- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹനൻ ഭാര്യയെ കൊല്ലാൻ കാത്തിരുന്നത് രണ്ടുവർഷം; പുല്ലൂക്കര കൂലോത്ത് രതി വധക്കേസിലെ പ്രതി റിമാൻഡിൽ; വെട്ടേറ്റുമരിച്ച വീട്ടമ്മയ്ക്കു നാടിന്റെ യാത്രാമൊഴി
തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ ഭാര്യയുടെ കഴുത്തിനു വെട്ടിക്കൊന്ന കേസിൽ ഭർത്താവിനെ തലശേരി കോടതി റിമാൻഡ് ചെയ്തു. രണ്ടുവർഷം മുൻപേ ഭാര്യയെ വെട്ടിക്കൊല്ലണമെന്നു താൻ തീരുമാനിച്ചിരുന്നുവെന്നു ഭർത്താവ് മോഹനൻ പൊലിസിനു മൊഴി നൽകി. വീട്ടിൽ എല്ലാവരും തന്നെ അവഗണിക്കുകയായിരുന്നുവെന്നും ഭാര്യയും ഇതിനു കൂട്ടുനിന്ന വൈരാഗ്യത്തിലാണ് ഇവരെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി.
കൊല നടത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ലെന്നും ഇയാൾ നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്. മനോവിഭ്രാന്തിയുള്ളയാളാണ് മോഹനനെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏറെക്കാലമായി ഇയാൾ മക്കളും ഭാര്യയുമായി കലഹത്തിലായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.
ഭാര്യ കൂലോത്ത് രതിയെ(54)മുറി അടച്ചു പൂട്ടിയതിനു ശേഷമാണ് ഇയാൾ വെട്ടുകത്തി കൊണ്ടു വെട്ടിക്കൊന്നത്. ഇതിനു ശേഷം മരണം ഉറപ്പിക്കാനായി കത്തി ഉപയോഗിച്ചു ഭാര്യയുടെ കൈത്തണ്ടയും മുറിച്ചു. ചോരവാർന്നൊഴുകുന്ന രതിയുടെ അടുത്തു മരണം ഉറപ്പിക്കുന്നതിനായി ഇരിക്കുകയായിരുന്ന ഇയാളെ നാട്ടുകാരാണ് ബലം പ്രയോഗിച്ചുനീക്കി ചൊക്ളി പൊലീസിന് കൈമാറിയത്.
ഇതിനിടെ ഭർത്താവ് അരുംകൊല ചെയ്ത രതിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിയോടെയാണ് മൃതദേഹം പുല്ലൂക്കരയിലെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനാളുകൾ രതിയെ ഒരു നോക്കുകാണാനും അന്തിമോപചാരമർപ്പിക്കാനുമെത്തി. മകൻ ധനിത്താണ് അമ്മയുടെ ചിതയ്ക്കു തീകൊളുത്തിയത്. ചൊക്ളി പൊലിസ് അറസ്റ്റു ചെയ്ത പ്രതി മോഹനനെ തലശേരി കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ ഹരജി നൽകുമെന്നു ചൊക്ളി പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്