കൊച്ചി: ആർക്കും വഴങ്ങാത്ത നിയമം നന്നായി അറിയാവുന്ന അഭിഭാഷകനാണ് അഡ്വ അജകുമാർ. നടിയെ ആക്രമിച്ച കേസ് നന്നായി പഠിച്ച അഭിഭാഷകൻ. ചാനൽ ചർച്ചകളിൽ പൾസർ സുനിയുടേയും ദിലീപിന്റെയും വാദങ്ങളെ പൊളിച്ചടുക്കിയ അഡ്വക്കേറ്റ്. എങ്ങനേയും നീതി ഉറപ്പിക്കാനാണ് നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ അജകുമാറിനെ അതിജീവിത എത്തിച്ചത്. ഇതോടെ പ്രതിഭാഗം ക്യാമ്പിൽ അങ്കലാക്കി. പിന്നെ നാടകീയ ട്വിസ്റ്റും. അങ്ങനെ പൾസർ സുനി മാനസിക രോഗ കേന്ദ്രത്തിലുമായി.

നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലിൽ കഴിയുന്ന പൾസർ സുനിയെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതോടെ കേസ് തന്നെ അട്ടിമറിക്കപ്പെടും. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കിടത്തി ചികിൽസ വേണ്ട മാനസിക രോഗം പൾസർ സുനിക്കുണ്ടെന്നതിന് തെളിവായി കിടത്തി ചികിൽസ വ്യാഖ്യാനിക്കപ്പെടും. അതായത് ഗുരുതരമായ മാനസിക രോഗം. സ്‌കൂൾ കുട്ടികൾക്ക് മുമ്പിൽ ലിംഗ പ്രദർശനം നടത്തി സെൽഫി എടുത്ത ശ്രീജിത്ത് രവിക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ഈ കേസിനേയും ഇനി സ്വാധീനിക്കും.

നടിയെ ആക്രമിച്ച പൾസർ സുനി നിരവധി നടിമാരെ സമാന രീതിയിൽ പീഡിപ്പിച്ചത് അറിയാമെന്ന് ഡിജിപിയായി വിരമിച്ച ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. അത്തരത്തിലൊരു ക്രിമിനലിനെയാണ് മാനസിക രോഗിയാക്കുന്നത്. ഇതോടെ നടികളെ പീഡിപ്പിക്കുന്നതും ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തുന്നതുമെല്ലാം മാനസിക വൈകല്യത്തിന്റെ ഭാഗമായും ചിത്രീകരിക്കാം. ഇതിലുപരി മാനസിക രോഗിയുടെ മൊഴിക്ക് നിയമത്തിൽ പ്രസക്തിയും കുറയും. ഫലത്തിൽ ദിലീപിനെ കേസിലെത്തിച്ചത് പൾസർ സുനിയുടെ വെളിപ്പെടുത്തൽ മാത്രമാണ്. ഈ വെളിപ്പെടുത്തലിന്റെ നിയമ സാധുതയെ ഇനി രാമൻപിള്ള വക്കീലിന് വിചാരണ കോടതിയിൽ ചോദ്യം ചെയ്യാം. ഫലത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ആശുപത്രിവാസം ശിക്ഷയായി കിട്ടും. ബാക്കി എല്ലാവരും രക്ഷപ്പെടും.

അഡ്വക്കേറ്റ് അജകുമാർ കേസിന്റെ ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ നീക്കങ്ങളെല്ലാം. നടിയെ ആക്രമിച്ച കേസിൽ നിയമവശങ്ങളുമായി പ്രതിഭാഗത്തെ ചർച്ചകളിൽ വെട്ടിലാക്കിയ അജകുമാർ ഈ കേസിൽ വെല്ലുവിളിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ഇതിന് ചെറിയൊരു സഹായം എവിടെ നിന്നോ കിട്ടി. അങ്ങനെയാണ് പൾസർ സുനി വിചാരണയുടെ അവസാന ഘട്ടത്തിൽ മാനസിക രോഗിയാക്കുന്നത്. ഞ്ചുവർഷമായി ജയിലിൽ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ്‌ േകാടതിയെ സമീപിച്ചത്. ഈ ഹർജി ജൂലായ് 13-ന് തള്ളി.

ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്. ഇനി ഹൈക്കോടതിക്കും ജാമ്യം നൽകേണ്ടി വരും. പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആൾ ആണെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കാനാവില്ലെന്നുമാണു സുപ്രീംകോടതിയിൽ ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ജയിലിൽ കഴിയുന്ന കേസിലെ ഏക പ്രതിയാണു താനെന്നും കേസിന്റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണു സുനി ജാമ്യാപേക്ഷ നൽകിയത്.

ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്ന് ജയിൽ അധികൃതർ പറയുന്നു. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ വിചാരണ അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്. കേസിലെ വിചാരണ പൂർത്തീകരിക്കാൻ വൈകുന്നത് പരിഗണിച്ച് കേസിലെ രണ്ടാംപ്രതിയായ മാർട്ടിന് സുപ്രീംകോടതി ജാമ്യം നൽകി.

ഇതേകാരണം ഉയർത്തിയാണ് പൾസർ സുനിയും കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണു പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.