പെരുമ്പാവൂർ: സ്വകാര്യതയിൽ കൈകടത്തിയെന്നപേരിൽ നടപടി നേരിടേണ്ടി വന്നേക്കുമെന്നാശങ്ക.അനാശാസ്യത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് രണ്ട് സ്റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാർപ്പിച്ച അന്യസംസ്ഥാനക്കാരായ യുവതി-യുവാക്കൾക്കെതിരെ കേസെടുക്കുന്നില്ലന്ന് പൊലീസ് വെളിപ്പെടുത്തൽ. ഇന്നലെ പെരുമ്പാവൂർ പുല്ലുവഴിയിലെ മൂന്നുനില കെട്ടിടത്തിലെ മുറികളിൽ നിന്നും കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘത്തിനെതിരെ കേസെടുത്തിട്ടില്ലന്നും ഇവരെ വിട്ടയച്ചതായും നിലവിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ ഇനി താമസിപ്പിക്കില്ലന്നും കുറുപ്പംപടി പൊലീസ് അറിയിച്ചു.

സ്വകാര്യത മൗലിക അവകാശമെന്ന സുപ്രീംകോടതിയുടെ വിധിയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. പ്രായപൂർത്തിയായവർ പൂർണ്ണ സമ്മതത്തോടെ നടത്തിയ ഇടപെടലിൽ കേസെടുത്താൽ പൊലീസ് പുലിവാല് പിടിക്കാൻ സാധ്യത ഏറെയാണ്. സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയിൽ എന്തെല്ലാം കടന്നുവരുമെന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ടാണ് ഈ കേസിൽ പൊലീസ് തടി തപ്പിയതെന്നാണ് സൂചന.

കസ്റ്റഡിയിൽ എടുത്തവരെല്ലാം പ്രായപൂർത്തിയായവരാണെന്നും മാറിയ സാഹചര്യത്തിൽ അനാശാസ്യം ആരോപിച്ച് കേസെടുത്താൽ പുലിവാലാവുമെന്നുള്ള നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഇവർക്കെതിരെ നിയമ നടപടികൾ ഒഴിവാക്കിയതെന്നുമാണ് സൂചന. ന്നലെ വൈകിട്ട് 5 മണിയോടെയാണ് റൂറൽ എസ് പി യുടെ സ്‌പെഷ്യൽ സ്‌ക്വാഡിൽ ഉൾപ്പെട്ട പൊലീസ് സംഘം പുല്ലികുഴിയിൽ മൂവാറ്റുപുഴ-പെരുമ്പാവൂർ പാതയോരത്തെ മൂന്നു
നില കെട്ടടത്തിൽ പരിശോധനയ്‌ക്കെത്തിയത്.

പൊലീസ് സംഘം മുകൾ നിലയിലെത്തി മുറികൾ പരിശോധിച്ചപ്പോഴാണ് ഒട്ടുമുക്കാലും നഗ്നരായ നിലയിൽ സ്ത്രീ-പുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. പേരുവിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവും ഭാര്യയുമാണെന്നൊക്കെ ഇവരിൽ ചിലർ വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് സംഘം ഇത് വകവച്ചില്ല. ഓരോരുത്തരെയും മാറ്റി നിർത്തി പങ്കാളികളുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ മുക്കിയും മുളിയുമൊക്കെയായിരുന്നു ഇവരുടെ മറുപിടി.തുടർന്ന് പൊലീസ് സംഘം ഇവരെ പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.പേരുവിരങ്ങൾ വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തി ഇവർക്കെതിരെ കേസ് ചാർജ്ജ് ചെയ്യുതിനുള്ള നീക്കത്തിലാണെന്നായിരുന്നു സംഭവം സംമ്പന്ധിച്ച് പൊലീസ് ഇന്നലെ മറുനാടന് നൽകിയ വിവരം.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പിടിയിലായവരെ കുറുപ്പംപടി സ്റ്റേഷനിലേക്ക് മാറ്റിയതായി വിവരം ലഭിച്ചുഇതേത്തുടർന്ന് കേസ് നടപടികളെക്കുറിച്ചറിയാൻ രാവിലെ സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ് ഐ യെ വിളിച്ചപ്പോഴാണ് ഇവർക്കെതിരെ കേസ് നടപടികളില്ലന്ന് വ്യക്തമാക്കിയത്. കെട്ടിടത്തിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയിടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയതെന്നും ഇനി മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്നും കുറുപ്പംപടി പൊലീസ് അറിയിച്ചു.

കെട്ടിടത്തിൽ പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോഴും തുടർന്നും കെട്ടിടത്തിന്റെ പരിസരത്ത് നാടകീയ രംഗങ്ങളും അരങ്ങേറി. റെയ്ഡ് ചിത്രീകരിക്കാനെത്തിയ ചാനൽ പ്രവർത്തകനെ കെട്ടിടത്തിൽ തൽസമയമുണ്ടായിരുന്ന തോമസെന്നയാൾ കടന്ന് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.പൊലീസ് ഇടപെട്ടാണ് ചാനൽ പ്രവർത്തകനെ ഇയാളിൽ നിന്നും മോചിപ്പിച്ചത്. പിന്നീട് സീന്മഹസർ തയ്യാറാക്കുന്നതിനായി രാത്രി സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ഇയാൾ അസഭ്യംകൊണ്ടഭിഷേകം നടത്തി.വികലാംഗനായിരുന്നതിനാൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് സംഘം നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാവുകയായിരുന്നു.

ഇതിനിടയിൽ ഇയാൾ മുച്ചക്രവാഹനം സ്റ്റാർട്ടാക്കി ഭാര്യയെയും കയറ്റി സ്ഥലം വിടുന്നതിന് ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.പിന്നീട് നാട്ടുകാർക്കിടയിലേക്ക് നീങ്ങവേ വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു. വീണിടത്തുകിടന്നുകൊണ്ട് വീണ്ടും പൊലീസിനെയും നാട്ടുകാരെയും അസഭ്യം പറഞ്ഞ ഇയാളെ പൊലീസ് പിന്നീട് സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തെന്നാണ് ലഭ്യമായ വിവരം.