കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ പൊലീസിന് കിട്ടി. തട്ടിക്കൊണ്ട് പോകലിനിടയിൽ അതിക്രൂരമായ പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചത്. ഇത് സെൽഫിക്ക് സമാനമായ ദൃശ്യങ്ങളാണ്. അതുകൊണ്ട് പൾസർ സുനിക്ക് കേസിൽ നിന്ന് ഇനി തടിയൂരാൻ കഴിയില്ല.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസ് വീണ്ടെടുത്തതാണ് ഇതിന് കാരണം. പൾസർ സുനിയുടെ അഭിഭാഷകനിൽ നിന്ന് ലഭിച്ച മെമ്മറി കാർഡിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഈ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. അഭിഭാഷകനിൽ നിന്ന് ലഭിച്ച കാർഡ് നേരത്തെ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് ശാസ്ത്രീയപരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ വീണ്ടെടുത്തത്.

നടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ തുടർ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊലീസിന്റെ അപേക്ഷ മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠൻ എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെതുടർന്ന് തുടർകസ്റ്റഡിയിൽ വിട്ടുകിട്ടാൻ അങ്കമാലി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ച അപേക്ഷയാണ് മറുനാടന് ലഭിച്ചത്. കഴിഞ്ഞ മാസം 17 ന് നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന്റെ ചുരുക്കരൂപം ഈ അപേക്ഷയിൽ ഉണ്ട്. പൾസർ സുനിമാത്രമാണ് നടിയെ ലൈംഗികമായി ഉപയോഗിച്ചതെന്നാണ് നാല് പേജുള്ള അപേക്ഷയിൽ പറയുന്നത്. അതിക്രൂരമായ പീഡന വിവരങ്ങളാണ് പൊലീസ് ഇതിൽ പങ്കുവയ്ക്കുന്നത്. ദൃശ്യങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത് ഇതു തന്നെയാണ്.

നടിക്കൊപ്പം പൾസർ സുനി കാറിൽ നിന്ന് പകർത്തിയ സെൽഫി ദൃശ്യങ്ങളാണ് കാർഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ. സുനി ഒളിവിൽ പോകുന്നതിന് മുൻപാണ് ഈ മെമ്മറി കാർഡ് അഭിഭാഷകന്റെ കൈവശം നൽകിയത്. അഭിഭാഷകനിൽ നിന്നു ലഭിച്ച ഈ കാർഡിൽ ദൃശ്യങ്ങളുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങൾ സുനി പകർത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നൽകിയിരുന്നു. മെമ്മറി കാർഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ കായലിൽ എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നാവികസേനയുടെ സഹായത്തോടെ കായലിൽ മുങ്ങിത്തപ്പിയിട്ടും ഫോൺ ലഭിച്ചിരുന്നില്ല. ഇതോടെ കേസിന്റെ മുന്നോട്ട് പോക്ക് തന്നെ സംശയത്തിലായി.

നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. ദൃശ്യങ്ങൾ പകർത്തിയെന്നും പരാതി കിട്ടി. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങൾ വളരെ നിർണ്ണായകമായിരുന്നു. ഈ തെളിവ് കണ്ടെടുത്തില്ലായിരുന്നുവെങ്കിൽ നടിയെ പീഡിപ്പിച്ചില്ലെന്ന് കോടതിയിൽ വാദിക്കാൻ കഴിയുമായിരുന്നു. വെറുമൊരു തട്ടിക്കൊണ്ട് പോകലായി കേസ് മാറുമായിരുന്നു. സിനിമയിലെ ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ പൊലീസുമായി ചിലർ നടത്തിയ കള്ളക്കളിയായി അന്വേഷണം ചിത്രീകരിക്കപ്പെടുകയും ചെയ്തു. അതിനിടെയാണ് ദൃശ്യങ്ങൾ കിട്ടുന്നത്. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ ഈ ദൃശ്യങ്ങൾ മതിയാവില്ല.

അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയിലെ ചോദ്യം ചെയ്യലിൽ പൾസർ സുനി സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗൂഢാലോചനക്കാരെല്ലാം രക്ഷപ്പെടും. പൾസർ സുനിയെ ഒന്നാം പ്രതിയാക്കി ഉടൻ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ പദ്ധതി. ഇതിന് സഹായകമാകുന്നതാണ് ദൃശ്യങ്ങളുടെ കണ്ടെടുക്കൽ. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് ഇന്നലെ അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്നു സുനി കോടതിയിൽ അറിയിച്ചു.

മാനസികമായും ശാരീരികമായും താൻ ആരോഗ്യവാനല്ലെന്നാണ് സുനി അറിയിച്ചത്. പ്രതി തയ്യാറല്ലാത്തതിനാൽ നുണപരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നു കോടതി അറിയിച്ചു.ഇത് വ്യക്തമായ ഗൂഢാലോചനയുടെ തെളിവായി പലരും ചൂണ്ടികാണിക്കുന്നു. കള്ളത്തരം പൊളിയാതിരിക്കാൻ വേണ്ടിയാണിതെന്നാണ് നിഗമനം. അതിനിടെയാണ് ദൃശ്യങ്ങൾ കിട്ടുന്നത്. ഈ സാഹചര്യത്തിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് പൊലീസ് വീണ്ടും തുടങ്ങിയിട്ടുണ്ട്.