യു പി എ സർക്കാർ നടപ്പാക്കിയ ഭാവനാ സമ്പന്നമായ പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമാണ് ജവഹർലാൽ നെഹൃു നാഷ്ണൽ അർബൻ റെന്യുവൽ മിഷൻ (ജെഎൻഎൻയുആർഎം പദ്ധതി).

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ സുഖകരവും സൗകര്യ പ്രദവുമായ പൊതു ഗതാഗത സൗകര്യം ഒരുക്കുവാൻ വേണ്ടി കേന്ദ്ര സർക്കാരിന്റെ പൂർണ്ണമായ മുതൽ മുടക്കിൽ ആയിരക്കണക്കിന് ആത്യന്താധുനിക ഏസി/നോൺ ഏസി ബസ്സുകൾ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു. നഗരങ്ങളിൽ സ്വാകാര്യ ചെറുവാഹനങ്ങളുടെ ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്തി പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പദ്ധതിയുടെ മുഖ്യമായ ലക്ഷ്യം. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഏറ്റവും കൂടുതലായുള്ള നഗരങ്ങളിൽ ചെറു വാഹനങ്ങളുടെ ഉപയോഗവും, അതുമൂലമുള്ള ഗതാഗത കുരുക്കും, മലനീകരണവും നിയന്ത്രിച്ചേ മതിയാവു എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴായിരുന്നു യു പി എ സർക്കാരിന്റെ സ്വപ്ന പദ്ധതി.

ജെഎൻഎൻയുആർഎം പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്നും കേരളത്തിന് സൗജന്യമായി ലഭിച്ച നൂറുകണക്കിന് ബസ്സുകളുടെ നടത്തിപ്പിന്റെ ചുമതല കെ എസ് ആർ ടി സിയെ ഏൽപ്പിച്ചതോടെ പദ്ധതി തകിടം മറിഞ്ഞു.

ജെഎൻഎൻയുആർഎം ബസ്സുകളുടെ സീറ്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അവ ഹ്രസ്വദൂര നഗര യാത്രകൾക്കുമാത്രമായി രൂപകൽപ്പന ചെയ്തതാണെന്നും ദീർഘദൂര യാത്രക്ക് പറ്റിയതല്ലെന്നും. എന്നാൽ പ്രസ്തുത ബസ്സുകൾ ദീർഘദൂര സർവ്വീസുകളാക്കി എളുപ്പത്തിൽ ലാഭം കൊയ്യാനാണ് കെ എസ് ആർ ടി സി തീരുമാനിച്ചത്. ബസ്സുകൾ ഓടിച്ച് കാശുണ്ടാക്കുക എന്നല്ലാതെ ബസ്സുകളുടെ അറ്റകുറ്റ പണികൾ ചെയ്യുന്ന കാര്യമൊക്കെ കെ എസ് ആർ ടി സി മറന്നു. വന്ന് വന്ന് സൗജന്യമായി കിട്ടിയ ബസ്സുകളിൽ മഹാഭൂരിപക്ഷവും കട്ടപ്പുറത്തായി. ഇതു വരെ കിട്ടിയ വരുമാനം കൊണ്ട് കെ എസ് ആർ ടി സി ഒട്ടു രക്ഷപെട്ടതുമില്ല.

കാര്യക്ഷമതയും ഭാവനയും ഉള്ള മറ്റേതെങ്കിലും ഏജൻസിക്ക് ജെഎൻഎൻ യുആർഎം ബസ്സുകളുടെ നടത്തിപ്പിന്റെ ചുമതല നൽകിയിരുന്നു എങ്കിൽ പദ്ധതി തീർച്ചയായും വിജയിച്ചേനെ. അന്തരീക്ഷ മലിനീകരണം തടയാൻ കേരളത്തിന്റേതായ സംഭാവനയും ഉണ്ടായേനെ.

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ അവിശ്വസനീയമായ നിലയിലാണ് വാഹന പെരുപ്പം. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഉള്ള വീടുകൾ ഒരു സാധാരണ കാഴ്‌ച്ചയാണ്. കേരളത്തിലെ റോഡുകൾക്ക് താങ്ങാവുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് വാഹനങ്ങളുടെ എണ്ണം. റോഡു വികസനം ഇഴഞ്ഞ് ഇഴഞ്ഞ് നീങ്ങുമ്പോൾ വാഹന പെരുപ്പം മൂലം കേരളത്തിലെ റോഡുകളും നഗരങ്ങളും വീർപ്പു മുട്ടുകയാണ്.

അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയെ അതി ജീവിക്കാനുള്ള ഏക പോംവഴി പൊതു ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനം കെ എസ് ആർ ടി സി ബസ്സുകളും, സ്വകാര്യ ബസ്സുകളുമാണ്.

