ഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി കേരളം ചർച്ച ചെയ്തത്, ഇന്നും ചർച്ച ചെയ്യുന്നത് ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിന്റെ ആശങ്കകൾ മാത്രമാണ്. അതിൽ രാഷട്രീയം കലർത്തിയവർ ഉണ്ടാകാം, പക്ഷേ ശബരിമലയ്ക്ക് വേണ്ടി, വിശ്വാസ സംഹിതകളുടെ നിലനിൽപ്പിന് വേണ്ടി തെരുവിലിറങ്ങിയ അമ്മമാർ മുഴുവനും ഏതെങ്കിലും ഒരു കൊടിയുടെ കീഴിൽ അണിനിരന്നവർ ആണ് എന്ന് ധരിക്കരുത്. അവകാശങ്ങളേക്കാൾ വിശ്വാസ പ്രമാണങ്ങൾക്ക് അവർ പ്രാമുഖ്യം കൊടുത്തു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് അറിയുന്നതുകൊണ്ടാവാം ഇവിടെ സംസ്ഥാന സർക്കാർ അതിനെ രാഷട്രീയമായി നേരിടാൻ തീരുമാനിച്ചത്. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ 'ആക്ഷേപം' കേട്ട് വയറ് നിറഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് ഞാൻ. ഈ വിഷയത്തിൽ അര ശതമാനം പോലും അംഗബലമില്ലാത്ത ആചാര്യ വർഗ്ഗത്തിന് (തന്ത്രി സമൂഹത്തിന്) യാതൊരു പിന്തുണയും ലഭിച്ചില്ലെങ്കിലും ഞങ്ങൾക്കു വേണ്ടി സംസാരിക്കുവാൻ മറ്റാരുമില്ലാത്തതിനാൽ പറയേണ്ടി വരുന്നതാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒന്ന് ഓർക്കുക ഇവിടെ അങ്ങ് യുദ്ധം ചെയ്യുന്നത് വിശ്വാസി സമൂഹത്തോടാണ്. അങ്ങ് കേരളത്തിന്റെ മുഖ്യ മന്ത്രിയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ തന്ത്രിമാരോ , ശാന്തിക്കാരോ അധികാരം കയ്യാളുന്ന ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് അങ്ങയോട് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ല. ഭക്തജന സമിതികളോ, ട്രസ്റ്റുകളോ, ദേവസ്വംബോർഡോ, കുടുംബയോഗങ്ങളോ ഭരിക്കുന്ന ക്ഷേത്രങ്ങളിലെ ആചാരപരമായ തീരുമാനങ്ങൾക്ക് ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അന്തിമ രൂപം നൽകുക എന്ന് മാത്രം. തന്ത്രി എന്നത് മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങൾ നിഷ്‌കർഷിക്കുന്ന സവർണ്ണ മേലാള പ്രതിനിധി ഒന്നുമല്ല. പ്രതിഷ്ഠാദി സങ്കീർണ്ണ താന്ത്രിക ക്രിയകൾ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്പ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. ആചാരങ്ങളും,താന്ത്രിക കർമ്മങ്ങളും തപസ്യ പോലെ പഠിച്ച പണ്ഡിതരാണവർ.

