾ കൃത്യമായ ഒരു രാഷ്ട്രീയ ഗാനം കൂടിയാവുകയാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസ്, തന്റെ സംസ്‌ക്കാരച്ചടങ്ങുകളിൽ കേൾപ്പിക്കാൻ ആഗ്രഹിച്ചത് ഏതെങ്കിലും മതത്തിന്റെയോ ദൈവത്തിന്റെയോ പാട്ടല്ല, മറിച്ച് ഈ ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ കടന്നുപോയ ഒരു കവിയുടെ ചലച്ചിത്രഗാന ശകലമാണ്. മതവൈരങ്ങളും സപർധയുംമൂലം സിനിമകൾക്ക് പേരിടാൻ പോലും കഴിയാത്ത ഈ കെട്ടകാലത്ത്, മരണാനന്തര സ്വർഗത്തിനുവേണ്ടി പൊട്ടിത്തെറിക്കാൻ ആളുകളുള്ള ഈ കാലത്ത്, ഈ ഭൂമി തന്നെയാണ് എന്റെ സ്വർഗം എന്ന് പറയുന്ന ഗാനം, തന്റെ അന്ത്യചടങ്ങുകൾക്ക് മതി എന്ന് തീരുമാനിക്കുക വഴി മരിച്ചുകഴിഞ്ഞിട്ടും വലിയൊരു രാഷ്ട്രീയ പോരാട്ടം തന്നെയാണ് പി.ടി നടത്തുന്നത്!
അല്ലെങ്കിലും പി.ടി തോമസിന്റെ ജീവിതം ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നല്ലോ. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, ജീവിച്ചിരിക്കെതന്നെ തന്റെ ശവമഞ്ചം എടുത്ത് വിലാപയാത്ര നടത്തിയ പുരോഹിതർക്ക് തട്ടിക്കളിക്കാൻ അദ്ദേഹം തന്റെ മൃതദേഹം വിട്ടുകൊടുത്തില്ല. മതപരമായ ഒരു ചടങ്ങും തന്റെ സംസ്‌ക്കാരത്തിൽ പാടില്ലെന്നും ഒപ്പം 'ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം' എന്ന വയലാർ ഗാനം പതിഞ്ഞ താളത്തിൽ വെക്കണമെന്ന പ്രഖ്യാപനവും, സമാനകൾ ഇല്ലാത്തതാണ്.
കമ്യൂണിസ്റ്റ് നേതാക്കൾക്കു പോലും ഇല്ലാത്ത ധൈര്യം
മതേതര ജീവിതം എന്ന് വാചകമടിക്കുന്ന പലർക്കും അത് ജീവിതത്തിൽ പകർത്താൻ ആവാറില്ല. എന്നാൽ പി.ടി അതിലും വ്യത്യസ്തനായിരുന്നു. മഹാരാജാസ് കോളജിൽ 'മഞ്ഞണി
ക്കൊമ്പിൽ' ഗാനം പാടിക്കൊണ്ടിരിക്കെ കണ്ടുമുട്ടിയ കെ.എസ്.യു നേതാവ് ഉമയെ
, പിന്നീട് ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടുമ്പോൾ, ജാതിയും മതവും ഇരുവർക്കും ഒരു പ്രശ്നവും ആയിരുന്നില്ല. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഉമയെ പി.ടി ഒരിക്കലും മതം മാറ്റിയില്ല. മതം കേവലം ഒരു സ്വകാര്യത മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മക്കളുടെ മതം ഏതാണെന്ന് ആരോ ഒരിക്കൽ ചോദിച്ചപ്പോൾ, നിങ്ങൾ അതേക്കുറിച്ചൊന്നും ആകുലപ്പെടേണ്ടെന്നും, അവർ പഠിച്ച് വലുതാവുമ്പോൾ ആവശ്യമെങ്കിൽ ഇഷട്മുള്ള മതം സ്വീകരിച്ചോളും എന്നായിരുന്നു പി.ടി തോമസിന്റെ മറുപടി. ( കേരളത്തിൽ നടക്കുന്ന മിശ്രവിവാഹങ്ങളിൽ നല്ലൊരു പങ്കിലും പുരുഷന്റെ മത്തതിലേക്ക് സ്ത്രീ മാറുകയാണ് ചെയ്യാറ്. പി.സി ജോർജിന്റെ മകൻ ഷോൺജോർജും, ജഗതീശ്രീകുമാറിന്റെ മകൾ പാർവതിയും തമ്മിലുള്ള്ള വിവാഹത്തിൽ പാർവതി ക്രിസ്തുമതത്തിലേക്ക് മാറിയത് ഒരു ഉദാഹരണം.) ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റായിരുന്നു പി.ടി മനുഷ്യന്റെ കഴിവുകളിലും ശാസ്ത്രത്തിലുമാണ് വിശ്വസിച്ചിരുന്നത്.
