കോഴിക്കോട്: ഒളിമ്പ്യൻ പി.ടി. ഉഷക്ക് കോഴിക്കോട് നഗരത്തിൽ ഭൂമി നൽകേണ്ടതില്ലെന്ന് സർക്കാരിനോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ അഭിപ്രായപ്പെട്ടു. ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കായികതാരങ്ങളുണ്ട്. അവർക്ക് ആദ്യം ഭൂമി നൽകണമെന്നാണ് സ്പോർട്സ് കൗൺസിലിന്റെ നിലപാട്. പി.ടി. ഉഷക്ക് നേരത്തെ പയ്യോളിയിൽ വീടുവെച്ചുകൊടുത്തത് സംസ്ഥാന സർക്കാരാണ്. പൊതുമരാമത്ത് വിഭാഗമാണ് വീടുനിർമ്മിച്ചത്. ഭൂരഹിതർക്ക് സ്ഥലം നൽകുമ്പോൾ ഭൂമിയുള്ള പലരും ആനുകൂല്യം പറ്റിയിട്ടുണ്ട്. ഏതെങ്കിലും മത്സരത്തിൽ ജയിച്ചാൽ അഞ്ചോ പത്തോ സെന്റ് ഭൂമി നൽകണമെന്ന് മാനദണ്ഡമില്ലെന്നും ഉഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളട്ടെയെന്നും ദാസൻ പറഞ്ഞു. ഇതോടെ ഉഷയുടെ ഭൂമി മോഹം നടക്കില്ലെന്ന് ഉറപ്പാവുകയാണ്.

ഉഷയുടെ ഭൂമി മോഹം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഏറെ അനൂകല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയ ഉഷ ഇപ്പോൾ വീടുവയ്ക്കാൻ പോലും സ്ഥലമില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് പി.ടി. ഉഷക്ക് ഗവ. എൻജിനീയറിങ് കോളജ് സ്ഥലം കൈമാറാനുള്ള സർക്കാർ നീക്കം വീണ്ടും വിവാദമാകുന്നത്. 1984ൽ പത്മശ്രീ ബഹുമതി. തുടർന്ന് അർജുന അവാർഡ്. 1986ൽ ലോക അത്‌ലറ്റിക്‌സിലെ മികച്ച താരങ്ങളിലൊരാൾ. 1985 മുതൽ 89 വരെ മികച്ച കായികതാരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. 86ൽ അഡിഡാസ് ഗോൾഡൻ ഷൂ. സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് എന്ന പേരിൽ കേരള സർക്കാർ വക മുപ്പത് ഏക്കർ സ്ഥലം. 15 ലക്ഷം രൂപ മാസാമാസം. മറ്റു ചെലവിനങ്ങൾക്കായി വേറെ തുകകൾ.. അങ്ങനെ പിടി ഉഷയെന്ന അത്ലറ്റിന് രാജ്യം നൽകി അംഗീകാരങ്ങൾ ഏറെ. പതിനെട്ട് വയസ്സ് മുതൽ ഇന്ത്യൻ റെയിൽവേയിൽ ഉയർന്ന ശമ്പളത്തോടെ സകല ആനുകൂല്യങ്ങളോടെയും ഉദ്യോഗം. ഫസ്റ്റ് ക്ലാസ് സൗജന്യ യാത്ര. വിമാനത്തിലും യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസ് പരിഗണന-അങ്ങനെ ഉഷയ്ക്ക് എല്ലാമുണ്ട്. ഇതെല്ലാം ഉയർത്തിയാണ് കോഴിക്കോട്ടുകാർ പ്രതിരോധം തീർത്തത്.