1978- ലെ ഗുരുവായൂർ ദേവസ്വം നിയമം അങ്ങേയ്ക്ക് അറിയാത്തത് ആകില്ല. അതിൽ ( വകുപ്പ് 35) തന്ത്രിയുടെ അവകാശവും അധികാരങ്ങളും വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതപരവും ആദ്ധ്യാത്മികവും ആചാരപരവും ചടങ്ങുകളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമം എന്നതാണത്. സർക്കാരിനോ ഭരണ സമിതിക്കോ കമ്മീഷണർക്കോ ദേവസ്വത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു അധികാരവുമില്ല. ഇതേ കാര്യം 1971ലെ കൂടൽമാണിക്കം ദേവസ്വം ആക്ടിലും അങ്ങേയ്ക്ക് കാണാവുന്നതാണ്. 2015ൽ എസ് ഉണ്ണികൃഷ്ണൻ ്‌ െതിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവും അങ്ങ് പരിശോധിക്കുക 'ഒരു ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവണം നടക്കേണ്ടത്; അതിന് മറ്റൊരു പോംവഴിയുമില്ല; കാരണം തന്ത്രി എന്നാൽ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ, അതായത് ഈശ്വരന്റെ, പിതാവാണ്. മന്ത്രവും തന്ത്രവുമൊക്കെ വഴി തന്ത്രി ആ പ്രതിഷ്ഠയിലേക്ക് ശക്തിയാണ്, ഊർജമാണ്, പ്രദാനം ചെയ്യുന്നത്.'ഇത്രയും ആമുഖമായി പറഞ്ഞ് കൊണ്ട് വിഷയത്തിലേക്ക് വരട്ടെ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട് ആചാര സംഹിതകളെ സ്വന്തം തട്ടകത്തിൽ തന്നെ നിന്നു, മാന്യമായി, വസ്തുനിഷ്ഠമായി പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ വിഴുപ്പലക്കുകയല്ല വേണ്ടിയിരുന്നത്. ഒരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഭക്തജന സമൂഹത്തിന്റെ വിശ്വാസത്തിലുള്ള പങ്കു വളരെ വലുതാണ്. നിങ്ങൾ ചിലർ 'അല്ല' എന്ന് പറയുന്ന അതെ കാര്യം മറ്റു പലരും 'അതെ' എന്നു പറയുന്ന കാര്യമായിരിക്കാം. അഭിപ്രായ സമന്വയമാണ് ഈ അവസരത്തിലാവശ്യം. സനാതനധർമ്മത്തിലെ ചില പഴമകളെ, ചില സംസ്‌കാരങ്ങളെ അതെ പോലെ നിലനിർത്തുവാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അത് അവരുടെ ശരിയാണ്. അതിനെ അംഗീകരിക്കുന്നില്ല എങ്കിൽ സംവാദത്തിലൂടെ എതിർക്കുക, വിമർശിക്കുക. അല്ലാതെ നിങ്ങളുടെ അപകർഷതാ ബോധവും, വികല മനോഭാവവും പ്രകടമാക്കിയാൽ അത് കണ്ടുനിൽക്കേണ്ടവരല്ല ഞങ്ങൾ. എല്ലാ സമൂഹങ്ങളിലും എല്ലാവരും നന്നായിക്കൊള്ളണമെന്നില്ല. പോരായ്മകൾ ഉണ്ടാവാം. എന്നുകരുതി ഒരു വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന നിങ്ങളുടെ ധിക്കാരപരമായ ആക്രോശം മാന്യതയ്ക്ക് ചേർന്നതല്ല.

മുഖ്യമന്ത്രി എന്ന നിലയിൽ വലിയൊരു ഫാക്ച്വൽ ഇറർ ഇന്ന് അങ്ങ് പറയുകയുണ്ടായി. കടത്തനാട്ട് രാജാവ് വടകരയിലെ ലോകനാർക്കാവിൽ ക്ഷേത്രപ്രവേശനം നടപ്പാക്കിയപ്പോൾ ക്ഷേത്രം തന്ത്രി നട അടച്ച് പോയി എന്നും കത്തനാട്ട് രാജാവ് അവിടെ പകരം തന്ത്രിയെ വച്ചു എന്നും മറ്റും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുക പ്രസ്തുത ക്ഷേത്രത്തിൽ കാട്ടുമാടം, ഏറാഞ്ചേരി എന്നീ രണ്ട് ഇല്ലങ്ങൾക്കാണ് താന്ത്രിക അവകാശം. അന്നും ഇന്നും ഇവിടെ ഇവർ തന്നെയാണ് തന്ത്രിമാർ. ഇവരെ ആരും അവിടത്തെ തന്ത്ര സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. അവിടത്തെ മേൽശാന്തിയാണ് അന്ന് അപ്രകാരം പ്രവർത്തിച്ചത്. മറ്റാരെങ്കിലും ചെയ്ത കാര്യങ്ങൾ ദയവ് ചെയ്ത് തന്ത്രി സമൂഹത്തിന് മേൽ കെട്ടി വയ്ക്കാൻ അങ്ങ് നോക്കരുത്.

അങ്ങ് ഒന്ന് അറിയുക; ഒരു തന്ത്രിക്ക് ക്ഷേത്ര ആചാരങ്ങളുടെ പരിപാലനം മാത്രമാണ് വിഷയം. അത് പരിപാലിക്കാൻ ഈ സമൂഹം ബദ്ധശ്രദ്ധരുമാണ്. അതുകൊണ്ട് തന്നെ തീർച്ചയായും കേരളത്തിലെ തന്ത്രി സമൂഹം ഈ വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ്. അത് അങ്ങിനെ തന്നെയായിരിക്കയും ചെയ്യും.