കുവൈത്ത് :സയന്‌സിന്റെയും ടെക്‌നോളജിയുടെയും അകന്പടിയോടെ പടിഞ്ഞാറ് സംഭാവന ചെയ്തിട്ടുള്ള മൂല്യനിരാസം, സര്ഗ്ഗവസന്തമാവേണ്ട മനുഷ്യ ജീവിതത്തെ വീണ്ടെടുപ്പ് സാധ്യമാകാത്ത ദുരന്തങ്ങളിലേക്ക് വഴി നടത്തുന്നുവെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കൗണ്‌സിലറുമായ ഡോ. രജിത് കുമാര് അഭിപ്രായപ്പെട്ടു. ഇന്ത്യന് ഇസ്ലാഹി സെന്റ് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില് സംഘടിപ്പിച്ച ബഹുജന സംഗമത്തില് വളരുന്ന ലോകവും നിരസിക്കപ്പെടുന്ന മൂല്യങ്ങളും എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങളില് വന്നിട്ടുള്ള വലിയ മാറ്റങ്ങള് അവസരങ്ങള്‌ക്കൊപ്പം വെല്ലുവിളികളും തീര്ക്കുന്നുണ്ട്. മാനസികവും ശാരീരികവുമായ ഘടനകളുടെ സൂക്ഷ തലങ്ങളെപോലും അപകടപ്പെടുത്തുന്ന രീതിയിലാണ് സാങ്കേതിക വളര്ച്ചകള് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. തരംഗ കേന്ദ്രീകൃതമായ ടെക്‌നോളജി മനുഷ്യ ശരീരത്തിലെ സൂക്ഷ്മ സെല്ലുകളുടെപോലും വ്യതിയാനങ്ങള്ക്ക് കാരണമായികൊണ്ടിരിക്കുന്നു. കോശങ്ങളില് സംഭവിക്കുന്ന വ്യതിയാനങ്ങള് ജനിതക സംവിധാത്തെയും സ്വഭാവമടക്കമുള്ള ശാരീരിക സവിശേഷതകളെ പോലും സ്വാധീനിക്കുന്നുവെന്ന് ഡോ. രജിത് കുമാര് പറഞ്ഞു
.
ആത്മാവിന്റെ വിമലീകരണമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. പദാര്ത്ഥ വാദികളുടെ നാസ്തികതക്ക് ആത്മാവ് ഒരു സമസ്യയായിരിക്കും. മനുഷ്യ ശരീരവും മനസ്സും വിവിധ സ്വഭാവമുള്ള എനര്ജി വേവുകളാല് നിയന്ത്രിക്കപ്പെടുന്നുവെന്നാണ് പുതിയ ശാസ്ത്ര മതം. മനുഷ്യ മനസ്സിലെ നെഗറ്റീവ് എനര്ജിയെ അതിജീവിക്കാനുള്ള ശേഷിയെ പോസിറ്റീവ് തിംങ്കിഗായും സയന്‌സ് പരിചയപ്പെടുത്തുന്നുണ്ട്.

മൂല്യങ്ങളെ കുറിച്ചുള്ള മത സന്ദേശങ്ങള് നിത്യ പ്രസക്തമാണ്. ഉത്തരാധുനികതയെപ്പോലും വെല്ലുന്ന വിശ്വാസ സ്വഭാവ സംസ്‌കരണ ചിന്തകളാണ് വിശുദ്ധ വേദങ്ങള് ഉള്‌കൊള്ളുന്നത്. വേദ സംഹിതകളും ഖുര്ആനും ബൈബിളും ഉള്‌കൊള്ളുന്ന സാരാംശങ്ങളുടെ ഏകതയെ തിരിച്ചറിഞ്ഞുകൊണ്ട് മാനവിക വിരുദ്ധമായ മൂല്യ നിരാസങ്ങളെ പ്രതിരോധിക്കാന് വിശ്വാസികളുടെ സമൂഹം ആന്തരിക കരുത്താര്ജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഡോ. രജിത് കുമാറിനുള്ള ഐ.ഐ.സിയുടെ ഉപഹാരം കുവൈത്ത് മതകാര്യ വകുപ്പ് പ്രതിനിധി ശൈഖ് യൂസുഫ് ബദര് നല്കി. ലൊജസ്റ്റിക് രംഗത്തെ മികച്ച സേവനത്തിനും നേതൃപാടവത്തിനുമുള്ള ഗോള്ഡന് അച്ചീവ്‌മെന്റ് അവാര്ഡ് കിട്ടിയ പി.ബി നാസറിനെ ചടങ്ങില് ഉപഹാരം നല്കി ആദരിച്ചു. അറബി പ്രിതിനിധികളും വിവിധ സംഘടന നേതാക്കളും സംബന്ധിച്ചു.

പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി എഞ്ചി. അന് വര് സാദത്ത്, സ്വാഗത സംഘം കണ് വീനര് യൂനുസ് സലീം, മുഹമ്മദ് അരിപ്ര, പി.വി. അബ്ദുല് വഹാബ്, എന്.കെ അബ്ദുറഹീം എന്നിവര് സംസാരിച്ചു. സൈദ് മുഹമ്മദ് റഫീഖ് ഖിറാഅത്തും സിദ്ധീഖ് നെല്ലായ ഗാനവും ആലപിച്ചു.

ലൈഫാക് സെഷന് ശ്രോതാക്കളെ പിടിച്ചുകുലുക്കി

ഫോക്കസ് ഇന്റര് നാഷണല് കുവൈത്തിന്റെ കീഴില് ലൈഫ് ഹാക്ക് ഇന്ട്രാക്റ്റീവ് കൗണ്‌സിലിങ് സംഗമം ശ്രോതാക്കളുടെ സങ്കട കടലായി മാറി. വിജ്ഞാനത്തിന്റെ ജീവിത മൂല്യങ്ങളുടെ പാതയിലേക്ക് വെളിച്ചം വീശുന്ന ഡോ. രജിത് കുമാറിന്റെ മൂന്നുമണിക്കൂറിലേറെ നീണ്ട ബോധവത്കരണത്തില് നിന്ന് പുതിയ വിജ്ഞാനവുമായാണ് സമൂഹം മടങ്ങിയത്. കുട്ടികളും രക്ഷിതാക്കളും പരസ്പരം കെട്ടിപ്പിടിച്ച് സദസ്സ് സ്‌നേഹത്തിന്റെ പുഴയായി തീര്ന്നു.

ഫോക്കസ് ചെയര്മാന് എഞ്ചി. ഫിറോസ് ചുങ്കത്തറ, കണ്വീനര് എഞ്ചി. അബ്ദുറഹിമാന് എന്നിവര് സംസാരിച്ചു. പരിപാടിയുടെ മികവിനെ തുടര്ന്ന് ശ്രോതാക്കളുടെ ആവശ്യപ്രകാരം ലൈഫാക്കിന്റെ രണ്ടാത്തെ സെഷന് മെയ് മാസത്തില് സംഘടിപ്പിക്കുമെന്ന് ഫോക്കസ് ഭാരവാഹികള് പറഞ്ഞു. കൂടുതല് വിവരങ്ങള്ക്ക് വിളിക്കുക. 69007007, 99139489