പത്തുവോട്ടിനായി അരമന സന്ദർശിക്കാനും കൈമുത്താനും ക്യൂ നിൽക്കുന്ന കമ്യൂണിസ്റ്റ് നേതാക്കൾ പോലുമുള്ള ഈ നാട്ടിൽ, പി.ടി രാഷ്ട്രീയ ഒറ്റയാനായി. അതിന്റെ വില പലപ്പോഴും അദ്ദേഹത്തിന് കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ഭാഗമായി മണ്ണിനും പരിസ്ഥിതിക്കും വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ സീറ്റ് നിഷേധിക്കപ്പെട്ടതും, ചില പുരോഹിതർ നേതൃത്വം കൊടുത്ത് അദ്ദേഹത്തിന്റെ ശവമഞ്ചഘോഷയാത്ര നടത്തിയതും ഹൈറേഞ്ചിലെ ഓരോ മൺതരിക്കും അറിയാവുന്ന കഥയാണ്. പക്ഷേ എത്ര തിരിച്ചടികൾ ഉണ്ടായിട്ടും, തന്റെ ആദർശങ്ങളിൽ ഒരു തരിപോലും അദ്ദേഹം വെള്ളം ചേർത്തില്ല. പലപ്പോഴും സ്വന്തം പാർട്ടിയിൽനിന്നുപോലും ഇതിന്റെ പേരിൽ ആക്രമണം ഉണ്ടായി. കാൻസർ ചികിത്സക്ക് വെല്ലൂരിൽ പോകുന്നതിന് തൊട്ടുമുമ്പാണ് കെ.പി.എ.സി ലളിതക്ക് സർക്കാർ ഫണ്ടിൽനിന്ന് ചികിത്സാസഹായം അനുവദിച്ചതിനെ അനുകൂലിച്ചും, ഇതിന്റെ പേരിൽ സൈബർ ലിഞ്ചിങ്ങ് പാടില്ലെന്നും പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടത്. അതോടെ അണികളുടെ രോഷം പി.ടിക്ക് നേരെയായി. പതിവുപോലെ ഒറ്റയാനായിക്കൊണ്ടുതന്നെ അദ്ദേഹം തന്റെ നിലപാടുകൾ കൃത്യമായി വിശദീകരിച്ചു.
ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്തും, അധികാരം ഉള്ളപ്പോഴും വാർത്തകൾ സൃഷ്ടിക്കാൻ പലർക്കും കഴിയും. പക്ഷേ മരിച്ചിട്ടും ചരിത്രം സൃഷ്ടിക്കാൻ കഴിയുക പി.ടിയെപ്പോലെ ഉള്ളവർക്കാണ്. ഒരു കണക്കിന് നാം കോൺഗ്രസ് പാർട്ടിയോടും നന്ദി പറയണം. ഒരാൾ മരിക്കുമ്പോഴേക്കും അയാളുടെ നിലപാടുകൾ എല്ലാം റദ്ദാക്കിക്കൊണ്ട് മതവും പൗരോഹിത്യവും ആ സ്പേസിലേക്ക് ഇടിച്ചുകയറി വരുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്. പല പ്രമുഖരുടെയും മരണത്തിൽ നാം അതുകണ്ടു.
ബഷീറിനും പുനത്തിലും മരണാനന്തരം സംഭവിച്ചത്?
