കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. പിടി തോമസിന്റെ ഭൗതികദേഹം അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലെത്തിക്കും. തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയിൽ പൊതുദർശനത്തിന് വെക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോർത്ത് ജങ്ഷനിലെ ടൗൺഹാളിൽ എത്തിക്കും.

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ പി ടി തോമസിന്റെ മൃതദേഹം തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അന്തരിച്ച എംഎൽഎ പി ടി തോമസിനോടുള്ള ആദരസഹൂചകമായി തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ നാളെ ഉച്ചതിരിഞ്ഞ് അവധി. എറണാകുളം ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.



പി ടി തോമസ് ആഗ്രഹിച്ചപോലെ തന്നെ അന്ത്യകർമ്മങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രവിപുരം ശ്മാശനത്തിൽ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങിൽ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങൾ മരിക്കുന്നതിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്ന് കമ്പം തേനി വഴി നേരെ ഇടുക്കി ഉപ്പുതോടുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തിക്കും. തുടർന്ന് പുലർച്ചെ പാലാരിവട്ടത്തെ വീട്ടിൽ എത്തിക്കും. 

കോൺ?ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺ?ഗ്രസിലെ ഒറ്റയാനായിരുന്നു. ആ?ദ്യവസാനം കോൺ?ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.

കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എംപിയും ആയിരുന്നു. കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാലാ സെനറ്റ് അംഗവും ആയിരുന്നു.


ഇടുക്കി എംപിയായിരിക്കെ ട്രെയിനിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ അതിജീവിച്ച് രാഷ്ട്രീയത്തിൽ കർമനിരതനായ പി.ടി. ഒടുവിൽ അർബുദത്തിന് കീഴടങ്ങുകയായിരുന്നു. നട്ടെല്ലിനായിരുന്നു അർബുദ ബാധ. ആദർശ ശുദ്ധിയും നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവുമായ പി.ടിയുടെ ആരോഗ്യം കോൺഗ്രസിനും പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് ചികിത്സിക്കുന്നതിന് കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ വെല്ലൂരിൽ ചികിത്സ തുടരാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്.



ആശുപത്രിയിൽ കിടക്കുകയായിരുന്നെങ്കിലും രോഗത്തെ മറികടന്ന് പി.ടി.തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷയെന്നാണ് മരണത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.

എന്നും പോരാട്ടത്തിന്റെ വഴിയാണ് പി.ടി. തോമസ് സ്വീകരിച്ചുവന്നിരുന്നത്. പാർട്ടിക്കുള്ളിലായാലും പരിസ്ഥിതിക്കെതിരെയും സ്ത്രീകൾക്കെതിരേയുമുള്ള അതിക്രമങ്ങൾക്കെതിരേ ആയാലും ജനങ്ങൾക്കുവേണ്ടിയുള്ള എന്ത് വിഷയമായാലും ഈ നിലപാട് പി.ടി മുറുകെപ്പിടിച്ചു.

പ്രളയത്തിന് മുമ്പുതന്നെ കേരളം പ്രകൃതി ക്ഷോഭത്തിന് ഇരയായേക്കുമെന്ന് അദ്ദേഹം പലതവണ നമ്മളെ ഓർമ്മിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നീതിക്കുവേണ്ടി മുന്നിൽനിന്ന് പോരാടാൻ പി.ടി. ഉണ്ടായിരുന്നു. രാഷ്ട്രീയ വിമർശനങ്ങളിൽ മുഖം നോക്കാത്ത പി.ടി. തോമസ് എതിരാളികളുടെ കരുത്ത് വകവെക്കാതെ ആഞ്ഞടിച്ചു.



കേരളത്തിൽ പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച അപൂർവ്വം നേതാക്കളിൽ പ്രമുഖൻ. പ്രളയം ഒന്നും രണ്ടും മൂന്നും തവണ വന്നപ്പോഴാണ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന്റെ ആപത്ത് പലരും തിരിച്ചറിഞ്ഞത്. 10 വർഷം മുന്നെ അത് തുറന്നുപറഞ്ഞതിന് പിടിയെ ശപിച്ചവർക്കും ശവഘോഷയാത്ര നടത്തിയവർക്കും അത് സ്വയം തിരുത്താനുള്ള അവസരമായി.

നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചാണ് പി.ടി ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്. പുരോഗമന-പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേനിനടിച്ചവർ കൈയേറ്റങ്ങൾക്ക് കുടപിടിച്ച കാലത്തായിരുന്നു കോൺഗ്രസിൽ നിന്ന് പി.ടി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പാർട്ടി ഓഫീസുകൾ ഒഴിപ്പിക്കാൻ ഒരുങ്ങിയ വി എസ്സിന് പോലും ദൗത്യം നിർത്തിപ്പോരേണ്ടി വന്ന ഇടുക്കിയിലാണ് പി.ടി ഒറ്റയ്ക്ക് പോരാടിയത്.



ഒടുവിൽ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തീർത്ത വേലിക്കെട്ടിൽ പി.ടിക്ക് അർഹിച്ച സീറ്റ് പോലും നിഷേധിക്കപ്പെട്ടു. പി.ടി അയഞ്ഞില്ല. നിലപാട് ഉറക്കെ പറഞ്ഞു. താൻ പറഞ്ഞതിലെ ശരി കാലം തെളിയിക്കുമെന്ന് പി.ടിക്ക് ഉറപ്പുണ്ടായിരുന്നു. മലയിറങ്ങിയപ്പോഴും നിലപാട് മാത്രമായിരുന്നു കൈമുതൽ. ആ ആദർശത്തിന് കൊച്ചിയിൽ പിന്തുണയ്ക്കാൻ ജനംകൂടെ നിന്നു. രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിനാണ് പി.ടിയെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചത്.