ശൃംഗേരി മഠാധിപതിയെ ദേവസ്വം മന്ത്രിയും, മുൻ ദേവസ്വം മന്ത്രിയും ചേർന്ന് അപമാനിച്ചു എന്നും, അദ്ദേഹത്തിനായി ഒരുക്കി വച്ച സിംഹാസനത്തെ പിന്നിലേക്ക് തള്ളി മാറ്റി മന്ത്രി തന്നെ മന്ത്രിക്കസേര മുന്നിലേക്കിട്ടെന്നെല്ലാമുള്ള വാർത്ത് ഇന്ന് കാലത്ത് തൊട്ട് ഓൺലൈനിൽ കറങ്ങി നടക്കുന്നുണ്ട്. എന്തായാലും ഓൺലൈൻ പോരാളികൾ പതിവ് പോലെ ഇതേ ചൊല്ലി ഇരു ചേരിയായ് തിരിഞ്ഞ് പോരു തുടങ്ങുകയും ചെതു. പുരോഗമന വാദികൾ മന്ത്രിയെ അനുകൂലിച്ച് കൊണ്ടും, എതിർ ചേരി മന്ത്രിയുടെ പ്രവർത്തിയെ അപഹസിച്ച് കൊണ്ടും വാഗ്വാദം ഇപ്പോഴും തുടരുകയാണു. ആ ചളിവാരിയെറിയലുകൾ പതിവ് പോലെ നാളെ മറ്റൊരു വിഷയം കിട്ടുന്നത് വരേക്ക് ആ വഴിക്ക് തുടരട്ടെ.

ഞാൻ ഇനി വിഷയത്തിലേക്ക് കടക്കട്ടെ. മേൽപ്പറഞ്ഞ വാദപ്രതിവാദങ്ങളിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുകയല്ല എന്റെ ഉദ്ദേശം എന്ന് ആദ്യമേ തന്നെ പറഞ്ഞ് വയ്ക്കുന്നു. വാസ്തവത്തിൽ ഏതോ ഒരു പത്രത്തിൽ ഇന്ന് കാലത്ത് വന്ന വാർത്തയ്ക്കപ്പുറം ഈ വാദ പ്രതിവാദങ്ങളിലേർപ്പെടുന്നവർക്ക്, ഒരു പക്ഷേ ഇന്ന് ആ വാർത്ത് തയ്യാറാക്കിയ മാധ്യമ പ്രവർത്തകനു പോലും ഈ വിഷയത്തിൽ (സന്യാസിമാരുടെ ഇരിപ്പിടം സംബന്ധിച്ച്) കാര്യമായ ധാരണ ഉണ്ട് എന്ന് തോന്നുന്നില്ല.

മന്ത്രി ചെയ്ത പ്രവർത്തിയുടെ ശരിതെറ്റുകൾ എന്തെന്ന് ചികയുകയല്ല, പകരം. അങ്ങിനെ കാര്യമറിയാതെ പരസ്പരം വാഗ്വാദം നടത്തുന്നവർക്കായാണു ഈ കുറിപ്പ്.
ഭാരതീയ ആചാര പദ്ധതികളിൽ സന്യാസി സമൂഹത്തിന്റെ സ്ഥാനം വളരെ വലുതാണു.
'സദാശിവ സമാരംഭാം, ശങ്കരാചാര്യ മദ്ധ്യമാം, അസ്മദാചാര്യ പര്യന്തം വന്ദേ ഗുരു പരമ്പരാം..'
ഇത് ഒരു പ്രാർത്ഥനാ ശ്ലോകമാണു. സദാശിവനിൽ(ആദി യോഗി, ആദ്യത്തെ പരമാചാര്യനായി സാക്ഷാൽ ശ്രീപരമേശ്വരനെ സങ്കൽപ്പിക്കുന്നു) തുടങ്ങി, ശ്രീ ശങ്കരാചാര്യർ വരെയുള്ള ഇതര ആചാര്യ ശ്രേഷ്ഠരും, ഏറ്റവും ഓടുവിലായി അവനവന്റെ സ്വന്തം ആചാര്യൻ അഥവാ ഗുരുനാഥൻ വരെയുള്ള ഗുരുപരമ്പരയെ വന്ദിക്കുന്നതാണു പ്രസ്തുത ശ്ലോകം. ഇതിൽ നിന്ന് തന്നെ ആചാര്യ പരമ്പരയ്ക്ക് നമ്മുടെ സമൂഹം ഒരു കാലത്ത് എത്രമാത്രം സ്ഥാനം കൽപ്പിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്.

