- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെഡ്ഷീറ്റിൽ കെട്ടിയിട്ട് ബെൽറ്റുപയോഗിച്ച് മർദ്ദനം; തിളച്ച വെള്ളം ഒഴിച്ച് പൊള്ളിക്കൽ; മൂത്രം കുടിപ്പിച്ചു; ചൂലുകൊണ്ടും മോപ്പിന്റെ പിടികൊണ്ടും തല്ല്; ട്രേഡ് മാർക്കറ്റിങ് വിദഗ്ധനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത് പെൺസുഹൃത്തുക്കൾ; ഇൻവെസ്റ്റ് ചെയ്ത തുകയുടെ ലാഭം ചോദിച്ചപ്പോൾ പ്രണയം പീഡനമായി; പുലിക്കാട്ടിൽ മാർട്ടിൻ ജോസഫ് ആള് പൊലീസിൽ പിടിയുള്ള വില്ലൻ
കൊച്ചി: ബെഡ്ഷീറ്റുകൊണ്ട് കാലും കൈയും കെട്ടിയിട്ട് ബെൽറ്റുപയോഗിച്ചുള്ള മർദ്ദനം. തിളച്ച വെള്ളം ശരീരത്തിൽ ഒഴിച്ച് പൊള്ളിക്കൽ. മൂത്രം കുടിപ്പിക്കുകയും ചൂലുകൊണ്ടും മോപ്പിന്റെ പിടികൊണ്ടും തല്ലി പരിക്കേൽപ്പിക്കൽ. ഹൈക്കോടതിയുടെ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ വച്ച് ഒരു വർഷമായി യുവതി അനുഭവിച്ച കൊടിയ പീഡനമിങ്ങനെയായിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതിയെ തൃശൂർ അഞ്ചൂർ പുറ്റേക്കര പുലിക്കോട്ടിൽ ഹൗസിൽ ജോസഫിന്റെ മകൻ മാർട്ടിൻ ജോസഫാ(33)ണ് കൊടിയ പീഡനത്തിനിരയാക്കിയത്.
മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ഇതിനിടെ, യുവതിയുടെ നഗ്നവീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു. ഒടുവിൽ ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഒരുവിധത്തിൽ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ടത്. ഉടൻതന്നെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാർട്ടിനെതിരേ പരാതി നൽകി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.
ഗുരുതരമായി ശരീരത്തിൽ പൊള്ളലേറ്റ യുവതി ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഒളിവിൽ കഴിയുകയാണ്. രക്ഷപെട്ടുപോയ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇയാളിപ്പോൾ. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുഹൃത്തുക്കളുടെ മൊബൈലിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും ഭീഷണി മെസ്സേജുകൾ അയക്കുകയാണ്. ആസിഡ് ഒഴിക്കുമെന്നും കുത്തിക്കൊല്ലുമെന്നുമൊക്കെയാണ് ഭീഷണി.
കൂടാതെ പെൺകുട്ടിയുടെ മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നുമുണ്ട്. പൊലീസിലെ ഉന്നത ബന്ധമാണ് ഇയാൾക്ക് തുണയായിട്ടുള്ളതെന്നാണ് പെൺകുട്ടി പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് ഇറക്കിയ പത്രക്കുറിപ്പിൽ പോലും എഫ്.ഐ.ആർ ഇട്ടിരിക്കുന്ന പ്രതിയുടെ പേരുവിരങ്ങൾ നൽകിയിട്ടില്ല. ഇത് പൊലീസുമായുള്ള ബന്ധത്തിന് തെളിവാണെന്നും യുവതിയുടെ സുഹൃത്തുക്കൾ പറയുന്നു.
