കൊച്ചി: രണ്ടായിരത്തി പതിനൊന്നിൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയുടെ അനുയായികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ആറ് വർഷം മുമ്പ് നടന്ന ഈ സംഭവത്തിൽ പൾസർ സുനി ലക്ഷ്യമിട്ടത് മറ്റൊരു പ്രമുഖ യുവനടിയെ ആയിരുന്നു. എന്നാൽ, അന്ന് പദ്ധതി പാളിയപ്പോൾ മലയാളത്തിലെ പ്രമുഖ നിർമ്മാതാവിന്റെ ഭാര്യയായ മുതിർന്ന നടിയാണ് ഇവരുടെ വലയിൽ വീണത്. ഈ സംഭവത്തിൽ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ലക്ഷ്യമിട്ടത് ഒരു സംവിധായകന്റെ ഭാര്യയായ യുവനടിയെ ആയിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. അന്നത്തെ സംഭവത്തിൽ നിർമ്മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പരാതി ഗൗരവത്തിൽ എടുത്ത് അന്വേഷണം നടത്താതെ പോയത് സുനിക്കും കൂട്ടർക്കും ഗുണകരമായി മാറുകയായിരുന്നു.

ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പൾസർ സുനി മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജോണി സാഗരികയുടെ മൊഴിയെടുത്തിരുന്നു. നടിയെ ഷൂട്ടിങ് സ്ഥലത്തേക്ക് കൊണ്ടുവരുന്നതിനിടയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു നേരത്തേ നിർമ്മാതാവ് പരാതി നൽകിയിരുന്നത്. മണിക്കൂറുകളോളം നടിയെ നഗരത്തിൽ വട്ടംചുറ്റിച്ച ശേഷമായിരുന്നു ഹോട്ടലിൽ ഇറക്കി വിട്ടത്. പൾസർ സുനിയും തിരിച്ചറിയാത്ത നാലു പേരുമാണ് പ്രതികൾ. ഈ സംഘത്തിൽ പെട്ട രണ്ട് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

ജോണി സാഗരികയുടെ ഡ്രൈവറായിരിക്കമ്പോൾ അദ്ദേഹത്തിന്റ പുതിയ സിനിമയിൽ അഭിനയിക്കുന്നതിനായിട്ടാണ് യുവനടിയും നിർമ്മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്ക് വരുന്നത് സുനി അറിഞ്ഞത്. ഈ തക്കം ഉപയോഗിക്കാൻ സുനി പദ്ധതിയിടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും താരങ്ങളെ കൊണ്ടുവരുന്നത് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ നടീനടന്മാർക്ക് താമസിക്കാൻ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു നഗരത്തിലെ നക്ഷത്രഹോട്ടലിന്റെ ആൾ എന്ന നിലയിൽ ഒരാൾ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു.

സംഭവദിവസം ഡ്രൈവറും മറ്റൊരാളും വാഹനവുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും യുവനടി എത്തിയില്ല. എന്നാൽ നിർമ്മാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണ് വന്നത്. ഇവരെ വാഹനത്തിൽ കയറ്റിയ സംഘം സഹായിയെ കുമ്പളത്തെ ആശുപത്രിയിൽ ഇറക്കി വിട്ട ശേഷം നടിയുമായി മണിക്കൂറോളം നഗരത്തിൽ കറങ്ങി. സംശയം തോന്നിയ നടി ഭർത്താവിനെ വിളിക്കുകയും ഭർത്താവ് ജോണി സാഗരികയെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് ജോണി സാഗരിക സുനിൽകുമാറിനെയും കൂട്ടി ഹോട്ടലിൽ എത്തിയെങ്കിലും നടി കയറിയ വാഹനം എത്തിയില്ല. കാര്യങ്ങൾ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഘം നീക്കം ഉപേക്ഷിച്ച് നടിയെ ഹോട്ടലിൽ എത്തിച്ച ശേഷം മുങ്ങുകയായിരുന്നു. പിറ്റേന്ന് ജോണി സാഗരിക പരാതി നൽകാൻ എത്തിയപ്പോൾ സുനിൽകുമാറും മുങ്ങി. സംഭവത്തിൽ ഇന്നലെ ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് കൊല്ലത്തിന് ശേഷം പൊലീസ് കേസെടുത്തിരിക്കുന്നത്.