തന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റീൻ മരച്ചോട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു, വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആഗ്രഹം. അത് അദ്ദേഹം പലവേദികളിലും തുറന്ന് പറഞ്ഞിരുന്നു. അവസാനകാലത്ത് തന്നെ വന്നുകണ്ട സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്നാണ്, ചലച്ചിത്ര നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായരെപ്പോലുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. മാത്രമല്ല,ഇസ്ലാമിന്റെ മതപരമായ യാതൊരു ചിട്ടകളിലും ജീവിച്ചിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ബഷീറിന്റെ വിശാലമായ പ്രപഞ്ചനാഥൻ ഒരു മതദൈവം ആയിരുന്നില്ല. എന്നിട്ടും ബഷീർ മരിച്ചപ്പോൾ മതം കടന്നുവരികയും, പള്ളി ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അന്ത്യ വിശ്രമം കൊള്ളുകയും ചെയ്തു.
സമാനമായ അനുഭവം തന്നെയാണ് എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്കും ഉണ്ടായത്. പുനത്തിലിന് ഇസ്ലാമുമായി പൊടിപോലും ബന്ധമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, മദ്യപാനവും, പോളിഗാമസ് ലൈംഗിക ജീവിതവുമൊക്കെയായി അദ്ദേഹം മതമൗലികവാദികളുടെ കണ്ണിലെ കരടുമായിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റ സമയത്ത് അദ്ദേഹം ഹിന്ദുമതത്തിലേക്ക് മതം മാറിയെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. അദ്ദേഹം ഒരു വേള ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആഗ്രഹം. അത് അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഉൾപ്പെടെ പരസ്യമായി പറഞ്ഞിരുന്നു. പക്ഷേ മരണാനന്തരം എല്ലാം അട്ടിമറിഞ്ഞു. പുനത്തിലിനെയും പള്ളി ഏറ്റെടുത്തു.
ഇനി മതേതരമായി ജീവിച്ച ആളുകളെപ്പോലും മരണാണനന്തരം മതവുമായി കൂട്ടിക്കെട്ടാനും പുരോഹിത വർഗം ശ്രമിക്കാറുണ്ട്. കോഴിക്കോട്ടെ സിപിഎം നേതാവും തിരുവമ്പാടി എംഎൽഎയുമായ മത്തായിചാക്കോ മരിച്ചപ്പോൾ ഉയർന്നത് അദ്ദേഹം രോഗീലേപനം പരുട്ടുകയും, അന്ത്യകുദാശ കൈക്കൊള്ളുകയും ചെയ്തുവെന്ന വ്യാജ ആരോപണമായിരുന്നു. അത് ഏൽക്കാതായതോടെ കുട്ടികളെ അദ്ദേഹം മാമോദീസ മുക്കിച്ചുവെന്നായി. ഇതിന്റെ ഭാഗമായാണ് സത്യത്തിൽ അന്നത്തെ സിപിഎം സെക്രട്ടറിയായിരുന്നു പിണറായി വിജയൻ ബിഷപ്പിനെതിരെ നികൃഷ്ട ജീവി പരാമർശനം പോലും നടത്തിയത്.
അതായത് മരിച്ചുകഴിഞ്ഞ മനുഷ്യന്റെ നിലപാടുകൾ എല്ലാം റദ്ദാക്കിക്കൊണ്ട് മതം മരണാനന്തര ചടങ്ങുകളിൽ കയറിവരിക എന്നത്, മതേതര കേരളത്തിലെ ഒരു സ്ഥിരം പരിപാടിയായിരുന്നു. ഇവിടെ തുടക്കത്തിൽ പി.ടിയുടെ കാര്യത്തിലും സമാനമായ അവസ്ഥവരുമായിരുന്നു. വെല്ലൂരിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിനടുത്ത് ബൈബിൾ വായിച്ചുനിൽക്കുന്ന കന്യാസ്ത്രീകളെയാണ് ആദ്യം ചാനലുകളിൽ കണ്ടത്. അപ്പോഴേക്കും പി.ടി തോമസിന്റെ അന്ത്യാഭിലാഷം അറിയിച്ചുകൊണ്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാർത്താ സമ്മേളനം വന്നു. ആ അർഥത്തിൽ കോൺഗ്രസ് പാർട്ടിക്ക് മതേതരവാദികൾ അഭിനന്ദനം കൊടുക്കണം. രാഷ്ട്രീയത്തിൽ പലപ്പോഴും പി.ടിയുടെ ആദർശങ്ങൾക്ക് ഒപ്പം നിൽക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിക്ക് മരണാനന്തരമെങ്കിലും അദ്ദേഹത്തിന് നീതി കൊടുക്കാൻ കഴിഞ്ഞു.
