കൊച്ചി: ജയിലിലെ ഫോൺവിളി സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആരെയൊക്കെ വിളിച്ചു എന്നതു സംബന്ധിച്ച് വിശദവിവരങ്ങൾ പ്രതിയിൽ നിന്നും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനു ശേഷം ഫോണും സിമ്മും ലഭിച്ചത് സംബന്ധിച്ച് തെളിവെടുപ്പും വേണം. ഇതിനായി പ്രതിയെ കോയമ്പത്തൂരിൽ എത്തിച്ച് അന്വേഷണം നടത്തണം. നാലോ അഞ്ചോ മണിക്കൂർകൊണ്ട് അവിടെയെത്താം.

മർദ്ദിച്ചതായുള്ള ആരോപണത്തിനു കാരണം ചോദ്യംചെയ്യൽ നീണ്ടുപോകുന്നതിൽ പ്രതിക്ക് പൊലീസിനോടുള്ള ശത്രുത. പരിക്കുകളില്ലെന്നുള്ള മെഡിക്കൽ റിപ്പോർട്ട് കൈവശമുണ്ട്.... നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ പൊലീസ് കസ്റ്റഡി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഇൻഫോപാർക്ക് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ സംഗ്രഹം ഏതാണ്ടിങ്ങനെ. കാക്കനാട് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് കോടതിയിൽ റിപ്പോർട്ട്് സമർപ്പിക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

സുനിൽകുമാറിന് വേണ്ടി അഡ്വ. ആളൂരിന്റെ സഹപ്രവർത്തകൻ അഡ്വ. ടോജിയാണ് ഇന്ന് കോടതിയിൽ എത്തുക. കോയമ്പത്തൂരിലെത്തിച്ച്് തെളിവെടുക്കാനുണ്ടെന്ന് റിപ്പോർട്ട് നൽകി കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ രണ്ടുദിവസമായി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇവിടെ പൊലീസ് മർദ്ദിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ വിദഗ്ധമെഡിക്കൽ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കണമെന്നുമാണ് പ്രതിഭാഗം കോടതിക്ക് മുന്നിൽ സമർപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള വാദഗതി.

സർക്കാർ ഡോക്ടറുടെ പരിശോധനാഫലം പൊലീസിന് അനുകൂലമായിരിക്കുമെന്ന വാദമുയർത്തിയായിരിക്കും ഈ കേസിൽ പുറമേനിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെടുക. കഴിഞ്ഞ ദിവസം തന്നെ പൊലീസ് മർദ്ദിച്ചതായി സൂചിപ്പിച്ച് സുനിൽകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രതികരണങ്ങളും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അറിയുന്നു. ഈ ഘട്ടത്തിൽ സുനിൽകുമാറിൽ നിന്നും കോടതി നേരിട്ട് മൊഴിയെടുക്കുന്നതിനുള്ള സാധ്യതയും പ്രതിഭാഗം തള്ളിക്കളയുന്നില്ല.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നും താൻ അനുഭവിക്കുന്നതുകൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി എടുക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്വട്ടേഷൻ ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അത് വെളിപ്പെടുത്തിയതാണ് തനിക്ക് വിനയായതെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പൾസർ സുനി പറഞ്ഞു. ജയിലിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പൾസർ സുനി മാധ്യമങ്ങളോട് താൻ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് പ്രതികരിച്ചത്.

എന്നാൽ ആരാണ് ക്വട്ടേഷൻ നൽകിയത് എന്ന മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുനി മറുപടിയൊന്നും നൽകിയില്ല. നാദിർഷയെയും ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയെയും വിളിച്ചുവെന്ന് സുനി ചോദ്യം ചെയ്യലിൽ സമ്മതിക്കുന്നുണ്ടെങ്കിലും എങ്ങനെ ഫോൺ ജയിലിലെത്തിയെന്നും ആര് എത്തിച്ചുവെന്നും വ്യക്തമായ ഉത്തരം നൽകാൻ സുനി തയ്യാറായിട്ടില്ല. ഇതുവരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നതെങ്കിലും വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പൾസർ സുനിയെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.