കോഴിക്കോട്: രാജ്യം കണ്ട് ഏറ്റവും മികച്ച അത്‌ലറ്റായ പി ടി ഉഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ കോഴിക്കോട് നഗരമധ്യത്തിൽ കോടികൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകുന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സൈബർ ലോകത്തും പൊതു സമൂഹത്തിലും ഈ വാർത്ത വലിയ ചർച്ചകൾക്കും വഴിവച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിന്റെ ഭാഗമായ 10 സെന്റ് സ്ഥലം വിട്ടുനൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു. സെന്റിന് 30 ലക്ഷം രൂപയെങ്കിലും വിലമതിക്കുന്ന പത്ത് സെന്റ് സ്ഥലം സൗജന്യമായി ഉഷയ്ക്ക് നൽകാനുള്ള നീക്കം വിവാദമായതോടെ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അവർ തന്നെ രംഗത്തെത്തി.

സൗജന്യമായി ഭൂമി തനിക്ക് നൽകിയെന്ന വാർത്തയെ ശരിവച്ചപ്പോൾ തന്നെ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടാണ് പി ടി ഉഷ പ്രതികരിച്ചത്. കോഴിക്കോട് നഗരത്തിൽ വീട് വേണമെന്നത് തന്റെ അവകാശമാണെന്നാണ് പി ടി ഉഷ പറയുന്നത്. എന്നാൽ, തനിക്ക് അതിന് പണമില്ല. അതുകണ്ടാണ് സർക്കാറിനോട് വസ്തു ചോദിച്ചതെന്നും ഉഷ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സർക്കാർ തനിക്ക് അനുവദിച്ച സ്ഥലം സ്‌കൂളിന്റെ കളിസ്ഥലമല്ലെന്ന വാദമാണ് പി ടി ഉഷ ഉന്നയിക്കുന്നത്. ഇതിനായി സാങ്കേതികമായ കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ എനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലം കളിസ്ഥലമല്ല. സർവേ നമ്പറിലുള്ള സാമ്യമാണ് ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടാകാൻ കാരണം. റെസിഡന്ഷ്യൽ ഏരിയയിലാണ് എനിക്ക് സ്ഥലം അനുദിച്ചിരിക്കുന്നത്. അത് മാലിന്യം കൊണ്ട് തള്ളുന്ന ഒരു സ്ഥലമാണെന്നും അവർ പറയുന്നു.

കളിസ്ഥലമാണ് തനിക്ക് തരുന്നതെങ്കിൽ അത് വാങ്ങില്ലെന്നാണ് ഉഷ പറയുന്നത്. ഞാനൊരു കായികതാരമാണ്. കളിക്കുന്നവരുടെ മനസും കുട്ടികളുടെ മനസുമൊക്കെ എനിക്ക് മനസിലാക്കാൻ സാധിക്കും. സർക്കാർ ഒരിക്കലും അങ്ങനെ കളിസ്ഥലം പതിച്ചു നൽകുകയുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഉഷസ്‌കൂൾ തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളല്ലെന്നും ഉഷ വ്യക്തമാക്കി. സ്‌കൂൾ നടത്തുന്നത് ഒരു ചാരിറ്റബിൾ സംഘടനയാണ്. അതിന് ട്രഷറർ ഉണ്ട്, സെക്രട്ടറി ഉണ്ട്, മറ്റുഭാരവാഹികളും ഉണ്ട്. സ്‌കൂളിന് എന്റെ പേര് ഉണ്ടെന്നേ ഉള്ളൂ. ഞാൻ അവിടെ ഒരു പരിശീലക മാത്രമാണെന്നും അവർ പറഞ്ഞു.

ഒരു പാട് പേരുടെ സഹായം കൊണ്ടാണ് ഉഷാ സ്‌കൂൾ നടന്നു പോകുന്നത്. അവിടെ പരിശീലിക്കുന്ന കുട്ടികളുടെ പാരിതോഷികത്തുക താൻ കൈപ്പറ്റാറില്ല. ഇതേക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ടിന്റു ലൂക്കയോട് തന്നെ ചോദിക്കാ. കോഴിക്കോട് നഗരത്തിൽ വീട് വേണമെന്നത് തന്റെ അവകാശമാണ്. കായികതാരത്തിന് തന്റെ നാട്ടിൽ ഒരു വീട് വേണം എന്ന അവകാശം സർക്കാർ അനുവദിതച്ചിട്ടുള്ളതാണ്. മേഴ്‌സിക്കുട്ടനും മറ്റും സർക്കാർ എറണാകുളത്ത് സ്ഥലം അനുവദിച്ചു നൽകിയിരുന്ന എന്ന കാര്യവും ഉഷ ചൂണ്ടിക്കാട്ടി.

