തിരുവല്ല: പുളിക്കീഴ് ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന സ്പിരിറ്റ് മോഷ്ടിച്ചു വിറ്റതിന്റെ പിന്നിലുള്ള മുഖ്യസൂത്രധാരൻ ജനറൽ മാനേജർ അലക്സ് പി. ഏബ്രഹാം. മോഷണം പിടിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ ഇയാളെ സസ്പെൻഡ് ചെയ്തു.

അറസ്റ്റും മാധ്യമങ്ങളിൽ വാർത്തയും വരുന്നത് ഒഴിവാക്കാൻ ഒളിവിൽ ഇരുന്നു കൊണ്ട് അലക്സ് കരുക്കൾ നീക്കുന്നു. അലക്സിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ കരാർ ലോബി വർഷങ്ങൾ കൊണ്ട് സ്പിരിറ്റ് മറിച്ചു വിറ്റും സാധനങ്ങൾ വാങ്ങുന്നതിന്റെ കമ്മീഷൻ ഇനത്തിലും തട്ടിയെടുത്തത് കോടികളാണ്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ഇതിന്റെ പങ്ക് ലഭിച്ചു.

സർക്കാരിന്റെ നോട്ടമെത്താത്തത് തുണയാക്കി, തങ്ങൾക്ക് ഒത്താശ ചെയ്യുന്നവരെ മാത്രം ഫാക്ടറിയിൽ ജീവനക്കാരായി നിയമിച്ചു കൊണ്ട് അരങ്ങേറിയ തട്ടിപ്പിന് ചുക്കാൻ പിടിച്ചിരുന്നത് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഇടം നേടിയിയിട്ടുള്ള ജനറൽ മാനേജർ അലക്സ് പി ഏബ്രഹാമാണെന്ന് ഇവിടെ നിന്ന് വിരമിച്ച ജീവനക്കാർ പറയുന്നു. കമ്പനിക്കെതിരേ പലരും നിയമ പോരാട്ടത്തിലാണ്.

പല നാളുകളായി നടത്തിയ മോഷണത്തിന് ഇപ്പോൾ പിടി വീണപ്പോൾ വെറുമൊരു ജീവനക്കാരായ അരുൺകുമാറിനെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, പഴ്സൊണൽ മാനേജർ ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർ ശ്രമിച്ചത്. എന്നാൽ, പൊലീസ് കസ്റ്റഡിയിലായ അരുൺ കുമാറും രണ്ടു ടാങ്കർ ഡ്രൈവർമാരും സ്പിരിറ്റ് മോഷണത്തിൽ ഉന്നതർക്കുള്ള പങ്ക് വിശദീകരിച്ചതോടെ തന്ത്രം പൊളിഞ്ഞു. മാതാവ് രാധാമണി കാൻസർ ബാധിച്ച് മരിച്ചതിനാൽ ആശ്രിതനെന്ന നിലയിലാണ് അരുൺ കുമാറിന് ഇവിടെ ജോലി ലഭിച്ചത്. ഇയാളുടെ പ്രബേഷൻ പോലും ഡിക്ലയർ ചെയ്തിട്ടില്ല.

92-93 കാലയളവിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് ട്രാവൻകൂർ ഷുഗേഴ്സിൽ ജോലിക്ക് കയറിയത്. ആദ്യം സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന മാനേജരായിരുന്നു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ഇയാൾ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. ഏതു സർക്കാർ വന്നാലും അലക്സ് അവർക്കൊപ്പം നിന്നു പോന്നു. അതു കൊണ്ടു തന്നെ ഫാക്ടറിയിലെ പർച്ചേസിങ്, കരാർ നിയമനം എന്നിവയൊക്കെ അലക്സിന്റെ കൈകളിലൂടെയാണ് നടന്നത്.

ഒന്നര വർഷം മുമ്പാണ് അലക്സ് ജനറൽ മാനേജരായത്. അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ക്രമക്കേടുകൾ ഇവിടെ തുടങ്ങി. സ്പിരിറ്റ് മോഷണം മാത്രമല്ല, മദ്യ ഉൽപാദനത്തിനും വിതരണത്തിനുമുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് വൻ തുക കമ്മിഷൻ കൈപ്പറ്റുന്ന പതിവും ഉണ്ടായിരുന്നു. മദ്യ നിർമ്മാണത്തിനുള്ള കാരാമീൽ, ബോട്ടിൽ, അടപ്പ്, ലേബൽ, സീൽ, കുപ്പികൾ പായ്ക്ക് ചെയ്യുന്നതിനുള്ള കാർട്ടൻ എന്നിവയൊക്കെ വൻ തുക കമ്മീഷൻ കൈപ്പറ്റിയാണ് കരാർ നൽകിയത്.

