തിരുവനന്തപുരം: പബ്ലിക് അഫയേഴ്‌സ് സെന്റർ (പി.എ.സി) പ്രസിദ്ധീകരിച്ച ഭരണ മികവിനുള്ള പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് -2021 റാങ്കിങ്ങിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്.

ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയാണ് പി.എ.സി. ഒക്ടോബർ 29നാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവെച്ചതായാണ് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന് ആകെ 1.618 പോയന്റ് ലഭിച്ചപ്പോൾ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാടിന് 0.897 പോയിന്റും മൂന്നാമതുള്ള തെലങ്കാനക്ക് 0.891 പോയിന്റും ലഭിച്ചു. വലിയ സംസ്ഥാനങ്ങളിൽ, ബിജെപി ഭരിക്കുന്ന യു.പിയാണ് ഏറ്റവും പിന്നിൽ. -1.418 ആണ് യു.പിക്ക് ലഭിച്ച പോയിന്റ്. ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളാണ് യു.പിക്ക് തൊട്ടുമുന്നിൽ.

ചെറിയ സംസ്ഥാനങ്ങളിൽ സിക്കിമാണ് ഒന്നാമത്. ഗോവ രണ്ടാമതും മിസോറാം മൂന്നാമതുമുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢാണ് ഒന്നാമത് എത്തിയത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ സംയോജിത സൂചികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും പിഎസി മേധാവിയുമായ കെ കസ്തൂരിരംഗൻ അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിലെ വിവിധ ഏജൻസികളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകളിലെ ഡാറ്റ ഉപയോഗിച്ചാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ പഠനം നടത്തിയത്. കഴിഞ്ഞ വർഷത്തെ പി.എ.സി റാങ്കിങ്ങിലും കേരളമായിരുന്നു ഒന്നാമത്. കേരളത്തിനൊന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ മികവിലേക്കുയരാൻ ഇത് നമുക്ക് പ്രചോദനമാകണം. കേരളത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി കൈകൾ കോർത്ത് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.