മെൽബൺ: ഫെസ്റ്റീവ് സീസണിൽ സൗത്ത് ഓസ്‌ട്രേലിയയിൽ പന്ത്രണ്ടു ദിവസം പൊതു ഗതാഗത സർവീസിൽ തടസം നേരിടുമെന്ന് മുന്നറിയിപ്പ്. ഡിസംബർ 22 മുതൽ ജനുവരി രണ്ടു വരെയുള്ള കാലയളവിലാണ് പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസ് മുടങ്ങുന്നത്. പ്രവർത്തി ദിനങ്ങൾ കൂടി ഉൾപ്പെടുന്ന ഈ ദിവസങ്ങളിൽ സർവീസ് വെട്ടിച്ചുരുക്കിയാൽ സംസ്ഥാന സർക്കാരിന് 150,000 ഡോളറിന്റെ ലാഭം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഈയവസരങ്ങളിൽ ട്രെയിൻ, ട്രാം, ബസ് എന്നിവയുടെയെല്ലാം സർവീസിൽ തടസം നേരിടും.

പൊതുഗതാഗതം തടസപ്പെടുന്ന പന്ത്രണ്ടു ദിവസങ്ങളിൽ ഏഴു ദിവസവും പ്രവർത്തി ദിനമാണ്. കൂടാതെ ഈ ദിവസങ്ങളിൽ സർവീസ് നടത്തുന്നത് പ്രത്യേക ടൈംടേബിൾ പ്രകാരമാണെന്നും പറയുന്നു. മെട്രോപൊളിറ്റൽ മേഖലയിലെ നൂറിലധികം ബസ് റൂട്ടുകളിലും ഈ ദിവസങ്ങളിൽ ലിമിറ്റഡ് സർവീസായിരിക്കും നടത്തുക. സീഫോർഡ്, ഗൗളർ, ഔട്ടർ ഹാർബർ, ബിലെയർ ട്രെയിൻ സർവീസുകളെയെല്ലാം സർവീസ് ചുരുക്കൽ ബാധിക്കും.

ഫെസ്റ്റീവ് സീസണിൽ സർവീസുകൾ വെട്ടിച്ചുരുക്കുന്നത് യഥാർഥ ഡിമാൻഡ് പ്രതിഫലിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. എന്നാൽ പ്രവർത്തിദിവസങ്ങളിൽ സർവീസ് തടസപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നു പാസഞ്ചേഴ്‌സ് ഫോർ പബ്ലിക് ട്രാൻസ്‌പോർട്ട് പ്രസിഡന്റ് തനാസീസ് അവ്‌റാന്നീസ് അഭിപ്രായപ്പെട്ടു. ഫെസ്റ്റീവ് സീസണിൽ പോലും ജോലിക്കു പോകുന്ന നിരവധി പേരുണ്ടെന്നും അവർക്ക് പകരമൊരു ട്രാൻസ്‌പോർട്ട് സംവിധാനം ഏർപ്പെടുത്താൻ സൗകര്യമില്ലെന്നും അവ്‌റാന്നീസ് വ്യക്തമാക്കി. കൂടാതെ സർവീസുകൾ പ്രത്യേക ടൈംടേബിൾ പ്രകാരം നടത്തുന്നതും ഇത്തരക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്നും പറയപ്പെടുന്നു.

ഡിസംബർ 22നും ജനുവരി രണ്ടിനും മധ്യേയുള്ള പ്രവർത്തി ദിനങ്ങളിൽ ബസുകൾ, ട്രെയിനുകൾ, ട്രാം ഇവയ്ക്കുള്ള പ്രത്യേക ടൈം ടേബിൾ അഡലൈഡ് മെട്രോ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. തങ്ങളുടെ യാത്രാ റൂട്ടുകൾക്ക് ഇവ ബാധകമാണോയെന്ന് പരിശോധിക്കാൻ അഡലൈഡ് മെട്രോ വെബ് സൈറ്റ് സന്ദർശിക്കാൻ യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.