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഭൂമി അനുവദിച്ചതെങ്കിലും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ഇടത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ടെക്നിക്കൽ എജുക്കേഷൻ വകുപ്പിന്റെ വനിത ഹോസ്റ്റലിനായി നീക്കിവെച്ച ഭൂമി വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ അടക്കം വിദ്യാർത്ഥി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കോഴിക്കോട് നഗരസഭ കൗൺസിലും ഏകകണ്ഠമായി ഇക്കാര്യത്തിൽ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് സ്പോർട്സ് കൗൺസിലും നിലപാട് വ്യക്തമാക്കുന്നത്. സ്വന്തം വീട് പയ്യോളിയിൽ ആയതിനാൽ നഗരത്തിൽ 20 സന്റെ് ഭൂമി വിട്ടുനൽകണമെന്ന് ഉഷ 2013ൽ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് വ്യക്തമാകുന്നത്.

കോഴിക്കോട് നഗരഹൃദയത്തിൽ പത്ത് സെന്റ് ഭൂമി ഉഷയ്ക്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 15 കോടി രൂപയുടെ മതിപ്പ് വിലയുണ്ട് പത്ത് സെന്റ് ഭൂമിക്ക്. മാവൂർ റോഡിലെ കെഎസ് ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ ഭൂമി. കസബ വില്ലേജിലെ റീസർവ്വേ 5/8/865 റീസർവ്വേ നമ്പറിലാണ് ഭൂമി. 1991ലാണ് കെപി അബ്ദുൾ ജലീലിൽ നിന്നാണ് വിലയാധാരം ചെയ്ത് ഈ വസ്തു സ്വന്തമാക്കിയത്. ഇവിടെ തറകെട്ടാനായി കരിങ്കല്ലും ഇറക്കിയിട്ടുണ്ട്. തൊട്ടടുത്ത് നാഷണൽ ആശുപത്രിയാണ്. ആശുപത്രി വികസനത്തിന് സെന്റിന് ഒരു കോടിക്ക് ഈ വസ്തു വിലയ്ക്ക് കൊടുക്കുമോ എന്ന് ഉഷയോട് ചോദിച്ചിരുന്നു. എന്നാൽ അന്ന് വിറ്റില്ല. ഈ ഭൂമി നഗരഹൃദയത്തിലുള്ളപ്പോഴാണ് പുതിയ പത്ത് സെന്റിനായി ഉഷ നീക്കം നടത്തുന്നത്. വെസ്റ്റ്ഹില്ലിൽ ഉഷയ്ക്ക് അര ഏക്കർ ഭൂമിയുണ്ടെന്നും സൂചനയുണ്ട്. ഇതെല്ലാം നാട്ടുകാർ സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഉഷയുടെ അപേക്ഷയിൽ നഗരത്തിന്റെ സമീപത്ത് അഞ്ചു സെന്റ് റവന്യൂ ഭൂമി ലഭ്യമാണോ എന്ന് ലാൻഡ് റവന്യൂ കമീഷണർ അന്ന് അന്വേഷിച്ചിരുന്നു. സ്ഥലം ലഭ്യമല്ലെന്ന റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് ഗവ. എൻജിനീയറിങ് കോളജിന് പിന്നിൽ ടി.പി. നാരായണൻ നായർ റോഡിലുള്ള സ്ഥലം ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഗവ. എൻജിനീയറിങ് കോളജ്, ഗവ. പോളിടെക്നിക് കോളജ്, ടെക്നിക്കൽ ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ ടെക്നിക്കൽ എജുക്കേഷൻ വകുപ്പിന് കീഴിൽ 1.43 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽനിന്ന് പത്ത് സന്റെ്, 1995ലെ കേരള ഭൂമി പതിവു ചട്ടങ്ങളിലെ 21(11) പ്രകാരം സർക്കാറിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ച് പി.ടി. ഉഷക്ക് നൽകാൻ പദ്ധതിയുള്ളതായാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിലുള്ളത്. ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനായി നേരത്തേ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ ഹോസ്റ്റലിൽ 150 പേർേക്ക താമസസൗകര്യമുള്ളൂ. ബാക്കി അഞ്ഞൂറോളം പെൺകുട്ടികൾ സ്വകാര്യ ലോഡ്ജുകളിലും മറ്റുമാണ് താമസിക്കുന്നത്. ഇതിനിടെയാണ് വസ്തു കൈമാറാനുള്ള പുതിയ നീക്കം.