കൊച്ചി: ജയിലിൽ നിന്ന് പൾസർ സുനി നാദിർഷയെ വിളിച്ചത് മൂന്ന് തവണയെന്ന് ജിൻസന്റെ മൊഴി. എട്ടുമിനിറ്റ് വരെ നീണ്ട ഫോൺകോളും ഇതിലുണ്ടെന്ന് ജിൻസൺ പറഞ്ഞു. സുനിയുടെ സഹതടവുകാരൻ ജിൻസണാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. രണ്ട് ദിവസം മുമ്പാണ് മൊഴി നൽകിയത്. ഇത് പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ്. ജിൻസണിന്റെ ഈ വെളിപ്പെടുത്തലാണ് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നത്. ഇതേ തുടർന്നാണ് അന്വേഷണം ദിലീപിലേക്കും നാദിർഷായിലേക്കും എത്തിയത്. കാവ്യാമാധവന്റെ ലക്ഷ്യ പ്രതിരോധത്തിലായതും ജിൻസണിന്റെ മൊഴിയിലൂടെയാണ്. ദിലീപും നാദിർഷായും ഏത് നിമിഷവും അറസ്റ്റിലാകുമെന്നാണ് സൂചന.

മൂന്ന് ദിവസം തുടർച്ചയായി നാദിർഷയെയും അപ്പുണ്ണിയേയും വിളിച്ചു. 'ലക്ഷ്യ'യിൽ സുനി എന്തോ കൊടുത്തുവെന്ന് ഫോണിൽ പറയുന്നത് കേട്ടുവെന്നും ജിൻസൺ പറഞ്ഞു. ദിലീപിനും നാദിർഷക്കും തന്നെ തള്ളിപ്പറയാൻ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയിൽ പറയുന്നു. ിലീപ്, നാദിർഷ എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷ, അപ്പുണ്ണി എന്നിവർക്ക് പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ജിൻസന്റെ മൊഴിയിലുണ്ട്. ഈ മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് ഉറപ്പിച്ചു. പെരുമ്പാവൂർ സിഐയായിരുന്നു ഇത് നടത്തിയത്. അതിന് ശേഷമാണ് ജിൻസണിന്റെ മൊഴി എടുത്തത്.

കേസിൽ മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജർ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പൾസർ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോൺ നമ്പരുകൾ പരിശോധിച്ചതിൽ നിന്നായിരുന്നു ഈ കണ്ടെത്തൽ. പൾസർ സുനി വിളിച്ചതിന് പിന്നാലെ ഇവയിൽ പല നമ്പരുകളിൽ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകൾ വന്നിട്ടുണ്ടെന്നാണ് വിവരം.

പൊലീസ് കണ്ടെത്തിയ നാലു നമ്പരുകൾ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നൽകിയിരിക്കുന്നത്. അതിനാൽ ഈ നമ്പരുകൾ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാൽ ദിലീപിനെ നേരിട്ട് വിളിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനിടെ പൾസറുമായി തന്റെ ഫോണിൽ നിന്നും ദിലീപ് സംസാരിച്ചതായും പൊലീസിനോട് അപ്പുണ്ണി സംസാരിച്ചതായും സൂചനയുണ്ട്.

പൾസറിനേയും ദിലീപിനേയും ബന്ധപ്പെടുത്തുന്ന എല്ലാ തെളിവും കിട്ടിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. ജിൻസണിന്റെ മൊഴി അതുകൊണ്ടാണ് നിർണ്ണായകമാകുന്നത്.