കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ? ഈ ചോദ്യം കേരള സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും ഉന്നയിക്കുന്നുണ്ട്. ഒരു കൂട്ടം ആരാധകരെ അണിനിരത്തി വെല്ലുവിളികൾ തീർത്തും ഭീഷണി മുഴക്കിയും കാര്യങ്ങൾ നീക്കി നടന് ഇനി കാര്യങ്ങൾ എളുപ്പമാകാൻ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. കാരണം കേസ് വിചാരണ നടപടിക്കായി എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ വേഗത്തിൽ വിചാരണ തുടങ്ങാൻ വേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. കേസിൽ വാദം കേൾക്കുന്നത് വനിതാ ജഡ്ജി ആയിരിക്കണമെന്ന ആവശ്യവും ഹൈക്കോടതി മുമ്പാകെ ഉന്നയിക്കും.

അതേസമയം പണമിറക്കി കളിക്കുന്ന ദിലീപ് രക്ഷപെടുമോ എന്ന ആശങ്കയ്ക്ക് ഇട നൽകുന്ന പ്രസ്താവനയുമായി ഒന്നാം പ്രതി പൾസർ സുനി ഇന്ന് രംഗത്തെത്തി. കാശുള്ളവർ രക്ഷപ്പെട്ടുപോകുമെന്നാണ് സുനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നും കേസിൽ താൻ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു.

അതേസമയം സോഷ്യൽ മീഡിയ വഴിയുള്ള വെല്ലുവിളികൾ തന്നെയാണ് കേസിൽ ദിലീപിന് ദൃശ്യങ്ങൾ നൽകാതിരിക്കാൻ കാരണമായതെന്നും വിലയിരുത്തലുണ്ട്. കേസിൽ കളിമാറും എന്ന വിധത്തിൽ ദിലീപ് ഓൺലൈൻ വഴി മറുപടി പറഞ്ഞിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങൾ വിട്ടുനൽകിയാൽ അത് പുറത്തുപോകാനും നടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം വ്യക്തമാക്കാൻ ദിലീപ് ഓൺലൈനിൽ വന്ന കാര്യങ്ങൾ അടക്കം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ വിട്ടുനൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

നേരത്തെ ഈ ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ അടക്കമുള്ള ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിക്കുകയും അനുകൂലമായി ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു. ഫോൺ രേഖകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, മറ്റു രേഖകൾ എന്നിവയുടെ പകർപ്പുകളും ദിലീപിന് നൽകിയിരുന്നു.

നേരത്ത് ദിലീപ് ഓൺലൈൻ എന്ന ഫാൻപേജ് വഴി തുടക്കം മുതൽ കേസിനെ പ്രതിരോധിക്കാൻ താരം ശ്രമം നടത്തിയിരുന്നു. സത്യം എത്ര മറച്ചു വച്ചാലും ഒരു നാൾ അത് പുകമറ നീക്കി പുറത്തു വരും.. അതിനു ദൈവം എന്തെങ്കിലും ഒരു അടയാളം ബാക്കി വെച്ചിട്ടുണ്ടാകും. ഒരുത്തനെ ഇല്ലാതാക്കാൻ ശത്രുക്കൾ കച്ചകെട്ടി തിരക്കഥ ഉണ്ടാക്കി ഇറങ്ങിയപ്പോൾ അതിന്റെ ക്ലൈമാക്സ് ദൈവം തീരുമാനിക്കുമെന്നും കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചപ്പോൾ ഫാൻസുകാർ കുറിച്ചിട്ടു.

ഓടുന്ന വാഹനത്തിൽ അല്ല പീഡനം നടന്നതെന്ന് ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നാണ് ദിലീപ് വാദിച്ചിരുന്നത്. ഈ ദൃശ്യങ്ങൾ ഗൂഢാലോചനയുടെ ഫലവുമാണെന്ന് ദിലീപ് പറയുന്നു. വിചാരണ കോടതി ഈ ആവശ്യം തള്ളിയ സാഹചര്യത്തിൽ ഇനി ഹൈക്കോടതിയിലേക്ക് നിയമപോരാട്ടം നീട്ടാനാണ് ദിലീപ് ഒരുങ്ങുന്നത്.

അതിനിടെ കേസിൽ ദിലീപിന് അനുകൂല വാർത്തകൾ പ്രത്യക്ഷപ്പെടുന്ന സിനിമാ ലോകത്തും ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. കോടതിയിൽ നടന് എതിരായ മൊഴി കൊടുക്കുന്നതിനെ കുറിച്ച് പല പ്രമുഖ താരങ്ങൾക്കും അഭിപ്രായ വ്യത്യാസമുണ്ട്. ദൃശ്യത്തെളിവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദിലീപ് സജീവമാക്കുന്നതും ഈ സാഹചര്യത്തിലാണ്. കേസിൽ രക്ഷപ്പെടാനുള്ള പഴുതെല്ലാം ഉണ്ടെന്ന് രാമൻപിള്ള വക്കീൽ ദിലീപിനെ ബോധിപ്പിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷൻ പറഞ്ഞതിനു വിപരീതമാണ്. ഒന്നാം പ്രതിയായ പൾസർ സുനിയും പൊലീസും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ട്. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാർഡാണ് കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നതെന്നും രാമൻപിള്ള വിലയിരുത്തുന്നു

ഈ മെമ്മറി കാർഡിലെ സ്ത്രീശബ്ദത്തെ കുറിച്ച് അന്വേഷണം ഒന്നും നടന്നിട്ടില്ല. മെമ്മറി കാർഡിൽ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചില സമയങ്ങളിൽ ഈ സ്ത്രീശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്. ചില നിർദ്ദേശങ്ങളാണ് സ്ത്രീ നൽകുന്നത്. കേസിൽ മാഡമുണ്ടെന്നതിന് തെളിവാണ് ഇതെന്നുമാണ് വാദിച്ചത്. എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളുകയാണ് കോടതി ചെയ്തത്.