അതീവ ഗുരുതരമായ സാമ്പത്തിക അരാജകത്വത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. നോട്ടു നിരോധനവും, വേണ്ട ആലോചനകളും തയ്യാറെടുപ്പുകളും ഇല്ലാതെ നടപ്പിലാക്കിയ ജി എസ് റ്റിയും എല്ലാം മൂലം വികസനം മുരടിക്കുകയും തൊഴിൽ ഇല്ലായ്മ രൂക്ഷമാവുകയും ചെയ്തു. പെട്രോളീയം ഉത്പന്നങ്ങളുടെ വിലവർദ്ധനമൂലം വിലക്കയറ്റം അതിരൂക്ഷമായിരിക്കുന്നു. ടയറിനും, സ്‌പെയർപാർട്‌സിനും എല്ലാം വില കുത്തനെ കൂടിയതും ഇൻഷ്യുറൻസ് പോളിസി തുകയും, ടാക്‌സ് നിരക്കുകളും വർഷാ വർഷം വർദ്ധിപ്പിക്കുന്നതു മൂലം ബസ്സ് സർവ്വീസ് നടത്തിപ്പിന്റെ ചെലവ് താങ്ങാനാവാത്ത സ്ഥിതിയാണ്. വരുമാനവും ചിലവും അസന്തുലിതമായതുമൂലം ബസ്സ് സർവ്വീസുകൾ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു.

കെടുകാര്യസ്ഥതയും അഴിമതിയും, ധൂർത്തും മൂലം കെ എസ് ആർ ടി സി തളർന്നു തളർന്നാണ് ഓടുന്നത്. സർവ്വീസിൽ നിന്നും പിരിഞ്ഞ ജീവനക്കാർക്ക് പെൻഷൻ പോലും വിതരണം ചെയ്യാൻ കഴിയാത്ത അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കെ എസ് ആർ ടി സി. പെൻഷൻ പറ്റിയ ജീവനക്കാർ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു കാര്യങ്ങൾ.

സാമ്പത്തിക സഹായത്തിനായി കെ എസ് ആർ ടി സിക്ക് സർക്കാരിനെ ആശ്രയിക്കാം. എന്നാൽ സ്വകാര്യ ബസ്സുടമകളുടെ ഏക പോംവഴി സർവ്വീസ് നിർത്തുകയാണ്. അങ്ങനെ വന്നാൽ സ്വാഭാവികമായും ജനങ്ങൾക്ക് ചെറുകിട സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. റോഡുകൾക്ക് താങ്ങാനാവത്ത വിധത്തിൽ ചെറു വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും, പരിസ്ഥിതി പ്രശ്‌നങ്ങളും ഭയാനകമാകും.

ബസ്സ് സർവ്വീസ് വ്യവസായം നിലനിന്നു പോകണമെങ്കിൽ നടത്തിപ്പ് ചെലവ് കുറഞ്ഞേ പറ്റു. ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതു കൊണ്ടു മാത്രം ചിലവു കുറക്കാനാവില്ല. തമിഴ്‌നാട്ടിലേയും, കർണാടകയിലേയും ബസ്സ് ചാർജ്ജ് ഇപ്പോൾ തന്നെ കേരളത്തിലേക്കാൾ കുറവാണ്. സ്വാഭാവികമായും ചാർജ്ജ് വർദ്ധന പ്രതിഷേധകരമാകും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം നമ്മുടെ രാജ്യത്ത് ലഭിക്കുന്നില്ല. ലോകത്ത് ഏറ്റവും കൂടിയ നിരക്കിൽ പെട്രോളീയം ഉത്പ്പന്നങ്ങൾ വിൽക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പെട്രോളീയം ഉത്പ്പന്നങ്ങളുടെ കൂടിയ വിലയുടെ മുഖ്യ വിഹിതം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എക്‌സൈസ് ഡ്യുട്ടിയാണ്. എക്‌സൈസ് ഡ്യുട്ടി കുറച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കണം. കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറക്കാൻ വിസമ്മതിച്ചാലും സംസ്ഥാന സർക്കാരിന് കിട്ടുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുന്നതിന് ആനുപാതികമായി ടയറിന്റേയും സ്‌പെയർപാർട്‌സുകളുടേയും വില കുറക്കണം.