മാത്രമല്ല എത്ര മതജീവികൾക്ക് തങ്ങളുടെ മരണം കൊണ്ടും മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കാറുണ്ട്്. കണ്ണുകൾ ദാനം ചെയ്ത പി.ടി ആ കർമ്മവും നിർവഹിച്ചു. മരിച്ചിട്ടും ജീവിക്കുന്നുവെന്ന പതിവ് വാചകം ഇവിടെ അന്വർഥമാവുന്നു.
പി.ടി തന്റെ മരണം മൂൻകൂട്ടി കണ്ടിരുന്നോ?
നട്ടെല്ലിന് അർബുദ ബാധയുണ്ടായതോടെ പി.ടി തോമസ് തന്റെ മരണം മൂൻകുട്ടി കണ്ടിരുന്നോ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അനുയായികളും ഇപ്പോൾ ചോദിക്കുന്നത് ഇതാണ്. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുൻനമ്പാണ് തന്റെ സംസ്‌കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന മാർഗ്ഗനിർദ്ദേശം പി.ടി, ഉറ്റ സുഹൃത്ത് ഡിജോ കാപ്പന് നൽകിയത്. തന്റെ ഭാര്യയും മക്കളും അറിയാതെ അസാമാന്യമായ മനക്കരുത്തോടെയാണ് അദ്ദേഹം അത് ചെയ്തത്. കേരള രാഷ്ട്രീയത്തിന് പി.ടി തോമസിന്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്പോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന കാര്യം പി.ടിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികൾ. വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദ്ദേശത്തോടെയാണ് തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിർദ്ദേശം നൽകിയത്.
കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം എന്നെ സംസ്‌കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.ഇങ്ങനെയാണ് ഡിജോയ്ക്ക് പിടി തോമസ് നൽകിയ നിർദ്ദേശം. മരണപ്പെടുന്നതിന് കൃത്യം ഒരു മാസം മുമ്പ് മാത്രമായിരുന്നു ഈ ഫോൺ സംഭാഷണം നടന്നത് എന്നതാണ് മറ്റൊരു കൗതുകം.
2014-ൽ ട്രെയിൻ യാത്രയ്ക്കിടെ പി.ടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. സഹയാത്രികന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് അന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായത്. അതിനു ശേഷമാണ് വില്ലനായി അർബുദം പിടിയുടെ ജീവിതത്തിലേക്ക് വന്നത്. ഈ പരീക്ഷണഘട്ടവും പിടിയുടെ പോരാളി മറികടക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോൾ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകൾക്കും പ്രവർത്തകർക്കും നൽകിയാണ് പിടി യാത്ര പറഞ്ഞത്. എന്നാൽ വെല്ലൂരിലെ ചികിത്സയ്ക്കിടെ അർബുദം പിടിമുറുക്കിയതോടെ ഇനി അധികസമയമില്ലെന്ന് പി.ടിയും തിരിച്ചറിഞ്ഞിരിക്കാം.
സംഗീതത്തെയും സാഹിത്യത്തെയും സ്നേഹിച്ച നേതാവ്
സാമ്പ്രദായിക രാഷ്ട്രീയക്കാരിൽനിന്ന് ഭിന്നമായി കലയെയും സാഹിത്യത്തെയും സംഗീതത്തെയും ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു പി.ടി തോമസ്. വയലാർ ഗാനങ്ങളുടെ ഒരു വലിയ ആരാധകനായിരുന്നു അദ്ദേഹം. വയലാർ- ദേവരാജൻ ഗാനങ്ങളെക്കുറിച്ചും, സാഹിത്യത്തെക്കുറിച്ചും നല്ല ധാരണയായിരുന്നു അദ്ദേഹത്തിന്. ഇതുകൊണ്ട് തന്നെയായിരിക്കണം തന്റെ അന്ത്യയാത്രയിലും ഒരു വയലാർ ഗാനത്തെ പി.ടി കൂട്ടുപിടിച്ചത്.
മാധ്യമ പ്രവർത്തകനും പാട്ടെഴുത്തുകാരനുമായ രവി മേനോൻ ഇങ്ങനെ കുറിക്കുന്നു.