ഭാരതീയ ആചാര പദ്ധതികളിൽ ഏറ്റവും വിശേഷപ്പെട്ടതാണു ചതുരാശ്രമ ധർമ്മം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണു ചതുരാശ്രമങ്ങൾ. ഓരോ വ്യക്തിയും ഈ ആശ്രമങ്ങൾ പിന്നിട്ടെങ്കിൽ മാത്രമേ അവന്റെ ധർമ്മം പൂർത്തിയാകുന്നുള്ളൂ എന്നാണു വിശ്വാസം. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലവും, ഗാർഹസ്ഥ്യം ഭൗതീകതയും കർമ്മമണ്ഡലത്തിലെ കടമകളും, വാനപ്രസ്ഥം അൽപ്പാൽപ്പമുള്ള വിരക്തിയും, സന്യാസം സമ്പൂർണ്ണ പരിത്യാഗവും ആണു അനുശാസിക്കുന്നത്. അതായത് ആദ്യ മൂന്ന് ഘട്ടങ്ങൾ പിന്നിടുമ്പോൾ മാത്രമാണു സർവ്വതിനോടും വൈരാഗ്യം തോന്നി എല്ലാം പരിത്യജിക്കാൻ ഒരു മനുഷ്യൻ പ്രാപ്തനാകുള്ളൂ. ഭൗതീകതയോടുള്ള അങ്ങേയറ്റത്തെ വിരക്തിയിൽ നിന്നാണു സന്യാസത്തിലേക്കുള്ള പടിയിലേക്ക് അയാൾ ഉയരുന്നത് എന്ന് സാരം. പരിപൂർണ്ണമായ ഈശ്വരോപാസനയിലൂടെ ഒരാൾ സ്വയം പരമാചാര്യൻ ആയി തീരുകയാണു പിന്നെ. അറിവും, ജ്ഞാനവും, വിവേകവും, ധിഷണയും, ആണു ഒരു സന്യാസിയുടെ ഇതര ഉപാസനാ സ്വരൂപങ്ങൾ. സ്വരണ്ണ സിംഹാസനങ്ങളല്ല, മരവുരിയും, കൂർമ്മാസനവും ആണു ഒരു ഉത്തമ സന്യാസിയുടെ ഇരിപ്പിടം.

ഇവിടെ ഇന്നത്തെ കാലത്ത് കാവി വിൽപ്പന ചരക്കാണു. കാവി എന്നത് പരിത്യാഗത്തിന്റേയും, കേവലം ഈശ്വരോപാസനയുടേയും വേഷമായിരുന്നുവെങ്കിൽ ഇന്ന് അത് ഭൗതീകതയുടേയും, സുഖലോലുപതയുടേയും നിറമായിക്കൊണ്ടിരിക്കുകയാണു. സന്തോഷ് മാധവനേയും, ലിംഗ ഛേദം സംഭവിക്കപ്പെട്ട സ്വാമിയും, തോക്ക് സ്വാമി എന്ന ഹിമവൽ ഭദ്രാനന്ദയും, എന്തിനു ഫേസ്‌ബുക്കും വാട്ശ് ആപ്പുമായി വിവാദങ്ങളുടെ പിന്നാലെ പോകുന്ന സന്ദീപാനന്ദ സ്വാമിയും ഉൾപ്പടെയുള്ള നവ കാഷായ ധാരികൾ ഇന്ന് കേരളീയ സമൂഹത്തിനു മുന്നിൽ സന്യാസി സമൂഹത്തെക്കുറിച്ച് വച്ച പരിഛേദം വളരെ നിന്ദ്യവും നികൃഷ്ടവും ആണു. ഇത് കണ്ട് ഇതാണു ഭാരതീയ സന്യാസി പരമ്പരയുടെ ആകെ തുക എന്ന് ധരിച്ചെങ്കിൽ തെറ്റി. കാരണം ഇവർ കള്ള നാണയങ്ങളാണു. ഇവർ മൂലം യഥാർത്ഥ സന്യാസി പരമ്പരയാണു അപഹാസ്യരാക്കപ്പെട്ടിരിക്കുന്നത്, നിരന്തരം അവർ അധിക്ഷേപിക്കപ്പെടുകയുമാണു.

