പത്തനംതിട്ട: പ്രക്കാനത്തെ നടുക്കിയ പീഡനക്കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. പീഡനത്തിന് ഇരയായ എൺപതുകാരി പറഞ്ഞതു പോലെ രണ്ടു പേരല്ല, തമിഴനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാർത്താണ്ഡം പീലിക്കോട് ആലുംചോല സ്വദേശി ചെല്ലദുരൈ (49)യെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ബിജു അറസ്റ്റ് ചെയ്തത്.

സംഭവം നടന്നതിന് സമീപത്തു നിന്ന് കിട്ടിയ ബീഡിക്കുറ്റി, സിഗരറ്റ് ലൈറ്റർ എന്നിവയും അകത്തു കടക്കുന്നതിന് വേണ്ടി പ്രതി തകർത്ത ജനാലയുടെ കുറ്റിയിൽ പുരണ്ട രക്തവും തൊലിയുടെ ഭാഗങ്ങളുമാണ് പ്രതിയിലേക്ക് പൊലീസിനെ നയിച്ചത്. മദ്യലഹരിയിലാണ് താൻ മാനഭംഗം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് വയോധിക താമസിക്കുന്ന വീടിന്റെ പിൻവശത്ത് തുറന്നു കിടന്ന ജനാലയുടെ തടിയഴികൾ കല്ലുകൊണ്ട് ഇടിച്ചു തകർത്ത് ഇയാൾ ഉള്ളിൽ കടന്നത്. ഈ സമയം വയോധിക ടോയ്ലറ്റിലായിരുന്നു. തിരികെ അവർ മുറിയിലേക്ക് കടന്നപ്പോൾ ലൈറ്റ് ഓഫ് ചെയ്യുകയും കടന്നു പിടിച്ച് ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു.

മാറിടത്തിലും വയറ്റിലും ജനനേന്ദ്രിയത്തിലും കടിച്ച് മുറിവേൽപ്പിക്കപ്പെട്ട നിലയിലായിരുന്നു. രണ്ടു പേർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന വയോധികയുടെ മൊഴി കണക്കിലെടുത്ത് എസ്എച്ച്ഓ ടി ബിജു, എസ്ഐ യു. ബിജു, എസ്‌പിയുടെ ഷാഡോ പൊലീസ് എന്നിവർ അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന കിട്ടിയത്. ഇയാൾ വലിച്ച ബീഡി സമീപത്തെ കടയിൽ തെറുക്കുന്നതാണ്. പ്രത്യേകതരം സിഗാർ ലൈറ്ററുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇവ വാങ്ങിയ കടകളിൽ നിന്ന് തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റമെല്ലാം ഏറ്റു പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പുറത്ത് ജനലിന്റെ തടിക്കഷണം കൊണ്ടുണ്ടായ മുറിവും കണ്ടെത്തി.

ശാസ്ത്രീയ പരിശോധനയിൽ രക്തവും തൊലിയുടെ ഭാഗവും പ്രതിയുടേതാണെന്ന് കണ്ടെത്തി. 12 വർഷം മുൻപ് കുടുംബസമേതം ഇലന്തൂരിലെത്തിയതാണ് പ്രതി. ഇലന്തൂർ മാർക്കറ്റ് ജങ്ഷൻ, ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിൽ ചായക്കട നടത്തി. മദ്യപിച്ചെത്തി കുടുംബകലഹം പതിവായതോടെ നാട്ടുകാർ ഓടിച്ചു. ഒരു വർഷം മുൻപാണ് വയോധികയുടെ വീടിന് സമീപമുള്ള ഷെറിൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയത്. വയോധികയുടെ വീടിന് അടുത്തുള്ള റബർ തോട്ടമാണ് ടാപ്പ് ചെയ്തിരുന്നത്. പലപ്പോഴും കണ്ടും സംസാരിച്ചും ചെല്ലദുരൈയും കുടുംബവുമായി വയോധിക പരിചയം ഉണ്ടാക്കിയിരുന്നു. എട്ടിലും ഒമ്പതിലും പഠിക്കുന്ന ഇയാളുടെ മക്കൾ കഴിഞ്ഞ വർഷം വരെ പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. ഈ അധ്യയന വർഷാരംഭത്തിൽ സ്വദേശമായ മാർത്താണ്ഡത്തേക്ക് മാറ്റി.

ഭാര്യയും ചെല്ലദുരൈയുമായി വഴക്കും ബഹളവും പതിവായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഭാര്യ പുഷ്പ വയോധികയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്ന് പുഷ്പ മാർത്താണ്ഡത്തേക്ക് പോയിരുന്നു. സംഭവ ദിവസം ഉച്ചയോടെ സമീപത്തെ ഇടവഴിയിലൂടെ പോയ ചെല്ലദുരൈയോട് വയോധിക സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇതാണ് വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ കയറാൻ പ്രതിയെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ അവശനിലയിലായ വീട്ടമ്മ ഇടവഴിയിലൂടെ പോയവരെ വിളിച്ചു വരുത്തി കാര്യം പറയുകയായിരുന്നു. ഇവരാണ് വയോധികയെ ആശുപത്രിയിലാക്കിയത്. പൊലീസ് അന്വേഷണത്തിന് എത്തിയപ്പോൾ സഹായിയായി അവർക്കൊപ്പം ചെല്ലദുരൈയുമുണ്ടായിരുന്നു. കാഴ്ചയ്ക്കും കേൾവിക്കും തകരാറുണ്ട് വയോധികയ്ക്ക്. നടക്കാനും ബുദ്ധിമുട്ടുണ്ട്. ഭർത്താവിന്റെ മരണശേഷം മൂന്നു പെൺമക്കളെ കെട്ടിച്ച് അയച്ചു. തുടർന്ന് ഒറ്റയ്ക്കായിരുന്നു താമസം. ചൊവ്വാഴ്ച വൈകിട്ട് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.