കോയമ്പത്തൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കും കൂട്ടാളി വിജേഷിനും ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെ തേടി കേരളാ പൊലീസ്. പ്രതിയുടെ ഒളിത്താവളം തേടി പൊലീസ് എത്തുമെന്നറിഞ്ഞതോടെ പ്രതി മുങ്ങി. കണ്ണൂർ സ്വദേശി ചാർലിയാണ് തെളിവെടുപ്പിനായി പൊലീസ് എത്തുന്നതറിഞ്ഞത് ഒളിവിൽ പോയത്. കോയമ്പത്തൂർ പീളമേടിലെ ശ്രീറാം നഗറിൽ ചാർലിയുടെ വാടകവീട്ടിലാണ് സുനിയും വിജേഷും ഒളിവിൽ കഴിഞ്ഞിരുന്നത്.

അതേസമയം, പൾസർ സുനിയെയും കൂട്ടാളി വിജേഷിനെയും കൊണ്ടുള്ള തെളിവെടുപ്പ് പൂർത്തിയായി. ഇവർ ഒളിച്ചുതാമസിച്ചിരുന്ന വീട്ടിൽനിന്ന് ഒരു മൊബൈൽ ഫോണും ടാബ്ലറ്റും കണ്ടെടുത്തു. ഈ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയതെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. പൾസർ സുനിയും വിജേഷും കോടതിയിലെത്താൻ ഉപയോഗിച്ച ബൈക്കിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. ചാർലിയോടൊപ്പം താമസിക്കുന്ന ഡിണ്ടിഗൽ സ്വദേശി സെൽവനാണ് ബൈക്കിന്റെ ഉടമസ്ഥൻ. ഇവിടെയുള്ള ഒളിസങ്കേതത്തിൽനിന്ന് ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും. തന്റെ ബൈക്ക് മോഷണം പോയിരുന്നതായി സെൽവൻ പൊലീസിനോടു പറഞ്ഞു.

പുലർച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയെ ആക്രമിച്ചതിനു ശേഷം ഒളിവിൽ കഴിഞ്ഞപ്പോൾ വഴിവക്കിലോ കടത്തിണ്ണയിലോ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നൽകിയിരുന്നു. കയ്യിൽ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിഞ്ഞതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി.

തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള (ടിഎൻ 04 ആർ 1496) കറുത്ത പൾസർ ബൈക്കിലാണ് സുനിൽകുമാറും വിജേഷും എറണാകുളം അഡീഷനൽ സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയത്. കേബിളുകൾ മുറിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്. പൾസർ ബൈക്കുകളോടുള്ള താൽപര്യം മൂലമാണ് സുനിലിന് പൾസർ സുനിയെന്ന പേരു ലഭിച്ചത്. അതിനാൽ അയാൾ കീഴടങ്ങാനെത്തിയത് പൾസർ ബൈക്കിലാണെന്നത് കൗതുകമുണർത്തിയിരുന്നു.

അതേസമയം കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും പൊലീസ് ഒരുങ്ങുന്നുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് ഒരു പത്രത്തിൽ വാർത്ത വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കാളപെറ്റുവെന്ന് കേട്ട് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കി പിണറായി നടത്തിയ പ്രതികരണം വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ, കേസിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് നിലപാട് തിരുത്തിയിരിക്കുന്നത്.