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിലെ 10 സെന്റ് സ്ഥലം വിട്ടുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്ത് ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. സെന്റിന് 30 ലക്ഷമെങ്കിലും വില മതിക്കുന്ന പത്ത് സെന്റ് സ്ഥലമാണ് സൗജന്യമായി പി ടി ഉഷയ്ക്ക് ഏറ്റെടുത്ത് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സർക്കാർ ഒന്നും നൽകിയില്ല എന്ന പല്ലവിയാണ് ഉഷയ്ക്ക് എപ്പോഴുമുള്ളത്. എന്നാൽ അത് ശരിയല്ലെന്ന് അവരെ അടുത്തറിയാവുന്നവർ പറയുന്നു. പി ടി ഉഷയുടെ പയ്യോളിയിലെ വീട് നിർമ്മിക്കാൻ സർക്കാർ ഇതിന് മുമ്പ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഉഷാ സ്‌കൂളിന് കിനാലൂരിൽ ഭൂമി ഏറ്റെടുത്തും നൽകി. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് സർക്കാർ സ്‌കൂളിന് ചെറിയൊരു പാട്ടം ഈടാക്കി നൽകിയത്. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ സ്ഥലം സ്വന്തമാക്കാനും പാട്ടക്കരാറിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സർക്കാർ ഫണ്ടുകൊണ്ടും മറ്റുള്ളഴരുടെ സഹായം കൊണ്ടുാമാണ് നിർമ്മിച്ചിരിക്കുന്നതാണ്. സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കാൻ കോടികളാണ് കേന്ദ്ര സർക്കാർ നൽകിയത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പിന്നെയും പരാതിപ്പെടുന്ന ഉഷയുടെ ശല്യം സഹിക്കാൻ ആവാതെയാണ് അവസാനം വീടിന് പണം അനുവദിച്ചത്. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കൊയിലാണ്ടിയിൽ ഉഷ സ്‌കൂൾ പ്രവർത്തിക്കവെ കോഴിക്കോട് നഗരത്തിൽ എന്തിനാണ് ഉഷയ്ക്ക് വീട് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. ഇനി നഗരത്തിൽ തന്നെ വീടുണ്ടാക്കണമെങ്കിൽ കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിന് തൊട്ടടുത്തായി ഉഷയ്ക്ക് സ്വന്തമായി സ്ഥലമുണ്ട്. ഇത് വച്ചിട്ടാണ് വീടുണ്ടാക്കാൻ സർക്കാർ സ്ഥലം തേടി ഉഷ പോയിട്ടുള്ളത് എന്നതാണ് ഏറെ വിവാദമായിരിക്കുന്നത്.

ആവശ്യത്തിന് കളിസ്ഥലമില്ലാതെ പ്രയാസപ്പെടുന്ന നഗരത്തിൽ അവശേഷിക്കുന്ന ഗ്രൗണ്ട് കൂടി നഷ്ടപ്പെടുത്തുന്ന നീക്കത്തിനെതിരെ വെസ്റ്റ്ഹിൽ പ്രദേശത്താകെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഭൂമി കൈമാറ്റം തടയുമെന്ന് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നു. നിബന്ധനകൾ പ്രകാരം ടെക്‌നിക്കൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നതിന് ചുരുങ്ങിയത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണമെന്നിരിക്കേ,വെസ്റ്റ്ഹിൽ ടെക്‌നിക്കൽ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒന്നര ഏക്കർ സ്ഥലത്ത് ഏറെ പരിമിതികൾക്ക് നടുവിലാണ്. ഈ പ്രയാസങ്ങളിൽ സ്‌കൂൾ മുന്നോട്ട് പോകുമ്പോഴാണ് ഭൂമി വിട്ടു നൽകാൻ സർക്കാർ നീക്കമെത്തിയത്.