- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധം': ഹരീഷ് പേരടിയുടെ കറുത്ത മാസ്‌ക് പോസ്റ്റ് പ്രകോപനമായി; നടനെ വിലക്കിയത് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് എന്ന് പു.ക.സ കോഴിക്കോട് ജില്ല സെക്രട്ടറി; മാപ്പ് ചോദിച്ച് ജന.സെ. അശോകൻ ചെരുവിൽ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച നടൻ ഹരീഷ് പേരടിക്ക് പുരോഗമന കലാസാഹിത്യ സംഘം വിലക്കേർപ്പെടുത്തിയതിലെ 'പുരോഗമന ചിന്ത' ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു വശത്ത് മുഖ്യമന്ത്രിയെ പിന്തുണച്ചു കൊണ്ട് പരിപാടികൾ നടത്തുന്ന പു ക സ ഹരീഷ് പേരടിക്ക് അവരുടെ വേദിയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിരന്തരമായി മുഖ്യമന്ത്രിയെയും പിണറായിയെയും വിമർശിച്ചതാണ് ഹരീഷിനെ വിലക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണച്ചടങ്ങിലാണ് ഹരീഷ് പേരടിക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതിനിടെ, പു ക സ മുഖ്യമന്ത്രിക്ക് എതിരായ വലതുപക്ഷ ഗൂഢാലോചനയ്ക്ക് എതിരെ സംസ്‌കാരിക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് നടൻ ഹരീഷ് പേരടിയെ ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയതിൽ വിശദീകരണവുമായി പു.ക.സ. രംഗത്തെത്തി. ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചതിനാലാണെന്നാണ് പു.ക.സ.യുടെ മറുപടി. വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. കറുത്ത മാസ്‌ക് സംബന്ധിച്ച ഹരീഷ് പേരടിയുടെ പോസ്റ്റും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. ചടങ്ങിൽ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാൻ വൈകിപോയെന്ന് ഹേമന്ദ് പറഞ്ഞു. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതിൽ പിഴവുപറ്റി. അതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഹരീഷ് പേരടി പങ്കെടുത്താൽ തെറ്റായ സന്ദേശം നൽകുമെന്നും പു.ക.സ. കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ദ് കുമാർ പ്രതികരിച്ചു.
പു.ക.സയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്ന് നടൻ ഹരീഷ് പേരടി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. ഹരീഷ് പേരടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. സർക്കാരിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് തന്നെ ഒഴിവാക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നാടക സംവിധായകൻ എ.ശാന്തൻ അനുസ്മരണ പരിപാടിയിലാണ് ഹരീഷിന് വിലക്കേർപ്പെടുത്തിയത്.
അതേസമയം, എ. ശാന്തൻ അനുസ്മരണ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തിൽ മാപ്പ് ചോദിച്ച് പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ രംഗത്തെത്തി. പരിപാടിയിൽ പങ്കെടുക്കാൻ ഒരു കലാകാരനെ ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്യുന്നത് തെറ്റാണ്. അത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. ഹരീഷ് പേരടിയോട് നിർവ്യാജം മാപ്പു ചോദിക്കുന്നു എന്നും അശോകൻ ചരുവിൽ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഹരീഷ് പേരടിയെ ഒഴിവാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും അശോകൻ ചരുവിൽ പറഞ്ഞു. ജനവിരുദ്ധമായി തീർന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെ ജനകീയ ബദൽ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഒരു സംസ്ഥാന സർക്കാരാണ് കേരളത്തിൽ ഉള്ളത്. ഈ ജനകീയ സർക്കാർ രാജ്യം മുഴുവനുമുള്ള ജനാധിപത്യവാദികളുടേയും അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും വലിയ പ്രതീക്ഷയാണ്. അതുപോലെ തന്നെ വർഗ്ഗീയ ഭീകര കേന്ദ്രഭരണകൂടത്തിന്റെ കണ്ണിലെ കരടുമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിനൊപ്പം പു ക സ ഇപ്പോൾ നിലയുറപ്പിക്കുന്നു.
ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും അവയുടെ നേതൃത്തത്തിലുള്ള സംസ്ഥാന സർക്കാരുകളേയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിക്കും. രാഹുൽ ഗാന്ധിക്കും എതിരായുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെതിരായ വേട്ട തുടങ്ങിയിട്ട് വർഷങ്ങളായി. പല തവണ പരാജയപ്പെട്ടിട്ടും ലജ്ജയില്ലാതെ ആ പ്രവർത്തനം അവർ തുടരുന്നു. അതുകൊണ്ട് ആർ.എസ്.എസ്. സംവിധാനം ചെയ്യുന്ന ഇത്തരം നീക്കങ്ങളെ ന്യായീകരിക്കുന്നവരുമായി സഹകരിക്കാൻ പു ക സ ക്ക് തൽക്കാലം നിവർത്തിയില്ല എന്ന വിവരം ഖേദത്തോടെ അറിയിക്കുന്നുവെന്നും എന്നാൽ അത് ഹരീഷ് പേരടിയെ ഉദ്ദശിച്ചല്ലെന്നും അശോകൻ ചരുവിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