ക്യൂൻസ് ലാൻഡ്: ക്യൂൻസ് ലാൻഡ് പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ഇളവു വരുത്തുന്നു. നിരക്കിൽ അഞ്ചു ശതമാനം ഇളവ് ഉടൻ തന്നെ പ്രാബല്യത്തിലാകുമെന്ന് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ സ്‌കോട്ട് എമേർസൺ വ്യക്തമാക്കി. പബ്ലിക് ഫെറി, ബസ്, ട്രെയിൻ സർവീസുകളുടെ നിരക്കുകളിലാണ് ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്.

കാർബൺ ടാക്‌സിൽ ഇളവുകൾ പ്രഖ്യാപിച്ചതാണ് പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ഇളവുകൾ വരുത്താൻ സാധിച്ചതെന്നും മന്ത്രി വെളിപ്പെടുത്തി. അടുത്ത വർഷം വരെ നിരക്ക് ഇതേ രീതിയിൽ തുടരുമെന്നും പ്രഖ്യാപനമുണ്ട്. ക്യൂൻസ് ലാൻഡിന്റെ ചരിത്രത്തിൽ സംസ്ഥാനത്തൊട്ടാകെ പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ഇളവുവരുത്തുന്നത് ആദ്യമായാണെന്നും എമേർസൺ എബിസി റേഡിയോയോട് വെളിപ്പെടുത്തി.

നിരക്കുകളിൽ വന്നിട്ടുള്ള ഇളവിന്റെ ആനുകൂല്യം പൊതുജനങ്ങൾക്ക് ഇന്നുമുതൽ അനുഭവിക്കാൻ സാധിക്കും. പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം വരെ നിരക്ക് ഇതേ രീതിയിൽ തുടരുമെന്നും നിരക്ക് വർധനയെ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. നിരക്ക് വർധന സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് നിരക്കിൽ ഇളവ് ചെയ്തത്.
നിരക്കിൽ ഇളവു വരുത്തിയതു മൂലം വർഷം ഒരാൾക്ക് 80 ഡോളറിനും 300 ഡോളറിനും മധ്യേ ലാഭിക്കാൻ സാധിക്കുമെന്നും വിലയിരുത്തുന്നു. ഗോൾഡ് കോസ്റ്റിലുള്ള ട്രാം സർവീസിലും നിരക്കിലുള്ള ഇളവ് ബാധകമാണ്.