കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ഇപ്പോൾ പിടിയിലായ പൾസർ സുനിയിലും കൂട്ടാളികളിലും ഒതുങ്ങുമെന്ന് സൂചന. സിനിമാക്കാർ അടക്കമുള്ള ഉന്നതരുടെ പേരുകൾ വലിച്ചിഴക്കപ്പെട്ട കേസിൽ ഇനിയുള്ള അന്വേഷണമെല്ലാം പേരിന് മാത്രമാകും. ഇപ്പോൾ പിടിയിലായവരെ മുൻനിർത്തി ഉന്നതരുടെ പേരുകൾ പുറത്തുവരാത്ത വിധത്തിൽ ഒതുക്കാനാണ് അണിയറയിലെ നീക്കങ്ങൾ. ക്വട്ടേഷനാണെന്ന വാദം ശക്തമാണെങ്കിലും ആരുടെ ക്വട്ടേഷനാണെന്ന കാര്യം ഇപ്പോഴും സുനി പറഞ്ഞിട്ടില്ല. പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ എന്ന വിധത്തിൽ മാത്രം കേസ് ഒതുങ്ങാനാണ് സാധ്യത.

നടിയെ തട്ടിക്കൊണ്ട് പോവാൻ തനിക്ക് ആരും ക്വട്ടേഷൻ തന്നിട്ടില്ലന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് പൾസർ സുനിയുടെ മൊഴി. അറസ്റ്റിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നടക്കുന്ന ചോദ്യം ചെയ്യലിനിടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷനോ ഗൂഢാലോചനയോ ഇല്ലെന്ന് പൾസർ സുനി പൊലീസിനോട് പറഞ്ഞത്. നടിയെ അക്രമിച്ചിതിന് പിന്നിൽ സിനിമാ മേഖലയിലെ ആരെങ്കിലുമുണ്ടോയെന്ന് കേസിന്റെ ആദ്യ ഘട്ടം മുതൽ സംശയമുണ്ടായിരുന്നു. ഒരു പ്രമുഖ നടന് കേസിൽ പങ്കുണ്ടെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ക്വട്ടേഷൻ നൽകിയത് സിനിമാ മേഖലയിലെ ഒരു സ്ത്രീയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം ശരിയാണോ തുടങ്ങിയകാര്യങ്ങളും സുനിയോട് ചോദിച്ചറിയേണ്ടതുണ്ട്.

അക്രമം ക്വട്ടേഷനല്ല എന്ന തരത്തിൽ പൾസർ സുനി ആദ്യ ഘട്ടത്തിൽ മൊഴി നൽകിയെങ്കിലും ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പൾസർ സുനി ഇപ്പോൾ പറഞ്ഞിരിക്കുന്ന സംഭവം അതുപോലെ തന്നെയാണോയെന്ന് വീജിഷിന്റെ ചോദ്യം ചെയ്യൽ കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉറപ്പിക്കാൻ കഴിയൂ. കൂടാതെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പൾസർ സുനി ആരുമായെല്ലാം ബന്ധപ്പെട്ടുവെന്നത് ഫോൺ വിളികളുടെ വിശദമായ ലിസ്റ്റെടുത്തും ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം രണ്ടു കാര്യങ്ങളിൽ ഊന്നിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. അതിക്രമിച്ചു നടിയുടെ കാറിൽ കയറിയ ശേഷം സുനിൽകുമാർ പറഞ്ഞ വാചകം ഇതാണ്. ''ഒരു ക്വട്ടേഷനാണ്, കുറച്ചു ദൃശ്യങ്ങൾ പകർത്തണം സഹകരിച്ചാൽ രണ്ടു മൂന്നു മിനിറ്റു കൊണ്ട് വിട്ടയയ്ക്കാം.''എന്തായിരുന്നു ക്വട്ടേഷൻ?, ആരാണ് ക്വട്ടേഷൻ നൽകിയത്? എന്നീ ചോദ്യങ്ങൾക്കു മുന്നിൽ ആദ്യം ഉത്തരം മുട്ടിയെങ്കിലും അതു നടിയെ ഭയപ്പെടുത്താൻ പറഞ്ഞതാണെന്നായിരുന്നു മൊഴി.

സഹകരിച്ചാൽ എല്ലാം വേഗം തീർക്കാമെന്നും അല്ലെങ്കിൽ തമ്മനത്തെ ഫ്‌ലാറ്റിലേക്കു കൊണ്ടുപോകുമെന്നും അവിടെയുള്ളവർ എന്തു ചെയ്യുമെന്ന് തനിക്കു പോലും പറയാൻ കഴിയില്ലെന്നും സുനിൽ ഭീഷണിപ്പെടുത്തി എന്നാണ് നടിയുടെ മൊഴി. ''ലഹരി മരുന്നു കുത്തിവച്ചു കാര്യം സാധിക്കാനാണ് എന്നോടു പറഞ്ഞിട്ടുള്ളത്. ഞാനതു ചെയ്യുന്നില്ല, സഹകരിക്കണം'' എന്നും സുനിൽ പറഞ്ഞു. എന്നാൽ, ഇങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുനിൽകുമാറിന്റെ മൊഴി. ഇന്നലെ ഒപ്പം പിടിക്കപ്പെട്ട വിജീഷ് അടക്കം അറസ്റ്റിലായ മറ്റു പ്രതികളെയും സുനിലിനെയും പ്രത്യേകം മുറികളിലാണു ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മറ്റു പ്രതികൾ സമാനമായി പറഞ്ഞ പല കാര്യങ്ങൾക്കും വിരുദ്ധമായ മൊഴികളാണു സുനിൽ പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് രണ്ടു പ്രതികളെയും മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യണം. അതിനു മുൻപു കുറ്റകൃത്യം സംബന്ധിച്ച പരമാവധി വിവരങ്ങൾ പുറത്തു കൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നലെ രാത്രിപ്രതിയെ കൊണ്ട് തെളിവെടുപ്പിനും കൊണ്ടുപോയി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും. ഇന്നു കോടതി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കാനാണു സാധ്യത. പ്രതികളെ മജിസ്‌ട്രേട്ടിന്റെ വസതിയിലാകും ഹാജരാക്കുക.

എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ക്വട്ടേഷനോ ഗൂഡാലോചയോ ഇല്ലെങ്കിൽ നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണ് അക്രമം എന്ന തരത്തിലേക്കാവും പൊലീസ് എത്തുക. കേസിന്റെ ആദ്യ ഘട്ടത്തിലും പൊലീസിന് ഇങ്ങനെയൊരു സംശയമുണ്ടായിരുന്നു.