അഞ്ചു കൊല്ലം മുൻപ് ഇവിടെ നടന്ന പ്രൊഡക്ഷൻ മാനേജർ നിയമനത്തിൽ വലിയ അട്ടിമറി ഉണ്ടായിരുന്നു. താൽകാലിക നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കിലുണ്ടായിരുന്നത് അനൂപ് മുകുന്ദൻ എന്ന ഉദ്യോഗാർഥിയായിരുന്നു. ഡിസ്റ്റിലറി സംബന്ധിച്ച കാര്യങ്ങളിലും കഴിവും പ്രവൃത്തി പരിചയവുമുള്ള അനൂപിനെ പ്രൊഡക്ഷൻ മാനേജരായി നിയമിച്ചു. അനൂപിന്റെ കഴിവിൽ കമ്പനിയും ഫാക്ടറിയും ഗുണമേന്മ കൂടിയ മദ്യം ഉൽപാദിപ്പിക്കുകയും ജവാൻ റം വിപണയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്തു.

അനൂപുള്ളതിനാൽ സ്പിരിറ്റ് മോഷണം അടക്കം നടക്കാതെ വന്നപ്പോൾ അയാളെ പുറത്താക്കാൻ നീക്കം നടന്നു. രണ്ടാം വർഷം അനൂപിന് കരാർ പുതുക്കി നൽകിയെങ്കിലും ഏറെ വൈകാതെ പലവിധ കാരണങ്ങൾ സൃഷ്ടിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പിന്നെ നിയമിച്ചയാളാണ് ഇപ്പോഴത്തെ പ്രൊഡക്ഷൻ മാനേജർ മേഘ. അനൂപ് ഇപ്പോൾ മഹാരാഷ്ട്രയിലെ ഒരു ഡിസ്റ്റിലറിയിലാണ് ജോലി ചെയ്യുന്നത്. ചുരുക്കപ്പട്ടികയിൽ മൂന്നാം റാങ്കുകാരിയായിരുന്നു പാലക്കാട്ടുകാരി മേഘ. ചട്ടം മറി കടന്നാണ് ഇവരെ മാനേജർ തസ്തികയിൽ നിയമിച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡിൽ താൽകാലിക ജീവനക്കാരിയായിരുന്ന മേഘയ്ക്ക് ഡിസ്റ്റിലറി സംബന്ധമായ യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇവിടെ നിയമിച്ച ശേഷം എറണാകുളത്തെ സ്വകാര്യ ഡിസ്റ്റിലറിയിൽ കമ്പനി ചെലവിൽ പരിശീലനത്തിന് അയക്കുകയാണ് ചെയ്തത്. മേഘയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയാണ് പിന്നീടുള്ള ക്രമക്കേടുകൾ ഇവർ നടത്തിയത്. കാലാ കാലങ്ങളിൽ മേഘയ്ക്ക് കരാർ പുതുക്കി നൽകി. മറ്റൊരാളെ കൊണ്ടു വരാനും ഇവർ ശ്രമിച്ചില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മേഘയെ ജോലിയിൽ സ്ഥിരപ്പെടുത്താൻ നീക്കം നടന്നിരുന്നു. എന്നാൽ, മേഘയുടെ യോഗ്യതയിൽ സംശയം പ്രകടിപ്പിച്ച് എംഡി ആ നീക്കത്തിന് തടയിടുകയായിരുന്നു.

മാധ്യമങ്ങൾ സ്പിരിറ്റ് മോഷണത്തിന് പിന്നാലെ കൂടിയതോടെ താൻ കൂടുതൽ കുഴപ്പത്തിലാകുമെന്ന് മനസിലാക്കിയാണ് അലക്സ് പി ഏബ്രഹാം ഒളിവിൽ ഇരുന്ന കരുക്കൾ നീക്കുന്നത്. മാധ്യമ വാർത്തകൾ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാൻ ഉന്നത തലത്തിലാണ് ഇയാളുടെ നീക്കം. അലക്സിന്റെ കോടികളുടെ അനധികൃത സമ്പാദ്യവും ബിനാമി സ്വത്തും അന്വേഷണ പരിധിയിൽ വരും. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം പുറത്തു വന്നതോടെ പത്തനംതിട്ട എസ്‌പി ആർ നിശാന്തിനി നേരിട്ട് മേൽനോട്ടം ഏറ്റെടുത്തു.

തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തറെ മാറ്റി നിർത്തിയാണ് അന്വേഷണം. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബിജു വി. നായർ, ഇപ്പോഴത്തെ ഇൻസ്പെക്ടർ ഇഡി ബിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.