കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പിൽ കയറ്റുന്നതിനിടയ്ക്ക് പൾസർ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന് വിളിച്ചുപറഞ്ഞതോടെ സംഭവത്തിനു പിന്നിൽ മറ്റു ചില പ്രബലരുണ്ടെന്ന് വ്യക്തമാകുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുനിയെ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ പൊലീസ് പിടികൂടുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ സുനിക്ക് ആരോ നടിയെ ആക്രമിക്കാനും ദൃശ്യങ്ങൾ പകർത്താനും ക്വട്ടേഷൻ നൽകിയിരുന്നു എന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് സുനി താൻ പിടിയിലായ ഉടൻ പ്രതികരിച്ചിട്ടുള്ളത്.

പൊലീസ് ജീപ്പിലേക്ക് പൾസർ സുനിയെ വലിച്ചിഴച്ചു കയറ്റുമ്പോൾ സുനി 'എന്നെക്കൊണ്ടിത് ചെയ്യിച്ചതാ' എന്ന് വിളിച്ചുപറഞ്ഞുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എന്നാൽ സുനി ഇത്രയും പറയുമ്പോഴേക്കും കൂടുതലൊന്നും പറയാൻ അവസരം നൽകാതെ വാഹനത്തിന്റെ വാതിലടച്ച് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു പൊലീസ്.

ഇപ്പോൾ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുനിയേയും കൂടെ പിടിയിലായ വിജേഷിനേയും ചേ്ാദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിലും പ്രതി ഇക്കാര്യം ആവർത്തിച്ചതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചോദ്യംചെയ്യലിൽ സുനിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ വരുംദിവസങ്ങളിൽ ഈ ഗൂഢാലോചനയിലേക്കാവും പൊലീസ് അന്വേഷണം നീളുകയെന്നും ഉറപ്പായിക്കഴിഞ്ഞു.

ഇതോടെ കൃത്യം നടത്തിയതിന് പിന്നിൽ ചിലരുണ്ടെന്നും ആരോ ക്വട്ടേഷൻ നൽകിയതിനെ തുടർന്നാണ് സുനി ഈ കൃത്യം ചെയ്തതെന്നും വ്യക്തമാകുകയാണ്. നടിയെ ആക്രമിച്ചതിന് പിന്നിൽ ഒരു പ്രമുഖ നടനാണെന്നും അല്ല, മറ്റൊരു നടിയാണെന്നുമുള്ള തരത്തിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിലും ഇത് സുനിയുടെ പ്രതികാരം മാത്രമാണെന്ന നിലപാടുകളും ഉന്നയിക്കപ്പെട്ടു. പക്ഷേ, സുനിയുടെ ആദ്യ പ്രതികരണം തന്നെ തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന തുറന്നുപറച്ചിലായതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും ഉറപ്പായിരിക്കുകയാണ്.

മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാൻ ശ്രമിച്ചത്.

ബലപ്രയോഗത്തിനിടയിൽ കൂട്ടുപ്രതിയായ വിജേഷ് പൊലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാൻ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ പൊലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പൊലീസ് കടക്കുന്നതിനെ അഭിഭാഷകർ എതിർത്തു. അങ്ങനെ അത്യന്തം നാടകീയമായിരുന്നു കാര്യങ്ങൾ.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പൾസർ സുനി രക്ഷപെടുംമുമ്പ് കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴച്ച നടത്തി. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിർത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയമുണ്ട്. ഇതിനു പുറമെ ഇന്ന് പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിതന്നെ തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന് വെളിപ്പെടുത്തിയതോടെ ഈ ആസൂത്രണത്തിലേക്ക് പൊലീസിന്റെ അന്വേഷണം വരുംദിവസങ്ങളിൽ നീളുമെന്നും വ്യക്തമാണ്.

അതേസമയം നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്കുതന്നെ സുനി എത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസുമെന്നാണ് അറിയുന്നത്. ഇത് പിടിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്കും പൊലീസ് കടക്കുമെന്ന് അറിയുന്നു. ഈ ദൃശ്യങ്ങൾ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാർക്ക് ആശങ്കയാണ് നൽകുന്നത്. ദൃശ്യങ്ങൾ പകർത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏൽപ്പിച്ചതെന്നും പൊലീസ് സൂചന നൽകിയിട്ടുണ്ട്.

ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങൾ എത്തിയുണ്ടെങ്കിൽ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പൾസർ സുനിയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം അഭിഭാഷകൻ മൊബൈൽ ഫോണും കോടതിയിൽ നൽകിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങൾ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതിൽചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്. വലിയ ഗൂഢാലോചനയുടെ സാധ്യതയും ഇത് വ്യക്തമാക്കുന്നു. ഇതൊടെ വരും ദിവസങ്ങളിൽ ഗൂഢാലോചനക്കാരെ കണ്ടെത്തുകയെന്ന ദൗത്യത്തിലേക്ക് പൊലീസ് തിരിയുമെന്നാണ് സൂചനകൾ.