തിരുവനന്തപുരം: കേരളത്തിൽ ഭരണകൂടത്തിനെതിരേയുള്ള ആദ്യത്തെ നക്സലൈറ്റ് ആക്രമണം.വൻ പരാജയമായിരുന്നുവെങ്കിലും തലശേരി പൊലീസ് സ്റ്റേഷൻ ആക്രമണം ചരിത്രത്താളുകളിൽ ഇടംപിടിക്കുമ്പോൾ നക്സൽ ബാരി വസന്തത്തിന്റെ ഇടിമുഴക്കമായാണ് അത് വിപ്ലവകാരികളുടെ മനസിൽ തങ്ങിനിൽക്കുക. പുലർച്ചെ തലശ്ശേരി സ്റ്റേഷൻ ആക്രമിച്ച്, ആയുധങ്ങൾ ശേഖരിച്ചു ചുരം കടന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എംഎസ്‌പി ക്യാംപ് ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നെങ്കിലും വിജയം കാണാത്ത ഒരു ആക്രമണമായി മാറുകയായിരുന്നു ഇത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും ചെറുത്തു നിൽപ്പും നക്സലൈറ്റുകളുടെ ആക്രമണത്തെ തോൽപ്പിക്കാൻ പ്രാപ്തമായിരുന്നു. ചരിത്രത്തിൽ ഇടംപിടിച്ച ആക്രമണങ്ങളായിരുന്നു ഇവയെങ്കിലും നക്സലൈറ്റുകൾക്ക് ഭരണകൂടത്തിന്മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ പോയതും ഈ പരാജയങ്ങളുടെ ഭാഗമായിട്ടായിരുന്നു.

ബംഗാളിലെ നക്സൽ ബാരിയെന്ന ഗ്രാമത്തിൽ ഉടലെടുത്ത നക്സൽബാരി കലാപത്തിന്റെ അലയൊലികൾ പിന്നീട് കണ്ണൂർ ജില്ലയിലേക്കും വ്യാപിക്കുകയായിരുന്നു. തലശേരി, പാപ്പിനിശേരി, കതിരൂർ, മാടായി, കരിങ്കൽകുഴി, പുന്നോൽ, വേങ്ങാട്, തില്ലങ്കേരി തുടങ്ങിയ സ്ഥലങ്ങളിൽ നിർണായക സ്വാധീനം ഉണ്ടായിരുന്ന സിപിഎം കേന്ദ്രങ്ങളിലെ ചെറുപ്പക്കാരാണ് നക്സൽബാരി കലാപത്തിൽ ആകൃഷ്ടരായത്. പുതുതലമുറയിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ സ്വാധീനിച്ചത് തലശേരി ബ്രണ്ണൻ കോളേജിലായിരുന്നു. അന്നത്തെ വിദ്യാർത്ഥികളായിരുന്ന ചൂരായി ചന്ദ്രൻ, ഇ ബാലകൃഷ്ണൻ, കോറോത്ത് ദാസൻ, കുഞ്ഞിരാമൻ എന്നിവരാണ് ആദ്യം നക്സൽ പ്രസ്ഥാനവുമായി സഹകരിക്കാൻ തുടങ്ങിയവർ.

ബൂർഷ്വാ മുതലാളിത്തവ്യവസ്ഥക്കെതിരേ ശക്തമായ പ്രക്ഷോഭമാണ് തലശേരി പുൽപ്പള്ളി സ്റ്റേഷൻ ആക്രമങ്ങൾക്കു പിന്നിലെ ചേതോവികാരം. മാവോ തത്വങ്ങളും ഇടത്തരം കൃഷിക്കാരുടേയും ആദിവാസികളുടേയും ഇടയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൊടുംവനങ്ങൾ ചുറ്റുമുണ്ടായിരുന്നതു കൊണ്ട് ഒളിക്കാനുള്ള സങ്കേതങ്ങളും സുലഭവമായി വനത്തിലുണ്ടായിരുന്നതിനാലാണ് നക്സലുകൾ തലശേരിക്കു പുറമേ ആക്രമണത്തിന് വയനാട് കൂടി തെരഞ്ഞെടുത്തത്. വർഗീസിന്റെ നേതൃത്വത്തിൽ നക്സൽ പ്രസ്ഥാനം ശക്തിപ്രാപിച്ചു കൊണ്ടിരുന്ന സമയത്താണ് തലശേരിയിലും പുൽപ്പള്ളിയിലും പൊലീസ് ആക്രമണം പ്ലാൻ ചെയ്തത്. വയനാട്ടിൽ വർഗീസിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം മുന്നോട്ടു പോയപ്പോൾ തലശേരിയിൽ കെ പി നാരായണൻ, വി കെ ബാലൻ, പുന്നോൽ ബാലകൃഷ്ണൻ, കാന്തലോട്ട് കരുണൻ എന്നിവരായിരുന്നു സ്റ്റേഷൻ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവർ.

