ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.യു.ചിത്ര.ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാക്കളെല്ലാം ലോക ചാംമ്പ്യൻഷിപ്പിന് അർഹതയുള്ളവരാണ്. എന്നാൽ 24 അംഗ ടീമിൽ നിന്ന് ചിത്രയെ ഒഴിവാക്കുകയായിരുന്നു. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് ചിത്രയെ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചത്.

മെഡൽ സാധ്യത കുറവാണ് എന്നതാണ് അധികൃതർ കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നതായും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും ചിത്ര പ്രതികരിച്ചു. അത്ലറ്റിക് ഫെഡറേഷൻ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പരിശീലകൻ എൻ.എസ്.സിജിൻ പറഞ്ഞു. മലയാളികൾ കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് ചിത്രയെ തഴഞ്ഞത്.

മലയാളികൾക്ക് ലോക ചാമ്പ്യൻഷിപ്പുകളിൽ കൂടുതൽ അവസരം വേണമെന്ന് വാദിക്കുന്നവരിൽ നിന്ന് ഈ നടപടി ഉണ്ടായതിൽ വിഷമമുണ്ട്. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒഫീഷ്യലുകൾക്ക് പോകാൻ വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയതെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടി നീതീകരിക്കാൻ കഴിയില്ലെന്നും സംഭവം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.ഇപ്പോൾ ഡൽഹിയിലുള്ള എംബി രാജേഷ് എംപിം കേന്ദ്രകായികമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.