വർഷാ വർഷം ഇൻഷ്യുറൻസ് പ്രീമിയം തുക വർദ്ധിപ്പിച്ച് ഇൻഷ്വുറൻസ് കമ്പനികളെ അതി സമ്പന്നമാക്കുന്ന പതിവ് രീതി അവസാനിപ്പിക്കണം. ഇൻഷ്വുറൻസ് പ്രീമിയം തുക നീതിയുക്തമായും മിതമായും നിജപ്പെടുത്തണം. സർവ്വീസ് ബസ്സുകൾ സർവ്വീസ് നടത്തിയാലും ഇല്ലെങ്കിലും യാത്രക്കാർ കയറിയാലും ഇല്ലെങ്കിലും സീറ്റീംഗ് കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി ടാക്‌സ് ഈടാക്കുന്നത് അനീതിയാണ്. സർവ്വീസ് നടത്താത്ത ബസ്സുകൾക്ക് ടാക്‌സ് ഒഴിവാക്കി കൊടുക്കുന്നതു കൊണ്ടു മാത്രം നീതി നടപ്പാവില്ല. യാത്രക്കാരുടെ എണ്ണത്തിൽ വന്നു കൊണ്ടിരിക്കുന്ന കുറവ് വരുമാനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മെട്രോയുടെ വരവോടെ മഹാനഗരങ്ങളിൽ സർവ്വീസ് നടത്തുന്ന ബസ്സുകളിൽ യാത്രക്കാർ ഗണ്യമായി കുറഞ്ഞു വരികയാണ്. ബസ്സുകളിൽ യഥാർത്ഥത്തിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ടാക്‌സ് ഈടാക്കുന്ന രീതിയെ പറ്റി തുറന്ന ചർച്ച ഉണ്ടാവണം.

ബസ്സ് വ്യവസായത്തെ പ്രതിസന്ധിയിൽ ആക്കിയത് വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാത്തതു കൊണ്ടാണെന്ന സ്വകാര്യ ബസ്സ് ഉടമകളുടെ പരാതിയാണ് സമീപ കാലത്ത് ബസ്സ് പണിമുടക്കിന് വഴി വച്ചത് പ്രത്യേകിച്ച് ഒന്നു പറഞ്ഞില്ലെങ്കിലും വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിച്ചാൽ കെ എസ് ആർ ടി സിയും സന്തോഷിക്കും.

വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കാറ്റ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച വിവാദത്തിന്റെ മറു വശവും കാണാതെ പോകരുത്. കഴിഞ്ഞ ഒരു ദിവസം പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യാനിടയായി, സ്‌കൂളുകളും കോളേജുകളും ഒക്കെ വിട്ടു തുടങ്ങിയ സമയം. ഒരു സ്‌കൂളിന്റെ സ്റ്റോപ്പിൽ നിന്നും കയറിയ വിദ്യാർത്ഥികളെ കണ്ടക്ടർ എണ്ണി. ആകെ പതിനാറു പേർ. മൊത്തം ചാർജ്ജൂം കൂട്ടിയെടുത്ത് ഉറക്കെ പറഞ്ഞു. പതിനാറു രൂപ. അവരിൽ ഒരു മിടുക്കൻ ഞാൻ യാത്ര ചെയ്യുന്ന സീറ്റിൽ ചാടി കയിറിയിരുന്നു. ഇരുന്നപ്പോൾ മുതൽ മൊബൈൽ ഫോണിൽ ജീവിതം അർപ്പിച്ചിരിക്കുകയാണ് ഇഷ്ടൻ. പയ്യന്റെ കയ്യിൽ ചുരുങ്ങിയത് പതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണാണ്. മറ്റെല്ലാ കുട്ടികളുടെ കയ്യിലും അതെ രീതിയിലുള്ള ഫോണുകൾ ഉണ്ട്. അപൂർവ്വം ചിലരുടെ കയ്യിലാണ് വിലകുറഞ്ഞ ഫോണുകൾ ഉള്ളത്. അതും ആധുനിക ഗണത്തിൽ പെട്ടവ തന്നെയാണ്.

എന്റെ സീറ്റിൽ ഇരുന്ന വിദ്യാർത്ഥി അടുത്തു കിട്ടിയ കൂട്ടുകാരനെ അവസാനമായി കണ്ട സിനിമിയിലെ പാട്ടു സീനുകൾ മൊബൈൽ ഫോണിൽ ഗമക്ക് കാണിക്കുന്നതിനിടയിൽ കമന്റുകൾ വന്നു. സിനിമ വലിയ ഗുണമില്ല. കണ്ടിരിക്കാം. ആ പരിസരത്ത് ആകെയുള്ളത് രണ്ട് മൾട്ടി പ്ലെക്‌സുകൾ മാത്രം. മൾട്ടി പ്ലെക്‌സുകളിൽ കുറഞ്ഞ സിനിമ ടിക്കറ്റ് ചാർജ്ജ് 150 രൂപയാണ്. കൺസഷൻ ടിക്കറ്റ് ചാർജ് അനുപാതികമായി കുട്ടുതന്നതിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിലകൂടിയ മൊബൈൽ ഫോൺ ഉപയോഗിക്കാനും 150 രൂപ മുടക്കി മൾട്ടിപ്ലെക്‌സ് തീയേറ്ററിൽ സിനിമ കാണാനും എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും പണമുണ്ട്. ഏത് ധാരാളിത്തത്തിനും എത്ര പണം മുടക്കാനും മാതാപിതാക്കൾക്കും മടിയില്ല.

മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തം ബസ്സുകളും മറ്റ് വാഹനങ്ങളും ഉണ്ട്. മനേജ്‌മെന്റുകൾ സമയാ സമയം നിശ്ചയിക്കുന്ന യാത്രാ ഫീസ് കൊടുത്ത് സ്‌കുൾ ബസ്സിലും, കോളേജ് ബസ്സിലും യാത്ര ചെയ്യുവാൻ വിദ്യാർത്ഥികൾക്കു മടിയില്ല. രക്ഷിതാക്കൾക്കു പരാതിയുമില്ല. ഇടക്കിടക്ക് ഫീസ് കൂട്ടിയാലും ആരും എതിർക്കില്ല. എന്നാൽ കെ എസ് ആർ ടി സി ബസ്സിലും, സ്വകാര്യ ബസ്സിലും വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചാൽ സമരം ചെയ്യുന്നത് കേരളത്തിൽ ആഘോഷമായി മാറിയിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും ഈ വിഷയത്തിൽ യാഥാർത്ഥ്യ ബോധം ഇല്ല. ഉണ്ടെങ്കിൽ തന്നെ തുറന്ന് പറയാൻ മടിയാണ്.

വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാത്തതിന്റെ പേരിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന തർക്കത്തിന്റെ ശരിയും ശരികേടും എന്തു തന്നെയായാലും പ്രസ്തുത തർക്കത്തിന് ശ്വാശ്വത പരിഹാരം ഉണ്ടകേണ്ടത് അനിവാര്യമാണ്.

കെ എസ് ആർ ടി സി ബസ്സിലും, സ്വകാര്യ ബസ്സിലും യാത്ര ചെയ്യുന്നത് വളരെ ചെറിയ ശതമാനം വിദ്യാർത്ഥികൾ മാത്രമാണ്. അതും ദിവസത്തിൽ രണ്ടേ രണ്ടു പ്രാവശ്യം. ദിവസേന വരാനും പോകാനുമായി പരമാവധി രണ്ടു പ്രാവശ്യം മാത്രം ഹ്രസ്വദൂര യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാത്തതിന്റെ പേരിൽ കാര്യമായ ഒരു നഷ്ടവും ഉണ്ടാകൻ പോകുന്നില്ല. കർണടകത്തിലേ പോലെ ബസ്സുകളിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ പാസുകൾ നൽകണം. സ്വകാര്യ ബസ്സുടമകൾ അതിന് തയ്യാറല്ലെങ്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ ചാർജ്ജ് സർക്കാർ ബസ്സുടമകൾക്ക് നൽകണം. കർണടകത്തിൽ അങ്ങിനെയെക്കെ ആകമെങ്കിൽ എന്തു കൊണ്ട് കേരളത്തിലും അങ്ങിനെ ആയിക്കുടാ?. കേരളത്തിലെ പൊതു സമൂഹം ഈ കാര്യവും സജീവമായി ചർച്ച ചെയ്യണം.

ഒരു ശൈലിയും മാറ്റില്ല എന്നൊന്നും വാശിപിടിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. പച്ചയായ യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടച്ചിട്ടും കാര്യമില്ല. ഡീസൽ വില ലിറ്ററിന് എഴുപത്തൊന്ന് രൂപ കടന്ന് സർവ്വകാല റിക്കാർഡ് ഭേദിച്ച് മുന്നേറിക്കൊണ്ടേയിരിക്കുന്നു. ഇന്നത്തെ പോലെ ബസ്സ് വ്യവസായം അധികകാലം മുന്നോട്ടു പോകില്ല. നഷ്ടം സഹിച്ച് സർവ്വീസ് നടത്തണമെന്ന് ആരോടും പറയാൻ ആവില്ല. നടത്തിപ്പിന്റെ ചിലവു കുറക്കാൻ ക്രീയാത്മക നടപടികളും തീരുമാനങ്ങളും ഉണ്ടായേ പറ്റു. തീരുമാനങ്ങൾ നടപ്പാക്കാൻ പൊതു സമൂഹവും സഹകരിക്കണം. പ്രതിസന്ധികളെ അതിജീവിക്കാൻ സൂത്രപണികൾ കൊണ്ടൊന്നും കഴിയില്ല എന്ന യാഥാർത്ഥ്യം എല്ലാവരും തിരിച്ചറിയണം.