- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിന് ഒന്നാം വിവാഹാശംസകൾ അർപ്പിച്ച് തരൂർ; താങ്കളുടെ നേതാവ് മരിച്ചപ്പോൾ ഈ പോസ്റ്റ് വേണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ; 40 മിനിറ്റ് കഴിഞ്ഞ് പിടിക്ക് ആദരാഞ്ജലി പോസ്റ്റുമായി തിരുവനന്തപുരം എംപി; അറിവും വിവേകവും ശശി തരൂരിന്റെ പേജിൽ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: പിടി തോമസ് കോൺഗ്രസുകാർക്ക് വികാരമായിരുന്നു. കെ എസ് യുവിലൂടെ വളർന്ന യൂത്ത് കോൺഗ്രസിന് കരുത്ത് പകർന്ന കോൺഗ്രസ് നേതാവ്. ജനപ്രതിനിധിയെന്ന നിലയിലും സമാനതകളില്ലാത്ത പോരാട്ടം നടത്തിയ നേതാവ്. കോൺഗ്രസ് കുടുംബം പിടി തോമസിന്റെ വേദനയിൽ നിൽക്കുമ്പോൾ ശശി തരൂർ എംപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെത്തിയത് ക്രിക്കറ്റർ സഞ്ജു സാംസണിന്റെ വിവാഹ വാർഷിക ആശംസയാണ്. സഞ്ജുവും ഭാര്യയും ചേർന്ന് നിൽക്കുന്ന ചിത്രവുമായി ആശംസ. ഇതു പക്ഷേ കേരളത്തിലെ കോൺഗ്രസുകാർക്ക് പിടിച്ചില്ല. പിടി തോമസിനെ മറന്ന ശശി തരൂരിനെ അവർ തിരുത്തിച്ചു.
പിടിയുടെ മരണ വാർത്ത കമന്റായി കുറിച്ചു. പിന്നാലെ പിടിക്കും തരൂർ അനുശോചന സന്ദേശം ഇട്ടു. പക്ഷേ വലിയ വിമർശനമാണ് സഞ്ജുവിന്റെ വിവാഹ വാർഷിക ആശംസയ്ക്ക് താഴെ കോൺഗ്രസ് അണികൾ കുറിച്ചത്. ആരായിരുന്നു പിടി തോമസ് എന്ന് ഓർമ്മപ്പെടുത്തുന്ന കുറിപ്പുകൾ. തരൂരിനെതിരെ അതിശക്തമായ വിമർശനം. തീർത്തും അപ്രതീക്ഷിതമായിരുന്നു പിടിയുടെ വേർപാട്. വെല്ലൂർ ആശുപത്രിയിൽ ദിവസങ്ങളായി ജീവനു വേണ്ടിയുള്ള മല്ലിടൽ. ഇന്ന് രാവിലെയാണ് പിടി വിടവാങ്ങിയത്. ഈ വാർത്ത ചാനലുകൾ വലിയ തോതിൽ ചർച്ച ചെയ്തു തുടങ്ങി ഏറെ സമയത്തിന് ശേഷമാണ് സഞ്ജുവിന് ആശംസയുമായി തരൂർ എത്തിയത്.
അറിവും വിവേകവും.... അത് രണ്ടും രണ്ടാണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് നേതാവെ നിങ്ങൾ.... കഷ്ടം..., പറയാതെ വയ്യ. കഷ്ടമാണ്.. ഈയൊരു പോസ്റ്റ് അനവസരത്തിൽ ഉള്ളതായിപ്പോയി......, PT തോമസ് എന്ന ഒരു നേതാവ് മരണപ്പെട്ട വിവരം അറിഞ്ഞോ?? അത് കഴിഞ്ഞ് പോരെ സഞ്ജുവിന് ആശംസകൾ അറിയിക്കൽ. വളരെ മോശം ?? ഈ പാർട്ടിയോട് എന്തെങ്കിലും കൂറ് ഉണ്ടോടോ തനിക്ക്?? ഒരു സാധാരണ പ്രവർത്തകനെ സംബന്ധിച്ച് ഈ ഒരു പോസ്റ്റ് ഈ സമയത്ത് അശ്ലീലം എന്നല്ലാതെ വേറൊന്നും പറയാൻ ഇല്ല.-ഇങ്ങനെ പോകുന്നു തരൂരിനുള്ള വിമർശനങ്ങൾ. തരൂരിന്റെ കമന്റ് ബോക്സിലാകെ ഈ പ്രതിഷേധമാണ്.
നിലപാടുകളുടെ മതേതര മൂല്യങ്ങളുടെ പ്രകൃതിസ്നേഹത്തിന്റെ ആദർശ സംശുദ്ധ രാഷ്ട്രീയത്തിന്റെ തമ്പുരാൻ പി. ടി.തോമസ് എം എൽ എ വിട പറഞ്ഞത് വിശ്വനായകൻ അറിഞ്ഞില്ല എന്ന് തോന്നുന്നു.
അതോ മരണപ്പെട്ടത് വിശ്വാസമില്ലാത്തതിനാൽ പഠിച്ചിച്ച ശേഷം അനുശോചിക്കാമെന്ന് കരുതിയിട്ടാണോ?-അതിശക്തമായ ഭാഷയിലാണ് വിമർശനം. ഞാൻ കോൺഗ്രസുകാരനല്ല എന്നാലും പറയട്ടെ കോൺഗ്രസിന്റെ സമുന്നതനായ നേതാവ് PT തോമസ് മരണപട്ടിട്ട് ഒരു അനുശോചനം അറിയിച്ച് ഒരു പോസ്റ്റ് ആയിരുന്നു ഈ അവസരത്തിൽ വേണ്ടത്-കമന്റുകൾ ഇങ്ങനെ നീളുന്നു.
അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു പിടി തോമസിന്റെ അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എംപിയും ആയിരുന്നു. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇടുക്കി ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12-നാണ് പി.ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട്ടെയും എറണാകുളത്തെയും ലോ കോളേജുകൾ എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാലാ സെനറ്റ് അംഗവും ആയിരുന്നു.
1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെപിസിസി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 2021 ൽ വീണ്ടും തൃക്കാക്കരയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഡിബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