കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചിട്ടില്ലെന്ന് കേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. കമ്പ്യൂട്ടറിലാണ് ദൃശ്യങ്ങൾ കണ്ടത്. ഹാഷ് വാല്യുവിൽ മാറ്റം വന്നത് എങ്ങനെയെന്ന് അറിയില്ല. വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും അഭിഭാഷകൻ വി.വി പ്രതിഷ് കുറുപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആക്രമണദൃശ്യം പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്നു പ്രാവശ്യം മാറ്റം വന്നതായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വെച്ചും ജില്ല കോടതിയുടെയും വിചാരണക്കോടതിയുടെയും കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പൾസർ സുനിയുടെ അഭിഭാഷകൻ വിശദീകരണവുമായി രംഗത്തു വന്നത്.

കോടതിയുടെ മുന്നിൽ പെൻഡ്രൈവ് ലാപ്പ്ടോപ്പിൽ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ കണ്ടതെന്നാണ് പ്രതീഷ് കുറുപ്പ് പറയുന്നത്. മെമ്മറി കാർഡ് ഇട്ടുവെന്ന് റിപ്പോർട്ട് വന്ന വിവോ ഫോൺ തന്റേതല്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് വ്യക്തമാക്കി. വെറുതെ ചെന്ന് ആർക്കും ഉപയോഗിക്കാൻ പറ്റിയ രീതിയിലല്ല മെമ്മറി കാർഡ് വെച്ചിരിക്കുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ മാത്രമാണ് കാണാൻ സാധിക്കുക. ക്രോസ് എക്സാമിനേഷന്റെ ഭാഗമായി, അതുവരെ കാണാത്തതുകൊണ്ട് മാത്രമാണ് ദൃശ്യങ്ങൾ കാണണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.

കോടതി ഹോളിൽ വെച്ച് പെൻഡ്രൈവ് ലാപ്പ്ടോപ്പിൽ കുത്തിയായിരുന്നു ദൃശ്യങ്ങൾ കണ്ടത്. ജഡ്ജിയും, ഒരു പൊലീസ് ഉദ്യോഗസ്ഥയും സാന്നിധ്യത്തിലായിരുന്നു ഇത്. ആരായിരുന്നു പൊലീസ് ഉദ്യോഗസ്ഥ എന്നത് ഓർക്കുന്നില്ല. അന്ന് മറ്റാരെങ്കിലും ദൃശ്യങ്ങൾ കണ്ടിട്ടുണ്ടോ എന്നും അറിയില്ല. എട്ട് ഫയലുണ്ടായിരുന്നുവെന്നാണ് ഓർമ്മ, അഞ്ച് മിനിറ്റുകൊണ്ട് കണ്ടുതീർക്കുകയാണ് ചെയ്തത്, ഏത് സമത്തായിരുന്നു എന്ന് കൃത്യമായി ഓർക്കുന്നില്ല. പിന്നീട് ദൃശ്യങ്ങൾ കണ്ടിട്ടില്ല. കോടതിയുടെ സാന്നിധ്യത്തിൽ മാത്രമാണ് ആർക്കും ദൃശ്യങ്ങൾ കാണാൻ സാധിക്കുകയെന്നും, വിവോ ഫോണിൽ ആരെങ്കിലും ദൃശ്യങ്ങൾ കണ്ടതായി അറിയില്ലെന്നും, താൻ ജീവിതത്തിൽ വിവോ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് പ്രതികരിച്ചു.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.

മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തിയിട്ടുണ്ട്. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാണ്.

കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ആരാണ് ഈ വിവോഫോൺ അടക്കം ഉപയോഗിച്ചതെന്ന് കണ്ടെത്തേണ്ടത് അനിവാര്യമായി വരും. നേരത്തെ ചോർന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിയാണോ എന്നു പോലും സംശയം ഉണ്ടാക്കുന്ന വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമ ആപ്പുകൾക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണിൽ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പരിശോധിച്ചിട്ടുള്ളത്. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്.

ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളിലൊന്നാണ് ഹാഷ് വാല്യു. നിശ്ചിതസമയത്ത് കാർഡിലുള്ള ഡേറ്റയുടെയും ഫയലുകളുടെയും ആകെത്തുകയാണത്. മെമ്മറി കാർഡ് പിടിച്ചെടുക്കുമ്പോൾ സൈബർ വിദഗ്ദ്ധർ ഇത് രേഖപ്പെടുത്തും. പിന്നീട് അത് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ഹാഷ് വാല്യുവിന് മാറ്റം സംഭവിക്കും. പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാർഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങൾക്കുശേഷം ഈ വാല്യു ഫോറൻസിക് പരിശോധനയിൽ മാറിയതായി കണ്ടാൽ ആരോ അതിനിടെ കാർഡ് അനധികൃതമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുവെന്നതിന്റെ സൂചനയായി കണക്കാക്കും.