കൊച്ചി: പത്തു രൂപ പോലും അവന്റെ കൈയിലില്ല. കേസിന്റെ കാര്യത്തിനായി ഒരു രൂപ പോലും ഞങ്ങൾ ഇതുവരെ മുടക്കിയിട്ടില്ല. ഈ കാര്യത്തിൽ സഹായിക്കാനാളുണ്ടെന്നാണ് അവൻ പറയുന്നത്. വെറുതെ ആരും സഹായിക്കില്ല. പിന്നിൽ ആരെങ്കിലും ഉണ്ടെന്നുള്ളത് ഉറപ്പാണ്. അവന് ആരുടെയെങ്കിലും ക്വട്ടേഷൻ കിട്ടി. അല്ലാതെ നടിയോട് ഇത്തരത്തിൽ പെരുമാറാൻ മാത്രമുള്ള വൈരാഗ്യം അവനില്ല. അക്കാര്യം ഞങ്ങൾക്ക് നല്ലവണ്ണം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളറിയുന്ന സുനി ഇത്തരത്തിൽപ്പെട്ട ക്രൂരകൃത്യം ചെയ്യുന്ന ആളേയല്ല.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അനുദിനം പുറത്തുവരുന്ന മാധ്യമ വെളിപ്പെടുത്തലുകളെ പരാമർശിച്ച് മുഖ്യപ്രതി പൾസർ സുനിയുടെ അടുത്ത ബന്ധുക്കളുടെ പ്രതികരണമിങ്ങനെ. ആക്രമണത്തിൽ ദിലീപിന് പങ്കില്ലന്നും കത്തെഴുതിയതും ഫോൺവിളിച്ചതും ശരിയാണെന്നും എന്നാൽ ജയിലിനുള്ളിൽ ഫോൺ കൊണ്ടുവന്നില്ലന്നും ജയിലിലെ കൂടിക്കാഴ്ചയിൽ സുനിൽകുമാർ അറിയിച്ചതായും ഇവർ വ്യക്തമാക്കി.

ആദ്യമൊക്കെ ചോദിക്കുമ്പോൾ ഇതൊക്കെ ചെയ്തത് അവൻ തന്നെയാണെന്നാണ് പറയാറ്. ഇപ്പോൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം ഉടൻ ശരിയാവുമെന്നാണ് അവൻ പറയുന്നത്. ഗോവയിലായിരുന്നപ്പോൾ അവനു വലിയ സന്തോഷമായിരുന്നു. അവിടെ നിന്നും വിളിക്കുമ്പോൾ ലൊക്കേഷനിലുള്ളവരുമായുള്ള സൗഹൃദത്തെക്കുറിച്ച് അവൻ പലതും പറഞ്ഞിട്ടുണ്ട്. അവർക്കെല്ലാം അവൻ നല്ല സുഹൃത്തായിരുന്നെന്ന് ഇതിൽ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബന്ധുവായ യുവതി വെളിപ്പെടുത്തി.

സ്വമനസ്സാലെ അവൻ നടിയോട് ഇത്തരത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടാവും. വലിയ സമ്മർദ്ദമുള്ളതിനാലായിരിക്കാം കൃത്യം ഏൽപ്പിച്ചവരെക്കുറിച്ച് അവൻ വെളിപ്പെടുത്താത്തത്. രണ്ടാമത് അന്വേഷണം തുടങ്ങിയത് മുതൽ പൊലീസ് എല്ലാത്തരത്തിലും ഉപദ്രവിക്കുന്നുണ്ടെന്നും അവൻ പറഞ്ഞതായി യുവതി വ്യക്തമാക്കി. അവൻ തെറ്റ് ചെയ്തു.അത് അവൻ സമ്മതിക്കുകയും ചെയ്തു.പിന്നെയും അവനെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല? അവർ തുടർന്നു പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസിൽ പൊലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായിട്ടാണ് സൂചന. റിയൽ എസ്‌റ്റേറ്റ് ബന്ധങ്ങളാണ് ആക്രമണത്തിന് കാരണമായതെന്ന പ്രചാരണം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ റിയൽ എസറ്റേറ്റ് ബന്ധങ്ങളെക്കുറിച്ച് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു.

കേസിൽ ദിലീപിനെ ബന്ധിപ്പിക്കുന്ന സുപ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. ജയിലിൽ നിന്നും സുനി ഫോൺ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇത് എന്തിനുവേണ്ടിയായിരുന്നെന്ന് തെളിയിക്കുകയാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.

കാവ്യമാധവന്റെ 'ലക്ഷ്യ' യിൽ താൻ എത്തിയെന്നും രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്നും സുനി സമ്മതിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു.എന്നാൽ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം എത്രമാത്രം പുരോഗമിച്ചെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇവിടെ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പണമിടപാട് സംമ്പന്ധിച്ച രേഖകളും പരിശോധിക്കുമെന്നും മറ്റും ഈ ഘട്ടത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.