'രാഷ്ട്രീയ ലോകത്തെ അപൂർവം ആദർശധീരന്മാരിൽ ഒരാളായ പി .ടി തോമസിന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്ന് മനസ്സിനെ തൊട്ടു: ഭൗതികശരീരം പൊതുദർശനത്തിനു വെക്കുമ്പോൾ വയലാറിന്റെ ''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം'' എന്ന ഗാനം പതിഞ്ഞ ശബ്ദത്തിൽ പശ്ചാത്തലത്തിൽ കേൾപ്പിക്കണം.... ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'' എന്ന് പറയാതെ പറയുകയായിരുന്നോ പ്രിയ പി ടി ?
എട്ടു വർഷം മുൻപത്തെ സംഗീതസാന്ദ്രമായ ഒരു തീവണ്ടിയാത്രയിലേക്ക് മടങ്ങിപ്പോകുന്നു മനസ്സ്. സുഹൃത്തും ഗായകനുമായ ജി വേണുഗോപാൽ, മാതൃഭൂമിയിലെ സഹപ്രവർത്തകരായ മൻസൂർ, ജയ്ദീപ് എന്നിവരാണ് ഒപ്പം. കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ആ രാത്രിയാത്രയിലുടനീളം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു പി.ടി തോമസ്, രാഷ്ട്രീയക്കാരനായ പി ടി അല്ല, വയലാറിന്റെ ജീവിതഗന്ധിയായ രചനകളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന സംഗീതപ്രേമിയായ പി.ടി. ആദ്യം തിരിച്ചറിയുകയായിരുന്നു പി.ടിയിലെ ആ ഗാനാസ്വാദകനെ. ഭഭവ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ വയലാറിന്റെ ഒരു പാട്ട് കേൾക്കുകയേ വേണ്ടൂ എനിക്ക്..'' - ഇടക്കൊരിക്കൽ പി ടി പറഞ്ഞു. വേണുവിന്റെ ഗാനങ്ങളുടെ നല്ലൊരു ആരാധകൻ കൂടിയാണ് അദ്ദേഹം എന്നറിഞ്ഞതും അന്നുതന്നെ.
രാത്രിയേറെ വൈകിയിട്ടും ഇഷ്ടഗാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു പി ടി. പാട്ടുകൾ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ പറ്റി, സിനിമയിലെ സന്ദർഭത്തിനപ്പുറത്തേക്ക് വളർന്ന് സാധാരണക്കാരന്റെ ഹൃദ്സ്പന്ദമായി മാറുന്ന വയലാർ രചനകളെ പറ്റി... വിസ്മയത്തോടെ ആ വാക്കുകൾ, നിരീക്ഷണങ്ങൾ കേട്ടിരുന്നു വേണുവും ഞങ്ങളും....''- ഇങ്ങനെയാണ് രവിമേനോൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സാഹിത്യകാരൻ ഷാജി ജേക്കബ് തന്റെ പോസ്റ്റിൽ പി.ടി തോമസിനെ ഇങ്ങനെ അനുസ്മരിക്കുന്നു. ''ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പരസ്യപ്രചാരണം നടത്തിക്കൊണ്ടേയിരുന്ന പ്രശസ്തനായ ഒരു സാംസ്‌കാരിക പ്രവർത്തകൻ തെരഞ്ഞെടുപ്പ് ദിവസം എന്നോട് പറഞ്ഞു .. രാവിലെ പി. ടി. തോമസിന് ഞാൻ വോട്ടു ചെയ്തു . രാഷ്ട്രീയം വേറെ .പി ടി യുമായു ള്ള ബന്ധം വേറെ . അതായിരുന്നു എക്കാലത്തും പി.ടി. തോമസ് . 