പത്തനംതിട്ട: മകരജ്യോതി ദർശിക്കാനുള്ള തിക്കിനും തിരക്കിനുമിടെ 106 തീർത്ഥാടകർ ചവിട്ടേറ്റു മരിച്ച പുല്ലുമേട് ദുരന്തത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് തയാർ. ഇത് തള്ളണമോ കൊള്ളണമോയെന്ന് കോടതി തീരുമാനിക്കും. ദുരന്തം ഉണ്ടായപ്പോൾ തന്നെ തിരിച്ചറിഞ്ഞ കാര്യങ്ങൾ മാത്രമാണ് അഞ്ച് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിലുമുള്ളത്.

ജ്യോതിദർശനത്തിന് ശേഷം ആയിരക്കണക്കിന് തീർത്ഥാടകർ ഇടുങ്ങിയ പാതയിലൂടെ കടന്നുവന്നപ്പോൾ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. പുല്ലുമേട്ടിൽ നിന്ന് ഉപ്പുപാറയ്ക്ക് വരുമ്പോൾ പത്ത് മീറ്റർ ഭാഗം മാത്രമാണ് നിരപ്പുള്ളത്. ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്തതു മൂലം തീർത്ഥാടകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം ഇല്ലാതെയായി. തീർത്ഥാടക പാതയിലേക്ക് ഇറക്കി കടകളുടെ തട്ടികൾ സ്ഥാപിച്ചതും തിരക്കേറാൻ കാരണമായി. സ്വകാര്യ വാഹനങ്ങൾ വള്ളക്കടവിൽ നിന്ന് കടത്തിവിടരുതെന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും വനംവകുപ്പ് കടത്തിവിട്ടു.

ഇവയ്ക്ക് പാർക്ക് ചെയ്യാൻ സ്ഥലംക്രമീകരിച്ചിരുന്നില്ല. ഇതോടെ വാഹനങ്ങൾ തീർത്ഥാടക പാതയിൽ പാർക്ക് ചെയ്തു. ജ്യോതി ദർശനത്തിന് ശേഷം തീർത്ഥാടകർ ഇരച്ചെത്തിയതോടെ വാഹനങ്ങൾക്കിടയിലൂടെ പോകാൻ കഴിയാതെയായി. ഇതാണ് തിക്കും തിരക്കുമുണ്ടാകാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഈ ഭാഗത്ത് വെളിച്ചമില്ലാതിരുന്നത് ദുരന്തത്തിന് ആക്കംകൂട്ടി. അപകട ദിവസം അവിടെ ജോലി നോക്കിയ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ സൂചനയുണ്ട്. സംഭവത്തെകുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹരിഹരൻനായർ കമ്മിഷനും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഈ റിപ്പോർട്ട് കോടതി സ്വീകരിച്ചാലും നിരസിച്ചാലും അതിന്റെ കാര്യത്തിൽ ഒരു തീരുമാനമാകണമെങ്കിൽ ഇനിയും വേണ്ടി വരും വർഷങ്ങൾ. അപ്പോഴേക്കും നമ്മൾ മറ്റൊരു ദുരന്തത്തിന് പിന്നാലെ പാഞ്ഞിരിക്കും. ദുരന്തങ്ങൾ അന്വേഷിക്കുന്ന കമ്മിഷനുകളും ഏജൻസികളും മറ്റൊരു ദുരന്തമാകുന്നത് ഇങ്ങനെയാണ്. 2011 ജനുവരി 14 നാണ് മകരജ്യോതി തൊഴുത് മടങ്ങിയ തീർത്ഥാടകർ പുല്ലുമേട്ടിൽ മരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണം ആരംഭിക്കും മുൻപ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എസ്‌പി സുരേന്ദ്രനായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. സുരേന്ദ്രൻ സ്ഥലം മാറി പോയതോടെ കോട്ടയം ഡിവൈ.എസ്‌പി ജോൺസൺ ജോസഫാണ് തുടർ അന്വേഷണം നടത്തിയത്.

കഴിഞ്ഞ തീർത്ഥാടനകാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന് തിരിച്ചയച്ചിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ആർക്കെന്ന് വ്യക്തമാക്കാത്തതിനാൽ ആവശ്യമായ തിരുത്തലുകൾ വരുത്താനായിരുന്നു റിപ്പോർട്ട് മടക്കി അയച്ചത്. പോരായ്മകൾ പരിഹരിച്ചാണ് വീണ്ടും എ.ഡി.ജി.പിക്ക് സമർപ്പിച്ചിരിക്കുന്നത്. എഡിജിപി ഇത് പരിശോധിച്ച് അംഗീകരിച്ചു വേണം അന്തിമ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കാൻ.