ഭാരതീയമായതെന്തും അവമതിക്കേണ്ടതാണെന്നും, ഭാരതീയ ആചാര്യന്മാരെല്ലാം നികൃഷ്ടരും നിന്ദ്യരുമാണെന്ന അവസ്ഥയിലേക്ക് മുകളിൽ പ്രസ്താവിച്ച നവ സന്യാസി സമൂഹം കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതാണു വാസ്തവം. സാക്ഷാൽ ആചാര്യ സ്വാമികൾ പോലും തരാതരം പോലെ കേരള സമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നത് ഈ ഒരു സാഹചര്യത്തിൽ ആണു. ഓർക്കുക ശ്രീ ശങ്കരാചാര്യർ ജീവിച്ചത് പന്ത്രണ്ട് നൂറ്റാണ്ടുകൾ എങ്കിലും മുൻപേ ആണു. പൂർണ്ണമായും ബഹിഷ്‌കൃതമാക്കപ്പെട്ട ഭാരതീയ ചിന്താധാരയെ പുനരുജ്ജീവിപ്പിച്ച ആളാണു അദ്ദേഹം. അന്നത്തെ സാമൂഹിക ചുറ്റുപാടിൽ തീർച്ചയായും അതൊരു വിപ്ലവം തന്നെയായിരുന്നു. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാമൂഹിക പശ്ചാത്തലത്തിൽ നിന്ന് പത്ത് പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മുന്നിലെ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുന്നവർക്ക് അദ്ദേഹം അപരിഷ്‌ക്കൃതനും പിന്തിരിപ്പനും ആയി തോന്നാം. പക്ഷേ അദ്ദേഹം നടത്തിയ സാമൂഹിക വിപ്ലവം എത്രമാത്രം ബൃഹത്തും, ശക്തവും ആയിരുന്നു എന്ന് അറിയണമെങ്കിൽ കേരളത്തിലെ നമ്പൂതിരി സമൂഹം അന്ന് അദ്ദേഹത്തോട് ചെയ്തത് എന്ത് എന്ന് കൂടി അറിയണം. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളെ തള്ളിപ്പറഞ്ഞ അന്നത്തെ ബ്രാഹ്മണ സമൂഹം അദ്ദേഹത്തെ സമൂഹ ഭ്രഷ്ട് ആക്കുകയാണുണ്ടായത്.

ത്യാഗത്തിന്റെ നിറമാണു കാവി. നിർവ്വാണത്തിന്റേയും, ആത്മീയമായ പരമോന്നതിയുടേയും നിറമാണു കാവി. ഭൗതികതയിൽ നിന്ന് വിട്ട് ഒരു ഇടത്താവളമല്ല അത്. ഭൗതീകതയിൽ നിന്നുള്ള ശാശ്വതമായ വിടുതൽ ആണു അത്. ജ്ഞാന മാർഗ്ഗമാണു സന്യാസിയുടെ പാത. അല്ലാതെ കർമ്മ മാർഗ്ഗമല്ല. രാഷ്ട്രീയമോ, ലൗകീകമോ ആയ ഒന്ന് തന്നെയും യഥാർത്ഥ സന്യാസിയെ ബാധിക്കുകയേ ഇല്ല. ആദരവോ, അംഗീകാരമോ അവർ കാംക്ഷിക്കുന്നില്ല. അവമതിയിൽ അവർ പ്രകോപിതരുമാകില്ല. സർവ്വതിലും ഈശ്വരീയത കണ്ട്, എല്ലാം ഈശ്വരീയമായ പ്രസാദമായി കണ്ട് സ്വീകരിക്കുന്നവരാണവർ.

