കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഗൂഡോലോചന ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും വിഷയത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങി പൊലീസ്. തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ സമർപ്പിച്ച അപേക്ഷയിൽ വാദം കേൾക്കുമ്പോഴാണ് കുറ്റകൃത്യത്തിനു പിന്നിൽ ഗൂഢാലോചന നടന്നതായി പൊലീസ് അറിയിച്ചത്. തുടർന്ന് പ്രതികളായ പൾസർ സുനി, വിജീഷ് എന്നിവരെ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മാർച്ച് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ നിർണായകമായ മൊബൈലും മെമ്മറി കാർഡും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതികൾ ഒളിവിൽ കഴിഞ്ഞുവെന്ന് സംശയിക്കുന്ന കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്തണം. അതിനാൽ പ്രതികളെ പത്തു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു പൊലീസിന്റെ വാദം. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അതിനിടെ, പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ്. പ്രതികളായ പൾസർ സുനി, വിജീഷ്, മണികണ്ഠൻ തുടങ്ങിയ പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് നടക്കുക.

അതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വക്കാലത്തുമായി രണ്ട് അഭിഭാഷകർ കോടതിയിലെത്തിയത് ചെറിയ തർക്കത്തിനു കാരണമായി. പ്രതികൾ ഒളിവിലായിരുന്ന സമയത്ത് വക്കാലത്തുമായി വന്നു നേരിട്ടു കണ്ടുവെന്ന് അവകാശപ്പെട്ട ഇ.സി. പൗലോസ് എന്ന അഭിഭാഷകനും ക്രിമിനൽ അഭിഭാഷകനായ ബി.എ. ആളൂരിന്റെ ജൂനിയർ അഭിഭാഷകനുമാണ് സുനിക്കുവേണ്ടി ഹാജരാകാനെത്തിയത്. ഇത് ചെറിയ തർക്കത്തിന് വഴിവച്ചു. ഒടുവിൽ ഇ.സി. പൗലോസ് തന്നെ സുനിക്കുവേണ്ടി കോടതിയിൽ ഹാജരായി.

അതിനിടെ ഇന്ന് നടിയോട് വൈരാഗ്യമില്ലെന്ന് പ്രതി പറഞ്ഞിരുന്നു. കോടതിയിൽ നിന്ന് മടങ്ങവേ മാദ്ധ്യമങ്ങളോട് സംസാരിച്ച സുനി കേസിന്റെ ആവശ്യമില്ലാത്ത വാർത്തകൾ ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുകയാണെന്നു പറഞ്ഞു. സിനിമാ താരങ്ങളെയാണോ ബുദ്ധിമുട്ടിക്കുന്നതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സുനിയുടെ പ്രതികരണം. ക്വട്ടേഷൻ ആണോ എന്ന കാര്യം പിന്നീട് പറയാമെന്നും സുനി മാദ്ധ്യമങ്ങളോടായി പറഞ്ഞു.

കസ്റ്റഡിയിൽ കിട്ടിയതോടെ ഇനിയുള്ള ദിവസങ്ങളിൽ സുനിയെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിലെ ദുരൂഹതകൾ നീക്കാനാവും പൊലീസിന്റെ ശ്രമം. നടിയെ അക്രമിച്ച ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത മൊബൈൽ കണ്ടെത്തുക, മുൻപ് വേറെയാരെങ്കിലും പൾസറിന്റെ ബ്ലാക്ക് മെയിലിന് ഇരയായോ എന്ന് കണ്ടെത്തുക, പൾസർ സുനി മറ്റാർക്കെങ്കിലും വേണ്ടിയാണോ നടിയെ ആക്രമിച്ചത് കണ്ടെത്തുക.... ഇതെല്ലാം പൊലീസ് ഉത്തരം തേടുന്ന ചോദ്യങ്ങളാണ്.

