- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗാഡ്ഗിലിൽ വിഷയത്തിൽ പി ടി തോമസായിരുന്നു ശരി; പി.ടി പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു; ഒപ്പം നിൽക്കാൻ കഴിയാതിരുന്നത് ബാഹ്യസമ്മർദ്ദം മൂലം; കെ.എസ്.യു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ തുറന്നു പറഞ്ഞ് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഗാഡ്ഗിൽ വിഷയത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് തുറന്നു പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാത്തത് ബാഹ്യസമ്മർദ്ദം മൂലമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഉള്ളിൽ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം പി.ടി തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി.ടി നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മൻ ചാണ്ടി തുറന്നു പറഞ്ഞു.
എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി.ടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് പോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി.ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി.
നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുവച്ചാണ് പി.ടി ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്. പുരോഗമന-പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേനിനടിച്ചവർ കൈയേറ്റങ്ങൾക്ക് കുടപിടിച്ച കാലത്തായിരുന്നു കോൺഗ്രസിൽ നിന്ന് പി.ടി അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പാർട്ടി ഓഫീസുകൾ ഒഴിപ്പിക്കാൻ ഒരുങ്ങിയ വി എസ്സിന് പോലും ദൗത്യം നിർത്തിപ്പോരേണ്ടി വന്ന ഇടുക്കിയിലാണ് പി.ടി ഒറ്റയ്ക്ക് പോരാടിയത്.
ഒടുവിൽ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തീർത്ത വേലിക്കെട്ടിൽ പി.ടിക്ക് അർഹിച്ച സീറ്റ് പോലും നിഷേധിക്കപ്പെട്ടു. പി.ടി അയഞ്ഞില്ല. നിലപാട് ഉറക്കെ പറഞ്ഞു. താൻ പറഞ്ഞതിലെ ശരി കാലം തെളിയിക്കുമെന്ന് പി.ടി ഉറപ്പുണ്ടായിരുന്നു. മലയിറങ്ങിയപ്പോഴും നിലപാട് മാത്രമായിരുന്നു കൈമുതൽ. ആ ആദർശത്തിന് കൊച്ചിയിൽ പിന്തുണക്കാൻ ജനംകൂടെ നിന്നു. രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിന് പി.ടിയെ വിജയിപ്പിച്ച് നിയമസഭയിലെത്തിച്ചു.
എന്നും നിലപാടിന്റെ രാഷ്ട്രീയമായിരുന്നു പി.ടി തോമസിന്റേത്. രാഷ്ട്രീയ എതിരാളികളോടുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ കണക്കുപുസ്തകം വരും തലമുറയ്ക്കായി ബാക്കിവച്ചാണ് അദ്ദേഹം മടങ്ങുന്നത്.
കേരളത്തിൽ പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച അപൂർവ്വം നേതാക്കളിൽ പ്രമുഖൻ. പ്രളയം ഒന്നും രണ്ടും മൂന്നും വന്നപ്പോഴാണ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന്റെ ആപത്ത് കേരളം ഓർത്തെടുത്തതും പി ടിയുടെ വാക്കുകളിലൂടെയായിരുന്നു. 10 വർഷം മുന്നെ അത് തുറന്ന് പറഞ്ഞതിന് ശപിച്ചവരും ശവഘോഷയാത്ര നടത്തിയവർക്കും പുനരാലോചനയ്ക്കുള്ള അവസരമാണ് പിന്നീട് ഒരുങ്ങിയത്.
ഗ്രൂപ്പു രാഷ്ട്രീയം നയിച്ച കോൺഗ്രസിൽ തിരുത്തൽവാദികളുടെ പട്ടികയുണ്ടായിരുന്നു. അത് ഗ്രൂപ്പിലെ വിഭജനരൂപമായിരുന്നെങ്കിൽ പി.ടി യഥാർഥ തിരുത്തൽവാദിയായിരുന്നു. വോട്ടിന്റെ രാഷ്ട്രീയത്തിനപ്പുറമായിരുന്നു ചിന്തകളും സമീപനങ്ങളും. മദ്യനിരോധനത്തിലൂടെ ആദർശവാദിയാകാൻ നേതാക്കൾ മത്സരിച്ചപ്പോൾ അതിലും പിടിയുടെ ശബ്ദം വേറിട്ടുനിന്നു. മദ്യനിരോധനം പരാജയപ്പെടുന്ന പരീക്ഷണമാണെന്നായിരുന്നു പി.ടിയുടെ പക്ഷം
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, കിറ്റെക്സ് കമ്പനി കുടിവെള്ള സ്രോതസായ കടമ്പ്രയാർ മലിനപ്പെടുത്തുന്നു എന്ന ആരോപണം, കസ്തുരി രംഗൻ റിപ്പോർട്ട്, മുട്ടിൽ മരംവെട്ടു കേസിലെ ആരോപണങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ നിലപാട് ഏറെ ചർച്ച ആയതാണ്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പി.ടിയുടെ നിലപാടിനെ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു. അന്ന് എതിർത്തവരും പരിഹസിച്ചവരും വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിലെ ശരി തിരിച്ചറിഞ്ഞു.
മൂന്നാറിൽ അനധികൃതമായി കൈയേറിയവർക്ക് 15 സെന്റ് വീതം പതിച്ച് നൽകാനുള്ള തീരുമാനം തെറ്റാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നും നിയമസഭയിൽ പറഞ്ഞതിന് ഭരണ - പ്രതിപക്ഷ അംഗങ്ങൾ തന്നെ കൂകി ഇരുത്തി എന്ന് പി.ടി തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഗാഡ്ഗിൽ റിപ്പോർട്ടിന് വേണ്ടി താൻ പറഞ്ഞപ്പോൾ അശ്ലീലം പറഞ്ഞതു പോലെ കൂകി ഇരുത്തുകയായിരുന്നുവെന്നും പ്രതിപക്ഷത്തുണ്ടായിരുന്ന സഹോദരന്മാർ പോലും തന്റെ സംസാരം തടസ്സപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കസ്തൂരി രംഗൻ റിപ്പോർട്ടും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും സത്യസന്ധമായി വായിച്ചു നോക്കുന്ന ഒരാൾക്കും അതിനെ എതിർക്കാൻ പറ്റില്ല എന്നായിരുന്നു അദ്ദേഹം ആവർത്തിച്ചത്. 2014 ൽ പരിസ്ഥിതി സംരക്ഷണ വിഷയവുമായും കസ്തൂരിരംഗൻ റിപ്പോർട്ടുമായും ബന്ധപ്പെട്ടു അന്നത്തെ ഇടുക്കി എംപി ആയിരുന്ന പി.ടി. തോമസ് എടുത്ത നിലപാടും അതിനെതിരെ ഇടുക്കി രൂപത സ്വീകരിച്ച നിലപാടും വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതിനെപ്പറ്റി ഒരു അഭിമുഖത്തിൽ വെച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ' അവര് പറയുന്നത് പോലെ ജീവിക്കാനാവില്ല, ആൺകുട്ടിയായി ജീവിക്കാനാണ് ഇഷ്ടം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