1987 മുതൽ പി. ടി തോമസിനെ അടുത്തറിയാം. ഇടുക്കിയിലെ കുടിയേറ്റക്കാർക്കിടയിൽ നിന്ന് ഇത്ര ആർജവമുള്ള മറ്റൊരു രാഷ്ട്രീയ നേതാവ് രൂപം കൊണ്ടിട്ടില്ല. കടുകിട മാറാത്ത നിലപാടുകൾ .അന്യാദൃശമായ പാർലമെന്ററി മികവ്' . നെഹ്രുവിയൻ കോൺഗ്രസിന്റെ യുക്തിബോധത്തിലടിയുറച്ച വ്യക്തിത്വം. അമ്പരപ്പിക്കുന്ന ജനബന്ധം . രാഷ്ട്രീയം, മാധ്യമം, ഭൂമി, പരിസ്ഥിതി, നിയമം, മതം, ജാതി, സാഹിത്യം, വികസനം.... വിഷയങ്ങൾ പഠിച്ചും പ്രശ്നങ്ങളിൽ ഇടപെട്ടും നേടിയ രാഷ്ടീയതന്റേടമായിരുന്നു പി.ടി.യുടെ ഏറ്റവും വലിയ മൂലധനം . നഷ്ടങ്ങളെക്കുറിച്ചാകുലപ്പെടാതെ മതേതര ജീവിതവും ജനാധിപത്യ രാഷ്ട്രീയവും കൂട്ടിയിണക്കിയ മനുഷ്യൻ . ഞാൻ അടുത്തറിഞ്ഞ രാഷ്ട്രീയ പ്രവർത്തകരിൽ പി.ടി യെപ്പോലെ എന്നെ ആകർഷിച്ച മറ്റൊരാളുണ്ടായിരുന്നില്ല. വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിൽ ഇത്രത്തോളം എനിക്ക് ആത്മബന്ധം തോന്നിയ മറ്റൊരു പൊതുപ്രവർത്തക നുമുണ്ടായിട്ടില്ല. പല സന്ദർഭങ്ങളിൽ ഒന്നിച്ചുണ്ടായി. പല യാത്രകൾ ഒന്നിച്ചു ചെയ്തു. പലതും അർധരാത്രി കഴിഞ്ഞാവും. പി.ടിക്ക് രാത്രിയും പകലും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഏതു നേരത്തും എവിടെയും എത്തും. ഇരുപതു വയസ്സ് മുതൽ എന്നെ ഒപ്പം നിർത്തി.... വിപരീതങ്ങൾ എന്ന പുസ്തകം പ്രകാശിപ്പിക്കാൻ ഡൽഹിയിൽ നിന്ന് ഉമയോടൊപ്പം കാലടി കാമ്പസിലെത്തി. കലാകൗമുദി കാലം മുതൽ ഞാൻ എഴുതുന്നത് മിക്കതും വായിച്ചിരുന്നു എന്നറിയാം. നിരവധി മീറ്റിംഗുകൾക്ക് എന്നെ നിർബ്ബന്ധപൂർവം കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ബാലചന്ദ്രൻ , എം വി ബെന്നി, എൻ.എം. പിയേഴ്സൺ തുടങ്ങിയവരുടെ ഒപ്പം രാഷ്ട്രീയം ചർച്ച ചെയ്ത സന്ദർഭങ്ങൾ .മാനവ സംസ്‌കൃതിയുടെ യോഗങ്ങൾ . രാഷ്ട്രീയ വിയോജിപ്പുകൾ ഞാൻ പറയുമ്പോഴും കോൺഗ്രസിന്റെ ചില പോഷക സംഘടനകളുടെ കോൺഫറൻസുകൾ. .... വലിയ ഒരു ശരിയായിരുന്നു പി ടി തോമസ് .പള്ളി മതം മുതൽ പ്രത്യയശാസ്ത്ര ഭീകരത വരെ ഒന്നിനോടും ഒത്തു തീർപ്പുണ്ടാക്കാതെ നെറിയോടെ ജീവിച്ച നിങ്ങളുടെ ജീവിതത്തിന് മുന്നിൽ ഞങ്ങളൊക്കെ എത്ര ചെറിയ മനുഷ്യരാണ്, പ്രിയ പി.ടി.... യാത്ര!''- ഇങ്ങനെയാണ് ഷാജി ജേക്കബ് തന്റെ പോസ്ററ് ആവസാനിപ്പിക്കുന്നത്.
ഇവയൊന്നും ഒറ്റപ്പെട്ട പോസ്റ്റ് അല്ല. ഫേസ്‌ബുക്കിൽ നുറുകണക്കിന് ആളുകളാണ് പി.ടി തോമസിനെ കുറിച്ച് എഴുതുന്നത്. അടുത്തകാലത്തൊന്നും ഒരു നേതാവിനും ഇതുപോലെ ഒരു യാത്രയപ്പ് കിട്ടിയിട്ടുണ്ടാവില്ല.
സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളതും!
നമ്മുടെ ജനാധിപത്യം എന്നത് നേർപ്പിച്ച മതാധിപത്യം തന്നെയാണെന്ന് പലരും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. അതായത് മതം ജനാധിപത്യത്തിൽ പരോക്ഷമായി ഇടപെട്ട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നു, എതിർക്കുന്നവനെ ഒതുക്കുന്നു, വിജയിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനെ മാത്രമല്ല ഒരു വിഷയത്തെയും മതേതരമാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. മതേതരത്വം ഭരണഘടനയിൽ വിശ്രമിക്കയാണ്. മതേതരത്വം എന്നു പറഞ്ഞാൽ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുക എന്നതല്ല.
എഴുത്തുകാരൻ ആനന്ദ് ഈയിടെ ചൂണ്ടിക്കാട്ടി. 'സസ്യേതര ഭക്ഷണശാല എന്നാൽ അതിന്റെ അർഥം സസ്യാഹാരത്തിനും മാംസാഹാരത്തിനും തുല്യ പരിഗണന കൊടുക്കുന്നുവെന്നതണോ. അതുപോലെ മതേതരം എന്നുവച്ചാൽ തീർച്ചയായും മതം ഇതരം തന്നെയാണ്. അതായത് തുല്യ പരിഗണയല്ല, ഒരു മതത്തെയും പരിഗണിക്കാതിരിക്കയാണ് മതേതരത്വം. യൂറോപ്യൻ സെക്കുലറിസത്തിൽനിന്ന് ഇന്ത്യൻ സെക്കുലറിസത്തിലേക്ക് വന്നാലും പ്രകടമായ ്മാറ്റം അതാണ്. സീസറിനുള്ളത് സീസിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ആപ്തവാക്യമാണ് സത്യത്തിൽ യൂറോപ്പിനെ രക്ഷിച്ചത്. അവർ രാഷ്ട്ര ശരീരത്തിലേക്ക് മതം കയറ്റിവിടാറില്ല''
ഇങ്ങനെ മതത്തിൽ ജനിച്ച്, മതം ഭക്ഷിച്ച്, മതത്തിൽ ഉറങ്ങുന്ന ഒരു നാട്ടിലാണ് പി.ടി തോമസിനെപ്പോലെ ജീവിതം കൊണ്ടും മരണം കൊണ്ടും മതേതരനായ ഒരു മനുഷ്യന്റെ പ്രസക്തി. നിങ്ങൾക്ക് മതവിശ്വാസിയായി ഈ നാട്ടിൽ ജീവിച്ച് മരിക്കാം എന്നതുപോലെ, മതേതരനായും ഈ നാട്ടിൽ ജീവിച്ച് മരിക്കാം. മരണഭീതി ചെറുതായ വരുമ്പോഴേക്കും, ദൈവമേ എന്ന് വിളിച്ച് മതത്തെ ആലിംഗനം ചെയ്യുന്ന നക്സലൈറ്റ് നേതാക്കൾ പോലുമുള്ള ഒരു നാട്ടിലാണ്, ഒരു കോൺഗ്രസ് നേതാവ് ജീവിതം കൊണ്ടും മരണം കൊണ്ടും മതത്തെ വെല്ലുവിളിച്ചത്.
ആദ്യത്തെ വിധവാ വിവാഹം നടന്നപോലെ, അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് നാടകം അരങ്ങേറിയപോലെ ഒക്കെയുള്ള ഒരു സാമൂഹിക വിപ്ലവമായിട്ടായിരിക്കും, വയലാർ ഗാനം വെച്ചുകൊണ്ടുള്ള പി.ടിയുടെ അന്ത്യയാത്ര ഭാവിയിൽ വിലയിരുത്തപ്പെടുക.അതേ, ചരിത്രത്തിൽ ജീവിച്ച മനുഷ്യനായിട്ടല്ല ചരിത്രം തിരുത്തിയ നേതാവായിട്ടായിരിക്കും പി.ടിയെ കാലം അടയാളപ്പെടുത്തുക.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