തന്റെ ജ്ഞാനത്തെ വിൽപ്പനയ്ക്ക് വയ്ക്കുന്നവരല്ല യഥാർത്ഥ സന്യാസിമാർ. നിഷ്‌കാമ കർമ്മത്തിലാണവർ വ്യാപൃതരാകുന്നത്. പൊതു ജന മധ്യത്തിൽ തന്റെ അറിവിന്റെ കനം പ്രദർശ്ശിപ്പിച്ച് തന്റെ അനുയായികളെ കൂട്ടുകയല്ല ഒരു സന്യാസിയുടെ മാർഗ്ഗം. തന്റെ അറിവ് തേടി എത്തുന്നവർക്ക് ജ്ഞാനമാർഗ്ഗം ഉപദേശിക്കലാണു സന്യാസ ധർമ്മം. ഈശ്വരനിലേക്കുള്ള, പരമാനന്ദത്തിലേക്കുള്ള പാത ഉപദേശിക്കുന്ന ഉത്തമ ഗുരുക്കന്മാരാണു സന്യാസിമാർ.

ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം. കർണ്ണാടകത്തിലെ ശൃംഗേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൃംഗേരി മഠം ഒന്നാന്തരമൊരു ആത്മീയ കേന്ദ്രമാണു. അറിവിന്റെ ഭണ്ഡാരമാണവിടം. സംസ്‌കൃതം, വേദങ്ങൾ, വേദാന്തങ്ങൾ, ഉപനിഷത്തുക്കൾ, ആരണ്യകങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ, എന്നിങ്ങിനെ സമസ്ഥമായ ഭാരതീയ ചിന്താ പദ്ധതികളിലും സമഗ്രമായ പഠനം നടക്കുകയും, ഗവേഷണം നടക്കുകയും ചെയ്യുന്ന ഇടം ആണു അവിടം. അതിന്റെ മഠാധിപതിയാകുന്നതിനുള്ള യോഗ്യതയും അറിവിന്റെ മഹാ ഗുരുത്വം തന്നെയാണു.

പറഞ്ഞ് വന്നത് ശൃംഗേരി മഠാധിപതിക്ക് തയ്യാറാക്കിയെന്ന് പറയപ്പെടുന്ന ഇരിപ്പിടം മാറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണു. എന്നാൽ വാസ്തവത്തിൽ ഇതിലെന്തോ തെറ്റിദ്ധാരണ വന്ന് ഭവിച്ചിട്ടുണ്ട് എന്ന് ഞാൻ സംശയിക്കുന്നു. സ്വതവേ സന്യാസിമാർ അവർക്ക് സന്യാസ ദീക്ഷ ലഭിക്കുന്ന സമയത്ത് അവരുടെ ആചാര്യനിൽ നിന്ന് സിദ്ധിച്ച കൂർമ്മാസനം എന്ന പലകമേൽ മാത്രമേ ഇരിക്കുക പതിവുള്ളൂ. ഈ സന്യാസിമാർ എവിടേക്ക് പോകുമ്പോളും ശിഷ്യർ ഈ കൂർമ്മാസനവും കൊണ്ട് പോവുകയാണു പതിവ്. പൂർണ്ണമായും ഭൗതീകതയോടുള്ള വിരക്തിയെ ആണു അത് സൂചിപ്പിക്കുന്നത്. ഇത്തരം സന്യാസി പരമ്പരയിൽ പെട്ടവർ പരമാവധി പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കലാണു പതിവ്. ഇനി അധവാ പരിപാടിയിൽ സംബന്ധിച്ചെങ്കിൽ തന്നെ സ്വന്തം കൂർമ്മാസനത്തിൽ തന്നെ അവർ ഉപവിഷ്ടരാകും. അതായത് സിംഹാസനം മന്ത്രി മാറ്റിയില്ലെങ്കിൽ സന്യസിമാരുടെ ശിഷ്യർ അത് മാറ്റി പകരം സ്വന്തം ഇരിപ്പിടം അവിടെ കൊണ്ട് വയ്ക്കുമായിരുന്നു.

(തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ തന്ത്രി കുടുംബാഗമാണ് ജയനാരായണൻ. അമൃതാ ടിവിയിലെ മുൻ മാധ്യമ പ്രവർത്തകനായിരുന്നു. ഈ ലേഖനം ഫെയ്‌സ് ബുക്കിൽ ജയനാരായണൻ എഴുതിയതാണ്.)