ആദ്യ നക്സലൈറ്റ് ആക്ഷൻ തലശേരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു കൊണ്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. 1968 നവംബർ 22-നു പുലർച്ചെ മൂന്നുമണിയോടെ കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ മുന്നൂറോളം നക്സൽ ഗറില്ലകൾ ആയുധവുമേന്തി നടത്തിയ പൊലീസ് സ്റ്റേഷൻ ആക്രമണം വിജയം കണ്ടില്ല. പൊലീസിന്റെ പക്കൽ നിന്നും ആയുധങ്ങൾ തട്ടിയെടുക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശം. അതു നടന്നില്ല. നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിന് അതേ നാണയത്തിൽ പൊലീസ് തിരിച്ചടിച്ചതോടെ അക്രമികൾക്ക് തിരിഞ്ഞോടേണ്ടി വന്നു. പൊലീസ് നടത്തിയ വെടിവയ്പിൽ ആക്രമണത്തിന് മുമ്പന്തിയിലുണ്ടായിരുന്ന വേലയുധൻ വെടിയേറ്റു മരിച്ചു. അതേടെ ആക്രമണം ഉപേക്ഷിച്ച് പിന്തിരിഞ്ഞോടുകയായിരുന്നു നക്സലൈറ്റുകൾ. അതോടെ നേതാക്കന്മാരും പിൻവലിഞ്ഞു. പൊലീസിന#

പൊലീസ് വെടിവയ്പിൽ ആദ്യമായി കൊല്ലപ്പെടുന്ന നക്സലൈറ്റാണ് കോയിപ്പിള്ളി വേലായുധൻ എന്നാണ് ചരിത്രം. പൊലീസ് വെടിവച്ചു കൊന്ന നക്സൽ വർഗീസിനും മുമ്പേ രക്ഷസാക്ഷിയാകേണ്ടി വന്നയാളാണ് വേലായുധൻ എന്ന് പറയപ്പെടുന്നു. തലശേരി പൊലീസ് ആക്രമണത്തിനൊപ്പം തന്നെ പുൽപ്പള്ളി സ്റ്റേഷനും ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പുൽപ്പള്ളി ആക്ഷൻ പ്ലാൻ തയാറാക്കാൻ വർഗീസിനൊപ്പം തേറ്റമല കൃഷ്ണൻകുട്ടി, അജിത, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവരുണ്ടായിരുന്നു. തലശേരിയിലെ ആക്രമണത്തിന് കുന്നിക്കൽ നാരായണൻ പോയപ്പോൾ ഭാര്യ മന്ദാകിനിയും മകൾ അജിതയും പുൽപ്പള്ളി ആക്രമണത്തിന് പ്രവർത്തകരെ സജ്ജമാക്കാൻ പുറപ്പെട്ടു.

തലശേരി ആക്രമണത്തിന് രണ്ടു ദിവസത്തിനു ശേഷം മദ്രാസ് പൊലീസ് ക്യാമ്പായ പുൽപ്പള്ളി സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. പുൽപ്പള്ളി ദേവസ്വം ബോർഡ് 7000 കുടുംബങ്ങളെ കുടിയിറക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ അക്രമം. അന്നത്തെ സായുധ ആക്രമത്തിൽ സ്ഥലത്തെ ഒരു സബ് ഇൻസ്പെക്ടറും രണ്ടു പൊലീസുകാരും ഒരു വയർലസ് ഓപ്പറേറ്ററും മരിച്ചു. പിന്നീട് ആ ഗ്രൂപ്പ് രണ്ടു ഭൂഉടമകളെ ആക്രമിച്ചു വധിക്കുകയും അവരുടെ സ്റ്റോക്കിലുണ്ടായിരുന്ന നെല്ലും ഗോതമ്പും പാവങ്ങൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. അതിനുശേഷം അക്രമികൾ വയനാട്ടിലെ കൊടുംവനത്തിൽ പോയി ഒളിച്ചു. എന്നാൽ പൊലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിൽ അവരെയെല്ലാം പിടികൂടി. വർഗീസ് ഒരു പൊലീസുകാരന്റെ വെടിയേറ്റ് മരിച്ചു. കിസാൻ തൊമ്മൻ ഒരു ബോംമ്പു പൊട്ടലിൽ മരിക്കുകയും ചെയ്തു.