പിടിനൽകാതെ കോടതിയിൽ കീഴടങ്ങാൻ പൾസർ സുനി ശ്രമിച്ചത് തന്നെ പൊലീസ് കസ്റ്റഡിയിലാവുന്നത് ഒഴിവാക്കാനാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ പോവുന്ന പക്ഷം നേരെ ജയിലിലേക്കാണ് പ്രതിയെ അയക്കുക. ഇവിടെ വച്ച് അഭിഭാഷകർക്ക് പ്രതിയെ കാണുവാനും പൊലീസിന്റെ ചോദ്യം ചെയ്യലിനെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്യും. ഇത് മുൻകൂട്ടി കണ്ടാണ് അപകടമാണെന്നറിഞ്ഞിട്ടും പൊലീസ് കോടതിക്കുള്ളിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് അന്വേഷണം ചില ചോദ്യങ്ങളിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തന്റേതു മാത്രമാണെന്നു പിടിയിലായ പൾസർ സുനി പറയുമ്പോഴും പൊലീസ് ഇത് അത്രയ്ക്കങ്ങ് വിശ്വസിക്കുന്നില്ല. രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണ് പ്രധാനമായും പൊലീസ് നടത്തുന്നത്. നോട്ട് നിരോധനത്തിനുശേഷം സിനിമയിലെ പ്രതിഫലം അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ ബാങ്കു വഴിയാക്കിയിരുന്നു. താരങ്ങൾക്ക് അടക്കം പ്രതിഫലം നല്കുന്നത് അക്കൗണ്ടിലൂടെയാണ്. ഈ സാഹചര്യത്തിൽ നടിയെ ബ്ലാക്മെയ്ൽ ചെയ്താൽ 50 ലക്ഷം രൂപ എങ്ങനെ കൈപ്പറ്റാമെന്നാണ് സുനിൽ കരുതിയത്? ബാങ്ക് വഴിയല്ലാതെ ഇത്രയും തുക നല്കാൻ നടിയുടെ പക്കൽ പണമുണ്ടോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോളാണ് പൾസറിന്റെ മൊഴിയിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്.

വലിയ റിസ്‌കുള്ള കാര്യമായതിനാൽ നടിയുടെ കൈയിൽ ഇത്ര അധികം പണമെത്തുമെന്ന കാര്യം സുനിയെ അറിയിച്ചതാരാണ്. നടിയുടെ നീക്കങ്ങളെല്ലാം സുനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുമായി അടുത്ത ബന്ധമുള്ള ആളുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അടുത്തകാലത്ത് നടി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അവരിൽ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. മറ്റു വഴിക്കും പൊലീസ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

അതേസമയം, പൾസർ സുനിയുമായി അടുപ്പമുള്ള കടവന്ത്രയിലെ കാമുകിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ബ്യൂട്ടിപാർലറും വസ്ത്രശാലയും നടത്തുന്ന യുവതിയെയാണ് പൊലീസ് ചോദ്യം ചെയ്തത്. സുനിയുമായി ഈ യുവതിക്ക് വർഷങ്ങളായി ഗാഢബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. പാലായിലെ തട്ടിപ്പ് കേസിൽ സുനി ജയിലിയായപ്പോൾ ഇവർ അവിടെയെത്തി സന്ദർശിച്ചതായും വിവരം കിട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ യുവതിക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. നേരത്തെ ഒരു സ്ത്രീയാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് നടിയോട് സുനി പറഞ്ഞതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ സ്വദേശിനിയായ ഇവർക്ക് സുനിയെ കൂടാതെ മറ്റു ചിലരുമായി ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ ഇന്ന് മാദ്ധ്യമങ്ങളെ കാണാൻ നടി തയ്യാറെടുത്തിരുന്നു. എന്നാൽ പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് നടി ഇന്ന് മാദ്ധ്യമങ്ങളെ കാണില്ല. കേസിൽ റിമാന്റിലുള്ള പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കുന്നതിനാൽ ആണ് മാദ്ധ്യമങ്ങളെ ഇന്ന് കാണരുതെന്ന് പൊലീസ് അഭ്യാർത്ഥിച്ചത്.എല്ലാ പ്രതികളുടെയും തിരിച്ചറിയൽ പരേഡിന് ശേഷം മാദ്ധ്യമങ്ങളെ കാണാമെന്നും പൊലീസ് അറിയിച്ചു .അതിനാൽ മാദ്ധ്യമങ്ങളെ മറ്റൊരു ദിവസം കാണും.