പി ടി ഉഷ്‌ക്ക് വീട് നിർമ്മിക്കാൻ ഇതാദ്യമായല്ല സർക്കാർ സഹായം ചെയ്തു കൊടുത്തിട്ടുള്ളത്. ഉഷയുടെ പയ്യോളിയിലെ വീട് നിർമ്മിക്കാൻ സർക്കാർ ഇതിന് മുമ്പ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഉഷാ സ്‌കൂളിന് കിനാലൂരിൽ ഭൂമി ഏറ്റെടുത്തും നൽകുകയുമുണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് കോഴിക്കോട് നഗരത്തിൽ ഉഷയ്ക്ക് കോടികളുടെ ഭൂമി സർക്കാർ നൽകാൻ തീരുമാനിച്ചത് വിവാദത്തിലായത്. കിനാലൂരിലെ ഉഷാ സ്‌കൂശളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സർക്കാർ ഫണ്ടുകൊണ്ടും മറ്റുള്ളഴരുടെ സഹായം കൊണ്ടുാമാണ് നിർമ്മിച്ചിരിക്കുന്നതാണ്. സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കാൻ കോടികളാണ് കേന്ദ്ര സർക്കാർ നൽകിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പിന്നെയും പരാതിപ്പെടുന്ന ഉഷയുടെ ശല്യം സഹിക്കാൻ ആവാതെയാണ് അവസാനം വീടിന് പണം അനുവദിച്ചത്. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയധികം പണം കൈപ്പറ്റിയാലും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങുന്ന ഒരു ടിന്റു ലൂക്ക മാത്രമാണ് ഇതുവരെ ഉഷയുടെ സംഭാവന എന്നതും വിമർശകർ ചൂണ്ടിക്കാട്ടുകയുണ്ടായി.

കോഴിക്കോട് നഗരത്തിൽ തന്നെ കെ എസ് ആർ ടി സി സ്റ്റാന്റിന് തൊട്ടടുത്തായി ഉഷയ്ക്ക് സ്വന്തമായി സ്ഥലമുണ്ട്. ഇതിടെ വീട് നിർമ്മിക്കാൻ ഒരുങ്ങാതെയാണ് ഉഷ സർക്കാർ സ്ഥലം തേടി പോയത്. ഇത് വിഷയം കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. വെസ്റ്റ്ഹിൽ ടെക്‌നിക്കൽ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒന്നര ഏക്കർ സ്ഥലത്ത് ഏറെ പരിമിതികൾക്ക് നടുവിലാണ്. ഈ പ്രയാസങ്ങളിൽ സ്‌കൂൾ മുന്നോട്ട് പോകുമ്പോഴാണ് ഭൂമി വിട്ടു നൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ പിടിഎ കടുത്ത പ്രതിഷേധം തന്നെ ഉയർത്തിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ സാങ്കതേിക വിദ്യാഭ്യാസ ഡയറക്ടർ, സ്‌കൂൾ സൂപ്രണ്ടിനോട് അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമാരാഞ്ഞ് ഫാക്‌സ് സന്ദേശംശം അയച്ചിരുന്നു. സ്‌കൂളിന്റെ കൈവശമുള്ള ഒരു ഏക്കർ 43 സെന്റ് ഭൂമിയിൽ നിന്ന് പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കുവാൻ അഞ്ച് സെന്റ് നൽകുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനായിരുന്നു സാങ്കതേിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയരക്ടർ സാമുവേൽ മാത്യുവിന്റെ കത്തിലെ നിർദ്ദശേം. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഗവ. അണ്ടർ സെക്രട്ടറി സ്റ്റീഫൻ എം എയുടെ കത്തും വന്നു. ഇതിന് മറുപടിയായി സ്‌കൂളിന്റെ സ്ഥലപരിമിതികളും ശോചനീയാവസ്ഥയും വിശദീകരിച്ചുകൊണ്ട് ഒരു സെന്റ് ഭൂമി പോലും വിട്ടുനൽകാൻ കഴായാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മറുപടിയും നൽകി.

പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കാൻ സർക്കാർ അധീനതയിലുള്ള സൗകര്യപ്രദമായ ഭൂമി ലഭ്യമാക്കാൻ വേണ്ട നടപടി കൈക്കോള്ളണമെന്ന അഭ്യർത്ഥനയും സർക്കാറിനെ അറിയിച്ചു. എന്നാൽ അതെല്ലാം തള്ളിക്കോണ്ടാണ് 10 സെന്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കിയത്.