തലശേരി ആക്രമണം പരാജയപ്പെട്ടതും കിസാൻ തൊമ്മന്റെ മരണവും മരം കോച്ചുന്ന തണുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതുമെല്ലാം പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഘത്തിന്റെ വീര്യം കെടുത്തുന്നതായിരുന്നു. പതുക്കെ പതുക്കെ സംഘത്തിന്റെ അംഗബലം കുറയാൻ തുടങ്ങി. നിരാശരായവരെ പിരിഞ്ഞുപോകാൻ വർഗീസ് അനുവദിക്കുകയും ചെയ്തു. പിന്നീട് പല ഒളിത്താവളങ്ങളിൽ വർഗീസ് താമസിച്ചുവെങ്കിലും അവസാനം പൊലീസ് പിടികൂടി കൊല്ലുകയായിരുന്നു.

തലശ്ശേരിപുൽപ്പള്ളി ആക്രമണ കേസുകളിൽ പ്രതിചേർക്കപ്പെട്ട മന്ദാകിനി നാരായണന് 1969 ജനുവരിയിലും അജിതയ്ക്ക് ഏപ്രിൽ 16നും ജാമ്യം ലഭിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അജിതയ്ക്കു ജാമ്യം ലഭിച്ചത്. കുന്നിക്കൽ നാരായണൻ, കെ.പി. നാരായണൻ തുടങ്ങിയ നേതാക്കളെല്ലാം അപ്പോഴും ജയിലിൽ തന്നെയായിരുന്നു.

എന്നാൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ പലയിടങ്ങളിലായി ചിതറിപ്പോയതിനാൽ പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കാൻ ആക്രമണങ്ങൾക്ക് മുൻനിരയിൽ തന്നെയുണ്ടായിരുന്ന ബാലുശേരി അപ്പു തീരുമാനിക്കുകയായിരുന്നു. അപ്പുവിന്റെ നേതൃത്വത്തിൽ ഒരു രഹസ്യയോഗം വിളിച്ച്ു ചേർത്തു. ജാമ്യം നേടിയ അജിതയ്ക്കും മന്ദാകിനിക്കുമൊപ്പം വർഗീസ്, എ വാസു, വെളത്തൂവൽ സ്റ്റീഫൻ, സേതുരത്നം, രാവുണ്ണി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. വർഗീസ് ഒളിത്താവളത്തിൽ നിന്നാണ് യോഗത്തിന് എത്തിയത്. എന്നാൽ ഈ യോഗത്തിൽ തീരുമാനം ഉണ്ടാകാതെ തല്ലിപ്പിരിയുകയായിരുന്നു.

തലശേരി പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ അതിഭീകരമായ പൊലീസ് മർദനത്തെ തുടർന്ന് ജീവിക്കുന്ന രക്തസാക്ഷികളായി ഇപ്പോഴുമുണ്ട്. ചിലരാകട്ടെ സജീവരാഷ്ട്രീയത്തോട് വിടപറയുകയും ചെയ്തു. ചിലരിൽ ഇന്നും നക്സൽ ബാരി കലാപം ഇടിമുഴക്കമായി മനസിൽ അവശേഷിക്കുന്നുണ്ട്. വിജയം കാണാതെ പോയ നക്സലൈറ്റ് ആക്രമണങ്ങളായിരുന്നുവെങ്കിലും അത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി വച്ചത്. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായിരുന്ന വർഗീസിനെ കൊന്ന് പ്രസ്ഥാനത്തിന് തടയിടാൻ പൊലീസ് ശ്രമിച്ചുവെങ്കിലും അജിതയും ഗ്രോവ് വാസുവും ഫിലിപ് എം പ്രസാദുമെല്ലാം വീണ്ടും വർഷങ്ങളോളം പ്രസ്ഥാനത്തിനായി നിലകൊണ്ടു. മാവോയുടെ തത്വസംഹിതകളിൽ ആകർഷിതരായി കേരളത്തിൽ വിപ്ലവത്തിന് തുടക്കമിട്ടവരിൽ പലരും ഇന്ന് പുരോഗമനവാദികളായി മാറിക്കഴിഞ്ഞുവെന്നത് കാലത്തിന്റെ മറ്റൊരു വികൃതി മാത്രം.