സംഭവത്തെ പറ്റി യുവതി പറയുന്നതിങ്ങനെ;- കഴിഞ്ഞ വർഷമാണ് യുവതി മാർട്ടിനെ പരിചയപ്പെടുന്നത്. പെൺ സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട മാർട്ടിൻ ട്രേഡ് മാർക്കറ്റിങ് രംഗത്തെ വിദഗ്ദ്ധനാണെന്നായിരുന്നു യുവതിയോട് പറഞ്ഞത്. ട്രേഡ് മാർക്കറ്റിൽ പണം ഇറക്കിയാൽ വലിയ ലാഭം ലഭിക്കുമെന്നും പണമുണ്ടെങ്കിൽ നിക്ഷേപം നടത്തിയാൽ സഹായിക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇത് വിശ്വസിച്ച യുവതി എറണാകുളത്ത് ചെറിയ വസ്ത്രശാല തുടങ്ങാനായി സ്വരുക്കൂട്ടി വച്ചിരുന്ന 5 ലക്ഷം രൂപ ഇയാൾക്ക് കൊടുത്തു. മാസം 40,000 രൂപ കിട്ടും എന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും പണം വാങ്ങിയത്. ഇതിനിടയിൽ ഇരുവരും പരസ്പരം ഏറെ അടുക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. മിക്കപ്പോഴും മറൈൻ ഡ്രൈവിലെ പുനർവ്വ ഗ്രാന്റ് ബേ ഫ്ലാറ്റിൽ കൊണ്ടു പോയി യുവതിയെ ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തു. പണം ഇൻവെസ്റ്റ് ചെയ്തിട്ടും തിരികെ മാസം ലഭിക്കുമെന്ന് പറഞ്ഞ തുക ലഭിക്കാതെയായപ്പോൾ യുവതി ചോദ്യം ചെയ്തതോടെയാണ് പീഡന പരമ്പര ആരംഭിക്കുന്നത്.
2020 ഫെബ്രുവരി 15 മുതൽ 20121 മാർച്ച് 8 വരെ ഈ ഫ്ളാറ്റിൽ യുവതിയെ തടങ്കലിൽ വയ്ക്കുകയും പീഡനം നടത്തുകയുമായിരുന്നു. യുവതിയുടെ നഗ്‌ന ചിത്രം ചിത്രീകരിക്കുകയും ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയാണ് ഫ്ളാറ്റിൽ പൂട്ടിയിട്ട് പീഡനം നടത്തിയത്. അസഭ്യവാക്കുകൾ പറയുകയും മർദ്ദിക്കുകയും ചെയ്തതിന് പുറമേ ക്രൂരമായ ലൈഗീക പീഡനവും മാർട്ടിൻ നടത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി കലക്കിയ വെള്ളവും ഒഴിച്ചു. മാർച്ചിൽ തിളച്ചവെള്ളം ശരീരത്തിൽ ഒഴിച്ചതിനെതുടർന്ന് ഗുരുതരമായി പൊള്ളലേറ്റു. ഇതിനിടയിൽ ഇയാളുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ടെത്തിയ യുവതി സുഹൃത്തുക്കളെ വിവരമറിയിക്കുകയും തുടർന്ന് ചികിത്സ തേടുകയുമായിരുന്നു. പിന്നീട് ഏപ്രിൽ 8 ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 323,324,344,376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ പൊലീസ് ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതിക്കായി തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പ്രതിയായ മാർട്ടിൻ ജോസഫ് ഇതിനിടെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളുകയും തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്ത്രീക്ക് നേരേ നടന്ന ക്രൂരമായ അതിക്രമത്തിൽ പൊലീസിന്റെ ഈ ഒളിച്ചുകളിയാണ് ഏവരെയും ഞെട്ടിക്കുന്നത്. കേസെടുത്ത് ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. പുറ്റേക്കരയിലെ പുലിക്കോട്ടിൽ ഫാമിലിക്ക് ഉന്നതങ്ങളിൽ വലിയ പിടിപാടുണ്ടെന്നാണ് യുവതി പറയുന്നത്. രാഷ്ട്രീയക്കാർ ഇടപെട്ട് പൊലീസിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നാണ് ആക്ഷേപം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.