കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി തന്നെ. പൾസർ സുനി അഭിഭാഷകന് പ്രതികൾ കൈമാറിയ മൊബൈൽ ഫോണിന്റെയും മെമ്മറി കാർഡിന്റെയും ശാസ്ത്രീയ പരിശോധന ഫലംകൂടി ലഭിക്കുന്നതോടെ തെളിവുകൾ പൂർത്തിയാകും. ഇതിൽ പീഡന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സൂചന. പരിശോധനാഫലം ഔദ്യോഗികമായി കിട്ടിയാൽ ഉടൻ കുറ്റപത്രം തയ്യാറാക്കാൻ തുടങ്ങും.

ഫോറൻസിക് സയൻസ് ലാബിൽ നിന്നുള്ള ഫലം കോടതിയിലെത്തിയിട്ടില്ല. ഇന്നോ നാളെയോ ഫോറൻസിക് ഫലം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി സംഭവ ദിവസത്തെ ഓരോ നീക്കങ്ങളും ചോദിച്ച് ഉറപ്പുവരുത്തി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ മെമ്മറി കാർഡിൽനിന്നു വീണ്ടെടുത്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ പിടിയിലായ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

സിനിമയിലെ പ്രശ്‌നങ്ങളാണ് നടിയെ ആക്രമിക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. എന്നാൽ ആരുടേയും പേരിൽ നടി ആരോപണം ഉന്നയിച്ചിട്ടില്ല. ക്വട്ടേഷനും ഗൂഢാലോചനയുമെല്ലാം പ്രതി പറഞ്ഞ് അറിഞ്ഞ ആരോപണങ്ങൾ മാത്രമാണ്. ഇതെല്ലാം നടിയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുനി പറയുന്നു. തൽകാലം അത് വിശ്വസിക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. അതിനപ്പുറത്തേക്ക് അന്വേഷണം ഒന്നും ഉണ്ടാകില്ല.

അതിനിടെ പ്രതികൾക്ക് കോടതിയിൽ ഹാജരാകാൻ പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ടി വരും. സുനി കൈമാറിയ ഫോണും മെമ്മറി കാർഡും അടക്കമുള്ളവ കോടതിയിൽ ഏൽപ്പിച്ച പ്രതികളുടെ അഭിഭാഷകൻ കേസിൽനിന്നു പിന്മാറി. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ്, ഫോൺ, പാസ്പോർട്ട് എന്നിവയാണ് പൾസർ സുനി അഭിഭാഷകനായ ഇ.സി. പൗലോസിനെ ഏൽപ്പിച്ചത്. എന്നാൽ ഇവ കോടതിയിൽ ഹാജരാക്കിയതോടെ അഭിഭാഷകൻ കേസിൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടു.

പൊലീസ് മഹസറിൽ അഭിഭാഷകനും ഭാര്യയും ഒപ്പിട്ടതോടെയാണു കേസിൽനിന്നു പിന്മാറേണ്ടി വന്നത്. പൾസർ സുനിയടക്കം നാലുപേരുടെ വക്കാലത്ത് അഭിഭാഷകൻ തിരിച്ചുനൽകി. കേസിലെ സാക്ഷിക്കു പ്രതികൾക്കുവേണ്ടി ഹാജരാകാനാവാത്തതിനാലാണ് പിന്മാറ്റമെന്ന് ഇ.സി. പൗലോസ് പറഞ്ഞു. തെളിവ് നിയമത്തിലെ വകപ്പ് 126 അനുസരിച്ച് പ്രതി നൽകിയ തെളിവുകൾ പുറത്തു പറയാതിരിക്കാൻ അഭിഭാഷകന് അവകാശമുണ്ട്. വക്കാലത്ത് ഒപ്പിട്ടുപോയ ശേഷം പ്രതികൾ വിളിക്കുകയോ കാണുകയോ ചെയ്യാതിരുന്നതിനാലാണു തെളിവുകൾ കോടതിയിൽ ഹാജരാക്കിയതെന്നാണ് അഭിഭാഷകൻ പറയുന്നത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംസാരവും കേസിന്റെ ആവശ്യങ്ങൾക്കായി നൽകുന്ന നിർദ്ദേശങ്ങളും കേസ് തീർന്നാലും പുറത്തുപറയരുതെന്നാണ് തെളിവ് നിയമത്തിലെ വകുപ്പ് 126 ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാര്യങ്ങൾ കക്ഷിയുടെ അനുമതിയില്ലാതെപുറത്തുപറയുന്നതു തൊഴിൽപരമായ കുറ്റവുമാണ്. പ്രതികളായ പൾസർ സുനി, മണികണ്ഠൻ, വിജീഷ് എന്നിവർ സംഭവദിവസം രാത്രിയാണ് വീട്ടിലെത്തി വക്കാലത്ത് ഒപ്പിട്ടു നൽകിയത്.

സുനി നേരത്തെ ചില കേസുകളിൽ ഇതേ അഭിഭാഷകരുടെ കക്ഷിയാണ്. വക്കാലത്ത് ഒപ്പിടാൻ കാറിൽ എത്തിയ മൂവരും തിരിച്ചറിയൽ കാർഡുകളും വെളുത്ത മൊബൈൽ ഫോണും വിജീഷിന്റെ പാസ്പോർട്ടും ഏൽപ്പിച്ചു.